
തൃശൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയായ കുതിരാനിലെ മണ്ണിടിച്ചിൽ സംബന്ധിച്ച് കൂടുതൽ പരിശോധനകൾക്ക് ഒരുങ്ങി ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ. നിർമ്മാണഘട്ടത്തിൽ ദേശീയപാതാ അതോറിറ്റിയും കരാർ കമ്പനിയും ജി.എസ്.ഐയുടെ അഭിപ്രായം തേടിയിരുന്നില്ല. ആതിനാൽ നിർമ്മാണഘട്ടം മുതലുള്ള ഫയലുകൾ പരിശോധിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയാണ് ലക്ഷ്യം. തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ദേശീയപാതയിലെ തുരങ്കമുഖത്തിന് മുകളിലാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 7ന് മണ്ണിടിച്ചിലുണ്ടായത്. തുരങ്കമുഖത്തിന് മുകളിലെ ചെരിവും മണ്ണിന്റെ സ്വഭാവവും ജി.എസ്.ഐ വിദഗ്ദ്ധ സംഘം നേരത്തെ വിലയിരുത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകൾ സംബന്ധിച്ച റിപ്പോർട്ട് ഉടൻ തയ്യാറാക്കി ദുരന്തനിവാരണ അതോറിറ്റിക്കും സംസ്ഥാന സർക്കാരിനും പാർലമെന്റിനും ഉൾപ്പെടെ സമർപ്പിച്ചേക്കും. സീനിയർ ജിയോളജിസ്റ്റുകളായ എ. രമേശ് കുമാർ, എസ്. നിശാന്ത് എന്നിവരടങ്ങുന്ന സംഘം തയ്യാറാക്കിയ പരിശോധനാ റിപ്പോർട്ട് ഇന്നലെ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം അവലോകനം ചെയ്തിരുന്നു. ദേശീയപാതാ നിർമ്മാണ സമയത്ത് തുരങ്കത്തിനായി തയ്യാറാക്കിയ ഡിസൈൻ, ഡി.പി.ആർ, ഭൗമസാങ്കേതിക പഠന റിപ്പോർട്ടുകൾ എന്നിവ നൽകണമെന്ന് ദേശീയപാതാ അതോറിറ്റിയോടും ജി.എസ്.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. കരാറിനായുള്ള എം.ഒ.യു ഒപ്പിട്ട ശേഷം ഒരു വിദഗ്ദ്ധ സമിതി തയ്യാറാക്കിയ പഠനറിപ്പോർട്ട് മാത്രമാണ് ആ സമയത്ത് പരിഗണിച്ചതത്രെ.
തുരങ്കം നിർമ്മിക്കുന്നതിന് മുൻപ് ജി.എസ്.ഐ പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്നും കേരളത്തിലെ മഴയും കാലാവസ്ഥയും പരിഗണിക്കാതെയാണോ നിർമ്മാണമെന്ന് സംശയിക്കുന്നതായും ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ഉന്നത ഉദ്യോഗസ്ഥർ കേരളകൗമുദിയോട് പറഞ്ഞു. തുരങ്കം പൂർത്തിയാക്കിയ ശേഷമുള്ള അനുബന്ധ നിർമ്മാണങ്ങളിൽ കരാറുകാർ ശ്രദ്ധ നൽകിയില്ലെന്നും വിമർശനമുണ്ട്.
ജി.എസ്.ഐ ചുമതല
തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശം ഉൾപ്പെടെ അപകടസാധ്യത ഒഴിവാക്കി സുരക്ഷിതമാക്കുന്നതിനുള്ള ശാശ്വത പരിഹാര നിർദേശങ്ങൾ തയ്യാറാക്കി കൈമാറും. നിർദ്ദേശങ്ങൾ നടപ്പാക്കേണ്ടത് ദുരന്തനിവാരണ അതോറിറ്റിയുടെയും ദേശീയപാതാ അതോറിറ്റിയുടെയും ചുമതലയാണ്.
പീച്ചിയിൽ രണ്ടാഴ്ചയ്ക്കിടെ നാലുതവണ ഭൂചലനം ഉണ്ടായത് ഗുരുതരമല്ലെന്നാണ് വിലയിരുത്തൽ. അണക്കെട്ട് പ്രദേശത്ത് സംഭവിക്കുന്നതാണെന്നും എന്നാൽ ആശങ്ക അകറ്റാൻ കൂടുതൽ പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |