
തൃശൂർ: സാമൂഹിക അനീതിക്കെതിരായ പോരാട്ടത്തിന് ഇന്ത്യൻ ജനത ഒന്നിക്കണമെന്ന് മന്ത്രി ഒ.ജെ. ജനീഷ്. തൃശൂർ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ സ്വാതന്ത്ര്യദിന പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്ന കാലത്ത് മതേതരത്വം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണം. യുവജനങ്ങളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും നിക്ഷേപം നടത്തുന്നത് രാജ്യത്തിന്റെ ആസ്തി വർദ്ധിപ്പിക്കും. ലഹരി വിപത്തിനെതിരെ അദ്ധ്യാപകർ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. രാജൻ ജെ.പല്ലൻ എം.എൽ.എ, മേയർ ഡോ.നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ഡി.ഐ.ജി ടി.നാരായണൻ, സിറ്റി പൊലീസ് മേധാവി നകുൽ രാജേന്ദ്ര ദേശ്മുഖ്, റൂറൽ പൊലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ, എ.ഡി.എം എം.സന്ദീപ്, അസി. കളക്ടർ എ.സി.പ്രീതി എന്നിവർ പങ്കെടുത്തു. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയർഫോഴ്‌സ്, എസ്.പി.സി, എൻ.സി.സി ഉൾപ്പെടെ 24 പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു. ഇൻസ്‌പെക്ടർ കെ.എം.മഹേഷ്‌കുമാർ പരേഡ് നയിച്ചു. എം.പി.വിനയചന്ദ്രൻ സെക്കൻഡ് ഇൻ ഇൻ കമാൻഡായി. മികച്ച പ്ലറ്റൂണുകൾക്കും സായുധസേനാ പതാക നിധിയിലേക്ക് കൂടുതൽ തുക സമാഹരിച്ച ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, 24 കേരള ബറ്റാലിയൻ എൻ.സി.സി തൃശൂർ എന്നിവർക്കും മന്ത്രി പുരസ്‌കാരം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |