
കമ്മ്യൂണിസ്റ്റ് തത്വചിന്തകൻ എന്നതിനൊപ്പം മലയാളത്തിന്റെ ശാസ്ത്ര പ്രചാരകനെന്ന തരത്തിലും ഉന്നതനായിരുന്നു അന്തരിച്ച എം.പി.പരമേശ്വരൻ. ശാസ്ത്ര സാഹിത്യ പരിഷത്തിനെ കൈപിടിച്ചു നടത്തിയ മനുഷ്യനായിരുന്നു എന്റെ ഗുരുനാഥൻ കൂടിയായ അദ്ദേഹം. നല്ല മനുഷ്യനെന്ന വിശേഷണത്തിൽ വേണം അദ്ദേഹത്തേക്കുറിച്ചുള്ള ഓർമ്മകൾ ചികഞ്ഞെടുക്കാൻ.
ശാസ്ത്ര പ്രചാരകൻ എന്ന തലത്തിൽ സംസ്ഥാനത്തിനു പുറത്തും അദ്ദേഹത്തിന്റെ സംഭാവനകൾ വലുതാണ്. അന്യ സംസ്ഥാനങ്ങളിലുൾപ്പെടെ സഞ്ചരിച്ച് ശാസ്ത്ര പ്രചാരണം നടത്തുകയും അത് അത്രമേൽ ലളിതമായി അവതരിപ്പിക്കുകയും ചെയ്തയാളായിരുന്നു എം.പി. ശാസ്ത്രജ്ഞൻ എന്ന പദവി ഉപേക്ഷിച്ച് പൊതുപ്രവർത്തന രംഗത്ത് വന്നത് തന്നെ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ്.
1990കളിലാണ് അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത്. നവ ഉദാര സാമ്പത്തിക നയം (നിയോ ലിബറൽ പൊളിസി) ഉദയംചെയ്ത കാലത്ത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സ്വാശ്രയ സമിതി എന്നൊന്ന് രൂപീകരിക്കപ്പെട്ടിരുന്നു. ഞാൻ സമിതിയുടെ ജില്ലാ കൺവീനറായിരുന്നു. ആ കാലത്താണ് അദ്ദേഹത്തെ അത്രമേൽ അടുത്തറിയുന്നതും അദ്ദേഹത്തിനുള്ളിലെ സാമ്പത്തിക ശാസ്ത്രബോധത്തേ അമ്പരപ്പോടെ മനസിലാക്കുന്നതും. സാമ്പത്തിക ശാസ്ത്രം മനോഹരമായി പറയുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.
സാമ്പത്തിക വിഷയങ്ങൾ അന്ന് യുവാക്കളെയും പാർട്ടി നേതാക്കളെയും ഒക്കെ പഠിപ്പിച്ചത് അദ്ദേഹമായിരുന്നു. ഫിനാൻസ് ക്യാപിറ്റൽ എന്നതൊക്കെ സാധാരണക്കാരന് മനസിലാകുന്ന തരത്തിൽ പറഞ്ഞു തരാനുള്ള അദ്ദേഹത്തിന്റെ കഴിവും അപാരമായിരുന്നു.
മനസിലാകും വിധം മാർക്‌സിയൻ ദർശനങ്ങൾ
അഗാധമായ വായനയിൽ നിന്നും ബോധ്യങ്ങളിൽ നിന്നുമെല്ലാം ഉരുത്തിരിഞ്ഞ ആശയങ്ങളെ കമ്മ്യൂണിസ്റ്റ് ആശയങ്ങളാക്കി പരിണാമം ചെയ്യിച്ചിരുന്നു എം.പി. മനുഷ്യന് മനസിലാകുന്ന തരത്തിൽ കമ്മ്യൂണിസ്റ്റ് ആശയ പ്രചാരണം നടത്തി എന്നതാണ് അദ്ദേഹത്തിന്റെ വിജയം. മാർക്‌സിയൻ പ്രത്യയശാസ്ത്രത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ രചിച്ചവരിൽ മുൻനിരയിലാണ് എം.പി.പരമേശ്വരൻ. മാർക്‌സിയൻ ദർശനങ്ങളുടെ ഉപാസകനെന്ന് അക്ഷരം തെറ്റാതെ അദ്ദേഹത്തെ വിളിക്കാം. അദ്ദേഹത്തിന്റെ പ്രവർത്തനത്തെയും ദർശനങ്ങളെയുമൊക്കെ ആരാധനയോടെ തൊട്ടടുത്ത് നിന്ന് കാണാൻ സാധിച്ച ആളുകൂടിയാണ് ഞാൻ.
മാർക്‌സിയൻ ദർശനം, പരിസ്ഥിതി ശാസ്ത്രം, ശാസ്ത്രം സമൂഹത്തിന് തുടങ്ങി എണ്ണമറ്റ അദ്ദേഹത്തിന്റെ പുസ്തകങ്ങളെല്ലാം ലളിതമായ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പതാക വാഹകൻ എന്ന പേര് അദ്ദേഹത്തിന് ഊട്ടിയുറപ്പിച്ച് നൽകി.
വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ ഞാൻ മനസിലാക്കിയത് അദ്ദേഹത്തിൽ നിന്നാണ്. വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ ഏറ്റവും ലഘുവായി സാധാരണ കമ്മ്യൂണിസ്റ്റ് അനുഭാവിക്ക് പോലും മനസിലാകുന്ന തരത്തിലാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. ഒരു വിത്ത് മണ്ണിലിട്ടാൽ അത് മുളയ്ക്കുന്നത് വളർച്ചയുടെ ഘട്ടമാണെന്നും ആ വളർച്ച തന്നെ തളർച്ചയുടെ തുടക്കമാണെന്നും അങ്ങനെ അത് ഒരോ ഘട്ടത്തിലും അത് ഒരുമിച്ച് വളരുകയും തളരുകയുമാണെന്നും മനുഷ്യ ജീവിതത്തെ ആസ്പദമാക്കി പറഞ്ഞുവച്ചയാൾ കൂടിയാണ് എം.പി.
ശാസ്ത്രലോകത്തിനും സാഹിത്യ ലോകത്തിനുമെല്ലാം തീരാനഷ്ടമാണ് ഈ വിയോഗം. ആ വിടവ് നികത്താൻ നന്നായി പരിശ്രമിക്കേണ്ടി വരും.
(മുൻ വിദ്യഭാസ മന്ത്രിയാണ് ലേഖകൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |