SignIn
Kerala Kaumudi Online
Thursday, 06 August 2026 1.44 AM IST

കുറുപ്പം റോഡ് നടപ്പാതയ്ക്ക് പുതിയ എസ്റ്റിമേറ്റ്: അഞ്ചിൽ നിന്ന് 24 കോടിയിലേക്ക്‌

തൃശൂർ: കുറുപ്പം റോഡിൽ സ്വരാജ് റൗണ്ട് മുതൽ കുരിയച്ചിറ വരെ 2.35 കിലോമീറ്റർ ദൂരത്തിൽ കാനയുടെ സ്ലാബ് ഉയർത്തിയ ശേഷം നടപ്പാത നിർമ്മിക്കുന്നതിന് വേണ്ടത് 24 കോടിയോളം രൂപ!. അഞ്ച് കോടി രൂപ ചെലവിൽ നടപ്പാത നിർമ്മിക്കാനിരുന്ന പദ്ധതി വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് നിറുത്തിവെച്ചതോടെയാണ് കോർപറേഷൻ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. കാന ഉയർത്തിയ ശേഷമേ സ്വരാജ് റൗണ്ട് മുതൽ ചെട്ടിയങ്ങാടി വരെയുള്ള ഭാഗത്ത് നടപ്പാത നിർമ്മിക്കാവൂ എന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. എന്നാൽ, നിലവിലെ കാനയുടെ ശേഷിയിൽ മഴവെള്ളം തടസമില്ലാതെ ഒഴുകിപ്പോകുന്നുണ്ടെന്നും സ്വരാജ് റൗണ്ടിൽ നിന്ന് ചെട്ടിയങ്ങാടിയിലേക്ക് എട്ട് മീറ്റർ ചരിവുള്ളതിനാൽ വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയില്ലെന്നുമാണ് സങ്കേതിക വിലയിരുത്തൽ. ഇത് വ്യാപാരികൾ അംഗീകരിക്കാതിരുന്നതോടെയാണ് നിർമ്മാണം നിറുത്തിയത്.


അനിശ്ചിതത്വം...


അഞ്ചിരട്ടിയിലേറെ തുക ചെലവഴിച്ച് കാനയും നടപ്പാതയും പുനരാവിഷ്‌കരിക്കുന്നത് സാമ്പത്തികമായും പ്രയോഗികമായും കോർപറേഷന് വലിയ ബാധ്യതയാകും. കോർപറേഷന്റെ പ്ലാൻ ഫണ്ടിൽ സർക്കാർ 60 ലക്ഷം രൂപയുടെ കുറവ് വരുത്തിയ സാഹചര്യത്തിൽ പുതിയ പദ്ധതി നടത്തിപ്പ് അനിശ്ചിതത്വത്തിലാകും.

24 കോടിയുടെ പദ്ധതിക്ക് ചീഫ് എൻജിനിയറുടെ സങ്കേതിക അനുമതിയും ഡി.പി.സി അംഗീകാരവും ആവശ്യമാണ്. തുടർന്ന് പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കി കാനയും നടപ്പാതയും നിർമ്മിക്കാൻ ഒന്നര വർഷമെടുക്കും. 2.35 കിലോമീറ്റർ ദൂരത്തിൽ കാന നിർമ്മിക്കാൻ ഇത്രയും വലിയ തുക അനുവദിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നിലവിലെ പ്ലാൻ അനുസരിച്ച് നാലു മുതൽ അഞ്ച് മാസംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കാമായിരുന്നു. പദ്ധതി അനിശ്ചിതത്വത്തിലായതോടെ കുറുപ്പം റോഡിലൂടെയുള്ള കാൽനടയാത്ര അപകടകരമായി തുടരും.


കരാറുകാരന് പണം നൽകണം


നിർമ്മാണം നിറുത്തിവെച്ചെങ്കിലും ഇതുവരെ ചെയ്ത പ്രവൃത്തിക്കുള്ള തുക കരാറുകാരന് നൽകേണ്ടിവരും. നിലവിൽ ചെയ്ത പ്രവൃത്തിയിൽ സാങ്കേതിക പ്രശ്‌നമോ മറ്റോ കണ്ടെത്താത്തതിനാൽ ഹൈക്കോടതിയെയോ തദ്ദേശ വകുപ്പ് ഓംബുഡ്‌സ്മാനെയോ സമീപിച്ചാൽ കരാറുകാരന് അനുകൂല വിധി കിട്ടും. ഇതോടെ ഈ തുക കൂടി കോർപറേഷൻ നൽകേണ്ടിവരും.


കുറുപ്പം റോഡ് വികസനം

നിലവിലെ പ്ലാൻ പുതിയ പ്ലാൻ (വ്യാപാരികളുടെ ആവശ്യം)
പ്രതീക്ഷിത ചെലവ്:- 5 കോടി - 24 കോടിയിലധികം

പൂർത്തീകരണ സമയം:4- 5 മാസം -1.5 വർഷം

അനുമതി നൽകേണ്ടത്:.....ജില്ലാ തലം - ചീഫ് എൻജിനിയർ (തിരുവനന്തപുരം)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL