SignIn
Kerala Kaumudi Online
Sunday, 31 May 2026 11.21 PM IST

ന്യായവില പുനർനിർണയിച്ച് ഉത്തരവ്: എടതിരിഞ്ഞിയിലെ ഭൂവുടമകളുടെ പരാതികൾക്ക് പരിഹാരം

1
1

പടിയൂർ: എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില പുനർനിർണയിച്ചുള്ള അന്തിമവിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ പതിനായിരത്തോളം ഭൂവുടമകളുടെ പരാതികൾക്ക് പരിഹാരമായി. 2026 മേയ് 23നാണ് ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനമിറങ്ങിയിട്ടുള്ളത്. നിലവിലുള്ള ന്യായവിലയുടെ 60 മുതൽ 85 ശതമാനം വരെ കുറവ് വരുത്തി, നിലവിലെ മാർക്കറ്റ് വിലയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ന്യായവില. 2010ൽ സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില പുതുക്കി നിശ്ചയിക്കുന്ന സമയത്ത് എടതിരിഞ്ഞി വില്ലേജ് അധികൃതർ തയ്യാറാക്കി നൽകിയ റിപ്പോർട്ട് പ്രകാരം നിശ്ചയിച്ച ഫെയർ വാല്യുവിലെ അപാകത സംബന്ധിച്ച് വലിയ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഭൂമിയുടെ യഥാർത്ഥ വിലയേക്കാൾ ഉയർന്നതാണ് ന്യായവില എന്നതിനാൽ ക്രയവിക്രയങ്ങൾ ഒന്നും നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഭൂവുടമകൾ. ഈ ഗ്രാമീണ മേഖലയിൽ വെറും രണ്ടര സെന്റ് ഭൂമിക്ക് 19,50,000 വരെ വില നിർണ്ണയിച്ചതായി വരെ ആക്ഷേപമുണ്ടായി. 2011ൽ അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാർ ന്യായവില പുതുക്കി നിശ്ചയിക്കുമെന്ന പ്രതീക്ഷയുളവാക്കിയിരുന്നുവെങ്കിലും പ്രശ്‌നപരിഹാരം അകലെയായിരുന്നു. പിന്നീട് കെ.രാജൻ റവന്യൂ മന്ത്രിയായ ശേഷമാണ് ഇതിൽ ഗൗരവമായ ഇടപെടലുകളുണ്ടായത്.

പരിഹരിക്കാൻ അദാലത്തും പിന്നീട് ഉത്തരവും

പരാതികൾ പരിഹരിക്കാൻ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചുവെങ്കിലും ഭൂവുടമകളിൽ ചെറിയ ശതമാനം പേർ മാത്രമാണ് അദാലത്തിലും വില്ലേജിലും പരാതി നൽകിയിരുന്നത്. ഇതോടെ വില്ലേജിലെ എല്ലാ സർവേ നമ്പറുകൾക്കും മുഴുവൻ ഭൂവുടമകൾക്കും ബാധകമാകുന്ന നിലയിൽ ന്യായവില കുറവ് വരുത്തി ഉത്തരവ് ഇറക്കണമെന്ന ആവശ്യം ശക്തമായി. ജില്ലാ ഭരണകൂടത്തിന് ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുകയും പടിയൂർ പഞ്ചായത്ത് വിഷയത്തെ ചൊല്ലി സമരവേദി ആവുകയും ചെയ്തതോടെ ന്യായവില പുനർനിർണയിക്കാൻ ആർ.ഡി.ഒയെ ചുമതലപ്പെടുത്തി ജില്ലാ ഭരണകൂടം 2025 ജൂലൈ 18ന് ഉത്തരവായി. റവന്യൂ അധികൃതർ തയ്യാറാക്കിയ കരട് വിജ്ഞാപനം ജില്ലാ കളക്ടർ ഉൾപ്പെടുന്ന ജില്ലാതല സമിതി 2026 ജനുവരി 17ന് അംഗീകരിച്ചു. തുടർന്ന് 2026 ജനുവരി 19ന് കരട് വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധികരിച്ചു. അറുപത് ദിവസത്തെ അപ്പീൽ സമയവും നൽകി. ഇക്കാലയളവിൽ ലഭിച്ച പരാതികൾ പരിഹരിച്ച ശേഷമാണ് വിജ്ഞാപനം പ്രസിദ്ധികരിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL