തൃശൂർ: കേരള എൻജിനീയറിംഗ്,ഫാർമസി പ്രവേശന പരീക്ഷയിൽ തൃശൂർ ജില്ലയ്ക്ക് തിളക്കമാർന്ന നേട്ടം. ബി.ഫാമിന് ഒന്നും രണ്ടും റാങ്കുകൾ, എൻജിനീയറിംഗിന് യഥാക്രമം മൂന്നും അഞ്ചും റാങ്കുകൾ, എൻജിനീയറിംഗിൽ തന്നെ 412ാം റാങ്ക് തുടങ്ങി എണ്ണം പറഞ്ഞ നേട്ടങ്ങളോടെയാണ് ജില്ല കീമിൽ മികച്ച വിജയം കൊയ്തത്. കടുത്ത ജീവിതപ്രതിസന്ധികളോടും സാമ്പത്തിക ബാധ്യതകളോടും പോരാടി ബി.ഫാം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പോട്ട സ്വദേശി വിനായക് നാരായണനാണ് നേട്ടങ്ങളുടെ പട്ടികയിലെ പ്രധാന താരം. പേരാമ്പ്ര അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനായിരുന്ന പിതാവ് സജീവ്കുമാറിന്റെ അപ്രതീക്ഷിത വിയോഗമുൾപ്പെടെയുള്ള പ്രതിസന്ധികളോട് പടവെട്ടി, പോട്ട കൊഞ്ചത്ത് വീട്ടിൽ വിനായക് നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. പഠിച്ച വിദ്യാലയമായ സി.സി.കെ.എം സ്‌കൂളിന്റെ സഹായം വിനായകിന് വലിയ തണലായി. മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷാഫലത്തിനായുള്ള കാത്തിരിപ്പിലാണ് ഈ മിടുക്കൻ.
എൻജിനീയറിംഗിൽ മൂന്നാം റാങ്ക് നേടിയ മാള എരവത്തൂർ സ്വദേശിനി കെ.ആർ. വിസ്മയയാണ് ജില്ലയുടെ മറ്റൊരു അഭിമാനം. പെൺകുട്ടികളിൽ സംസ്ഥാനത്ത് ഒന്നാം റാങ്കും വിസ്മയയ്ക്കാണ്. എരവത്തൂർ കൊച്ചുകടവിലെ കൊഴിപ്പിള്ളിൽ രാജീവ് - സുജാ എസ്.നായർ ദമ്പതികളുടെ മകളായ വിസ്മയ 600ൽ 585.24 മാർക്ക് നേടിയാണ് ഈ നേട്ടം കൈവരിച്ചത്. കാലടി മറ്റൂരിൽ ഹോട്ടൽ നടത്തുകയാണ് പിതാവ് രാജീവ്. മാതാവ് സുജ എറണാകുളം മഹാരാജാസ് കോളേജിലെ ക്ലറിക്കൽ സ്റ്റാഫാണ്. പ്ലസ് ടു പരീക്ഷയിൽ 99 ശതമാനം മാർക്ക് വാങ്ങിയ വിസ്മയയ്ക്ക് ഒരു അനിയനുണ്ട്. കീം ബി.ഫാം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഒല്ലൂർ സ്വദേശി അക്കര വീട്ടിൽ ജസ്റ്റിന്റെ മകൻ ജെസ്സെ ജസ്റ്റിനാണ് വിജയപ്പട്ടികയിലെ മറ്റൊരാൾ. തൃശൂർ നിർമ്മല മാതാ സ്‌കൂളിലെ പ്ലസ് ടു പഠനത്തോടൊപ്പം തന്നെ സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽ കീം പരീക്ഷയ്ക്കായി ജെസ്സെ പരിശീലനം നേടിയിരുന്നു. 300ൽ 286.25 മാർക്ക് നേടിയാണ് ജെസ്സെ ഫാർമസി പരീക്ഷയിൽ രണ്ടാം റാങ്ക് സ്വന്തമാക്കിയത്. പിതാവ് ജസ്റ്റിൻ ജോസ് ജപ്പാനിലാണ്. 13 വർഷമായി സൗദിയിൽ നഴ്‌സായിരുന്ന മാതാവ് റിൻസി ഇപ്പോൾ വീട്ടമ്മയാണ്. എൻജിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി മിണാലൂർ സ്വദേശി ഗോവിന്ദ് വിനോദും താരമായി. മിണാലൂർ മണ്ണാടത്തിൽ വീട്ടിൽ വിനോദ്- ഗോപിക ദമ്പതികളുടെ മകനാണ്. എൻജിനീയറിംഗിൽ 600ൽ 522.38 മാർക്കോടെ 412ാം റാങ്ക് നേടിയ തൃശൂർ വിയ്യൂർ സ്വദേശി സൗപർണികയിൽ സൗരവ് സുനിലും ജില്ലയുടെ വിജയത്തിളക്കം കൂട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |