SignIn
Kerala Kaumudi Online
Monday, 25 May 2026 12.48 PM IST

മുറിവേറ്റ ആനയ്ക്ക് വിദഗ്ദ്ധ ചികിത്സ നൽകും: വേണമെങ്കിൽ മയക്കുവെടി !

elephant
ഏഴാറ്റുമുഖം വാടാമുറിയിലെ തോട്ടിൽ നിൽക്കുന്ന മുറിവേറ്റ കാട്ടാന

ചാലക്കുടി: കാലടി പ്ലാന്റേഷന്റെ ഏഴാറ്റുമുഖം വനമേഖലയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ നടക്കുന്ന കാട്ടാനയ്ക്ക് ചികിത്സ നൽകാൻ വനപാലകരുടെ ഉന്നത സംഘം. ആവശ്യമെങ്കിൽ മയക്കുവെടി വയ്ക്കാനും ധാരണയായി. ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാന ചീഫ് വെറ്ററിനറി ഓഫീസർ ഡോ.അരുൺ സക്കറിയ ഇന്ന് സ്ഥലത്തെത്തും. നേരത്തെ കോടനാട് ആന സംരക്ഷണ കേന്ദ്രത്തിലെ വെറ്ററിനറി ഓഫീസർ ഡോ.ബിനോയ് സി.ബാബു ആനയെ നിരീക്ഷിക്കുകയും അവശ നിലയിലല്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇദ്ദേഹവും തൃശൂരിലെ വെറ്ററിനറി ഓഫീസർ ഡോ.ഡേവിഡും ഇപ്പോൾ ഏഴാറ്റുമുഖത്തുണ്ട്.

വാഴച്ചാൽ ഡി.എഫ്.ഒ ആർ.ലക്ഷ്മിയുടെ നേതൃത്വത്തിൽ നടത്തുന്ന നിരീക്ഷണ സംഘങ്ങളിലാണ് ഇവരുമുള്ളത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് വാടാമുറിയിൽ തെരച്ചിൽ നടത്തി. എന്നാൽ മറ്റൊരിടത്തേയ്ക്ക് ആന നീങ്ങി. പിന്നീട് ഉച്ചതിരിഞ്ഞാണ് വാടാമുറിയിൽ വീണ്ടും കൊമ്പൻ പ്രത്യക്ഷപ്പെട്ടത്. കാട്ടിലെ തോട്ടിൽ ഇറങ്ങിനിന്ന ആന തുമ്പിക്കൈ ഉയർത്തുകയും തീറ്റയെടുക്കുകയും ചെയ്യുന്നുണ്ടെന്ന് ഡി.എഫ്.ഒ അറിയിച്ചു. കഴിഞ്ഞ ജനുവരി 17 മുതൽ നിരീക്ഷണത്തിലുള്ള കൊമ്പൻ ഇപ്പോൾ ക്ഷീണിതനാണെന്ന സംശയത്തിന്റെ പേരിലാണ് വിദഗ്ദ്ധ ചികിത്സ നടത്താൻ തീരുമാനിച്ചത്.

കുങ്കിയാന ഇപ്പോഴില്ല

കുങ്കി ആനകളെ വരുത്തണമെന്ന ആലോചനയുണ്ടെങ്കിലും വനംമന്ത്രി ഉൾപ്പെടുന്ന സമിതിയുടെ അംഗീകാരം വേണം. ഇതിന്റെ ചർച്ച നടന്നിട്ടില്ല. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കുത്തേറ്റതാണ് മുറിവിന് കാരണമെന്ന് വ്യക്തമായി. മുറിവുണങ്ങാൻ സമയമെടുക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. എലിച്ചാണി പറയൻപാറ മേഖലയിലാണ് ആനയെ ആദ്യം കണ്ടെത്തുന്നത്. മസ്തകത്തിൽ വെടിയേറ്റ മുറിവാണ് ഇതെന്ന് ആദ്യം പ്രചരണമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL