തൃശൂർ: ചെമ്പുക്കാവ് മൃഗശാലയിൽ കഴിയുന്ന റോഷൻ എന്ന ഹിപ്പോയെ പുത്തൂർ സവോളജിക്കൽ പാർക്കിലേക്ക് മാറ്റുന്നതിനായി ഭക്ഷണം നൽകാതെ അവശനാക്കണമെന്ന ഡയറക്ടറുടെ നിർദേശം വിവാദത്തിൽ. 'ഭക്ഷണം നൽകാതിരുന്നാൽ വിശപ്പ് സഹിക്കാനാകാതെ 31 വയസുള്ള ഹിപ്പോ തനിയെ കൂട്ടിൽ കയറിക്കൊള്ളും' എന്നായിരുന്നു പുത്തൂർ സവോളജിക്കൽ പാർക്ക് ഡയറക്ടറുടെ നിർദേശം. നിർദേശം വന്നതോടെ മൃഗശാല ജീവനക്കാരും അത്യധികം വിഷമത്തിലായി. ബുധനാഴ്ച രാവിലെ ഭക്ഷണം നൽകിയ ശേഷമായിരുന്നു വിവാദ നിർദേശം എത്തിയത്. എല്ലാ ദിവസവും രാവിലെ 10.30നും 11.30നും ഇടയിലാണ് ഹിപ്പോയ്ക്ക് തീറ്റ നൽകാറുള്ളത്. ചോറ്, ക്യാരറ്റ്, തണ്ണിമത്തൻ, നേന്ത്രപ്പഴം തുടങ്ങിയവയാണ് ഭക്ഷണം. തൃശൂർ ചെമ്പുക്കാവിലെ പഴയ മൃഗശാലയിൽ മൂന്ന് ഹിപ്പോകളാണുള്ളത്. ഇതിലെ അമ്മയെയും കുഞ്ഞിനെയും നേരത്തെ പുത്തൂരിലേക്ക് മാറ്റിയിരുന്നു. എന്നാൽ റോഷനെ കൊണ്ടുപോകാനായിരുന്നില്ല. അടുത്ത ദിവസം തന്നെ റോഷൻ ഹിപ്പോയെയും മാറ്റണമെന്ന അടിയന്തര നിർദേശത്തെ തുടർന്നാണ് ഭക്ഷണം നൽകരുതെന്ന് നിർദേശിച്ചത്. പിന്നീട് അടിയന്തരമായി പിടികൂടേണ്ടതില്ലെന്ന് തീരുമാനം മാറ്റി. ഇതോടെ ഇന്നലെ രാവിലെ തന്നെ റോഷന് ഭക്ഷണം നൽകാനായതിന്റെ ആശ്വാസത്തിലാണ് ചെമ്പുക്കാവ് മൃഗശാലയിലെ ജീവനക്കാർ. ഭൂരിഭാഗം ജീവികളെയും പുത്തൂരിലേക്ക് ഇതിനകം മാറ്റിയിട്ടുണ്ട്. പന്നിമാനുകൾ, കൃഷ്ണമൃഗങ്ങൾ, മ്ലാവുകൾ എന്നിവയെക്കൂടി മാറ്റാനുണ്ട്.
ചെമ്പുക്കാവിൽ തിരക്ക്
ഭൂരിഭാഗം മൃഗങ്ങളെയും പുത്തൂരിലേക്ക് മാറ്റിയെങ്കിലും ചെമ്പുക്കാവ് മൃഗശാലയിൽ ഇപ്പോഴും സന്ദർശകരുടെ തിരക്കുണ്ട്. ഹിപ്പോ ഉൾപ്പെടെ നാല് മൃഗവിഭാഗങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. രണ്ട് മ്യൂസിയങ്ങളും ഹരിതഭംഗിയും കാണാനായാണ് പലരും എത്തുന്നത്. പ്രവേശനം സൗജന്യമാണ്. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് ശേഷിക്കുന്ന ജീവികളെയും പുത്തൂരിലേക്ക് മാറ്റും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |