
തൃശൂർ: ഓണത്തിരക്കുകൾക്കിടയിൽ എത്തിയ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം നഗരം ആഘോഷമാക്കുകയാണ്. ഇന്നലെ സമ്മേളന നടപടികൾക്ക് ഔദ്യോഗിക തുടക്കമായതോടെ റീജിയണൽ തീയേറ്റർ പരിസരവും സമ്മേളന നഗരിയുമെല്ലാം ദീപാലങ്കാരങ്ങൾ കൊണ്ട് മൂടി. കവാടത്തിന്റെ ഇരുവശങ്ങളിലും വി.എസ്.അച്യുതാനന്ദന്റെയും പുഷ്പന്റെയും ചിത്രങ്ങളുണ്ട്. നഗരത്തിന്റെ മുക്കിലും മൂലയിലും വരെ സംഘടനാ പതാകകളും ബോർഡുകളും ചുവരെഴുത്തുകളും പതാകകളും. ഇന്നലെ രാവിലെ നടൻ പ്രകാശ് രാജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തതോടെയാണ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായത്.
ബി.കെ. ഹരിനാരായണന്റെ സ്വാഗത ഗാനം
സമ്മേളന പ്രതിനിധികളെ സ്വാഗതം ചെയ്ത് ബി.കെ.ഹരിനാരായണൻ രചിച്ച് ബിജിബാൽ സംഗീതം പകർന്ന സ്വാഗതഗാനം എസ്.ആർ.വി മ്യൂസിക് കോളേജിലെ വിദ്യാർത്ഥികൾ ആലപിച്ചു. സംസ്ഥാനത്തെ 51,93,854 അംഗങ്ങളെ പ്രതിനിധീകരിച്ച് 600 പ്രതിനിധികളും 20 സൗഹാർദ്ദ പ്രതിനിധികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംഘാടക സമിതി ചെയർമാൻ കെ.വി.അബ്ദുൾ ഖാദർ സ്വാഗതം ആശംസിച്ചു. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.ഷജീർ രക്തസാക്ഷി പ്രമേയവും ആർ. രാഹുൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പ്രവർത്തന റിപ്പോർട്ടും അഖിലേന്ത്യ സെക്രട്ടറി ഹിമാഗ്‌ന രാജ് ഭട്ടാചാര്യ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടുകളിന്മേലുള്ള പൊതുചർച്ച രാത്രിയും നീണ്ടും. പൊതുചർച്ച ഇന്നും തുടരും. ഇന്ന് വൈകീട്ട് അഞ്ചിന് ജില്ലയിലെ രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെയാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. വൈകിട്ട് അരണാട്ടുകര നേതാജി ഗ്രൗണ്ടിൽ ചേരുന്ന പൊതുയോഗം പ്രതിപക്ഷ നേതാവും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |