
പാലോട്: പാലോട് ഫയർ സ്റ്റേഷന്റെ തുടർപ്രവർത്തനങ്ങൾക്കായി 2025 ഫെബ്രുവരി 8ന് സംസ്ഥാന ബഡ്ജറ്റിൽ ഒരു കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ടെൻഡർ നടപടിക്രമങ്ങൾ ആരംഭിച്ചുവെങ്കിലും നാളിതുവരെയും ഒരനക്കമുണ്ടായിട്ടില്ല. മുൻ എം.എൽ.എ ഡി.കെ.മുരളിയുടെ സാന്നിദ്ധ്യത്തിൽ പാലോട് സർക്കാർ ആശുപത്രിക്കു സമീപം അര ഏക്കർ സ്ഥലം ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി വിട്ടു നൽകിയെങ്കിലും പതിമൂന്ന് വർഷമായിട്ടും താത്കാലിക ഷെഡുകളുടെ നിർമ്മാണം മാത്രമാണ് നടന്നത്.
2015ൽ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പട്ടികവർഗ വികസന ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇഴഞ്ഞു നീങ്ങിയിരുന്നത്.സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെങ്കിലെ ഫയർസ്റ്റേഷൻ തുടങ്ങാനാകൂ എന്നായിരുന്നു വകുപ്പിന്റെ നിലപാട്. നെടുമങ്ങാട് അഗ്നിരക്ഷാ നിലയത്തിന്റെ ടേൺഔട്ട് ഏരിയയിൽ ഉൾപ്പെടുന്നതാണ് പാലോട്.
മന്ദിര നിർമ്മാണം പൂർത്തിയാക്കി
വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പാലോട് വില്ലേജിലെ സർവ്വേ നമ്പർ 1460 ൽ 34.5സെന്റ് സ്ഥലമാണ് ഫയർഫോഴ്സ് സ്റ്റേഷൻ നിർമ്മാണത്തിനായി നൽകിയത്. എം.എൽ.എയുടെ 2020-21 മണ്ഡലം പ്രത്യേക വികസനനിധിയിൽ നിന്നും പത്ത് ലക്ഷം രൂപ വകയിരുത്തിയാണ് മന്ദിര നിർമ്മാണം പൂർത്തിയാക്കിയത്.
പ്രദേശം കാടുകയറി
രണ്ട് മൊബൈൽ ടാങ്ക് യൂണിറ്റുകൾ,പാർക്കിംഗ് സ്ഥലം,ഗ്യാരേജ്,ഓഫീസ്,വിശ്രമമുറി, രണ്ട് ടോയ്ലെറ്റുകൾ,കുടിവെള്ള സംവിധാനം എന്നിവ പൂർത്തിയായി.ഇതെല്ലാം കാടുകയറിയ നിലയിലാണ്.എന്നാൽ ജീവനക്കാർക്കുള്ള സൗകര്യത്തിലും വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള സൗകര്യങ്ങളും അപര്യാപ്തമാണെന്നാണ് ഡിപ്പാർട്ട്മെന്റിന്റെ മറുപടി.
സൗകര്യമൊരുക്കാൻ വീണ്ടും പഞ്ചായത്തിന് കത്ത്
ഫയർസ്റ്റേഷൻ നിർമ്മാണം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റിനായി അനുയോജ്യമായ സ്ഥലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റ് നന്ദിയോട് പഞ്ചായത്തിന് കത്ത് നൽകി.ഇതിന്റെ അടിസ്ഥാനത്തിൽ സൗകര്യപ്രദമായ സ്ഥലം കണ്ടെത്താൻ കമ്മിറ്റി തീരുമാനിച്ചു.തുടർന്ന് നന്ദിയോട് ആലംപാറ റൂട്ടിൽ സ്വകാര്യ സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടം കണ്ടെത്തിയിട്ടുണ്ട്.ഇത് സംബന്ധിച്ചുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഈ കെട്ടിടം ലഭ്യമായാൽ ഉടനെ ഫയർസ്റ്റേഷൻ പ്രവർത്തനമാരംഭിക്കും. ഇനി വേണ്ടത് അധികാരികളുടെ ഭാഗത്തു നിന്നുള്ള അടിയന്തര നടപടികളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |