SignIn
Kerala Kaumudi Online
Saturday, 15 August 2026 1.52 AM IST

ചിരട്ട മാത്രം; നാളികേരം 'തുരന്നുതിന്ന് ' മലയണ്ണാൻ

1
1

വടക്കാഞ്ചേരി: തെങ്ങിൽ കയറും... തേങ്ങ തുരക്കും... വെള്ളവും കാമ്പും അകത്താക്കും... ബാക്കിയാകുക ദ്വാരങ്ങളുള്ള ചിരട്ട മാത്രം! നാളികേരം മുഴുവൻ മലയണ്ണാന്മാർ തിന്നുതീർക്കുന്നതോടെ വടക്കാഞ്ചേരിയിലെ കേരകർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ഓണവിപണി ചൂടുപിടിക്കുമ്പോൾ നാളികേര ക്ഷാമത്തിനൊപ്പം വന്യജീവി ശല്യവും കർഷകരെ വലയ്ക്കുകയാണ്.

നിലവിൽ നാളികേരത്തിന് വിപണിയിൽ കടുത്ത ക്ഷാമമാണ് നേരിടുന്നത്. തെങ്ങിൽ പാകമാകുന്ന തേങ്ങകളാണ് വനത്തിൽനിന്ന് കൂട്ടത്തോടെ ഇറങ്ങുന്ന മലയണ്ണാന്മാർ നശിപ്പിക്കുന്നത്. ഓണത്തിന് വിളവെടുക്കാൻ പാകമായ വാഴക്കുല ഉൾപ്പെടെയുള്ള മറ്റ് കൃഷികൾക്കും ഇവയുടെ ആക്രമണമുണ്ട്. തേങ്ങയിലെ വെള്ളവും കാമ്പും ഭക്ഷിച്ചശേഷം അവശിഷ്ടം താഴേക്ക് എറിയുന്നത് നിത്യസംഭവമാണ്. മുൻപ് കാട്ടുപന്നികളുടെ ശല്യമായിരുന്നെങ്കിൽ ഇപ്പോൾ മലയണ്ണാന്മാരുടെ ശല്യം സഹിക്കാനാകാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. തെക്കുംകര പഞ്ചായത്തിലെ ഭൂരിഭാഗം മേഖലകളിലും മലയണ്ണാന്മാരുടെ സാന്നിദ്ധ്യമുണ്ട്. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗം ഇതോടെ പ്രതിസന്ധിയിലാണ്. വന്യജീവി ശല്യത്തിന് പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

തുരന്ന് തീറ്റ


ഡ്രില്ലർ ഉപയോഗിച്ച് ഭിത്തി തുരക്കുന്നതുപോലെയാണ് മലയണ്ണാൻ തേങ്ങ തുരന്ന് ഭക്ഷിക്കുന്നതെന്ന് കർഷകർ പറയുന്നു. വാക്കത്തിക്കുപോലും വെട്ടിപ്പൊട്ടിക്കാൻ പ്രയാസമുള്ള ചിരട്ട നിഷ്പ്രയാസം തുരന്ന് തേങ്ങയ്ക്കുള്ളിലെ വെള്ളവും കാമ്പും ഭക്ഷിക്കും. പിന്നീട് മുഴുവൻ ദ്വാരങ്ങളുള്ള തേങ്ങകൾ തെങ്ങിൻചുവട്ടിൽ വീണുകിടക്കും. മലയണ്ണാന്റെ വിസർജ്യം വീഴുന്നതുമൂലം തെങ്ങിന്റെ കായ്ഫലം കുറയുന്നതായും കർഷകർ പരാതിപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL