
വിതുര: വിതുര പഞ്ചായത്തിലെ മണലി വാർഡിന്റെ പരിധിയിൽപ്പെടുന്ന കല്ലൻകുടി ആദിവാസി ഉന്നതിയിൽ കാട്ടുപോത്തുകളുടെ ശല്യം വർദ്ധിച്ചതായി പരാതി. തീറ്റതേടി കൂട്ടമായെത്തുന്ന കാട്ടുപോത്തുകൾ പ്രദേശത്തെ കൃഷികൾ മുഴുവൻ നശിപ്പിക്കുകയാണ്. കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കാട്ടുപോത്തുകൾ വിതച്ചത്. കാട്ടിനുള്ളിലേക്ക് തുരത്തിവിട്ടാലും വീണ്ടുമെത്തും. അനവധി പേർ കാട്ടുപോത്തുകളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. പകലും കാട്ടുപോത്തുകളെത്തുന്നുണ്ട്. വനപാലകർക്ക് പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്. കല്ലൻകുടിക്ക് പുറമേ പേപ്പാറ പൊടിയക്കാല, കുട്ടപ്പാറ, പട്ടൻകുളിച്ചപാറ, മാങ്കാല മേഖലകളിലും കാട്ടുപോത്തുകളുടെ ശല്യം നേരിടുന്നുണ്ട്.
കാട്ടാനയും
മണലി,കല്ലൻകുടി മേഖലയിൽ കാട്ടാനകളുടെ ശല്യവും രൂക്ഷമാണ്. മേഖലയിലെ കൃഷികൾ മുഴുവൻ കാട്ടാനകൾ നശിപ്പിച്ചു. രണ്ട് പേരെ ആക്രമിച്ചു. ഒരുവീട് തകർത്തു. കാട്ടാനകളെ തുരത്തിവിട്ടാലും മണിക്കൂറുകൾക്കകം വീണ്ടുമെത്തും. മേഖലയിൽ ആനക്കിടങ്ങും വൈദ്യുതിവേലിയും നിർമ്മിക്കുമെന്ന വാഗ്ദാനം നടപ്പായിട്ടില്ല. ആദിവാസികൾക്ക് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ ഫോറസ്റ്റ് ഓഫീസ് പടിക്കൽ സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് ആദിവാസികൾ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |