SignIn
Kerala Kaumudi Online
Sunday, 30 August 2026 4.09 AM IST

പുലിപ്പടയെ കണ്ട് വിരണ്ട് തൃശൂര്...

d

തൃശൂർ: 'തക തകിട തോം താളത്തിൽ അസുരവാദ്യം മുഴങ്ങി..., ശരീരത്തിൽ വരച്ചുവെച്ച പുലിച്ചായങ്ങൾക്ക് ജീവൻ വെച്ചു. തൃശൂരിന്റെ സംസ്‌കാരവും ആവേശവും സമന്വയിക്കുന്ന മണ്ണിൽ, പുലികൾ ചുവടു വച്ചു. ഒപ്പം പുരുഷാരവും. ഒരിക്കൽ കൂടി ശക്തന്റെ മണ്ണിൽ പുലികളി വിസ്മയമായി. ഇരമ്പിയെത്തിയ ജനക്കൂട്ടവും മടയിൽ നിന്ന് പുറത്ത് ചാടി മുരൾച്ചയോടെ പുലിക്കൂട്ടങ്ങളും ശക്തന്റെ തട്ടകത്ത് എത്തിപ്പോൾ തിമിർത്ത് പെയ്യാൻ കൂടിയ മഴമേഘങ്ങൾ ഓടിയൊളിച്ചു. പൂരനഗരിക്ക് വിസ്മയചാർത്തായി ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് വിവിധ ദേശങ്ങളിൽ നിന്നുള്ള പുലി സംഘങ്ങൾ പുലിത്താളംകൊട്ടി ചുവടുവച്ച് ശക്തന്റെ തട്ടകത്തേക്ക് എത്തിയത്. കുട്ടിപുലികളും വരയൻപുലികളും കരിംപുലികളുമായി പുലിസംഘങ്ങൾ ഒരോന്നായി തേക്കിൻക്കാട് ലക്ഷ്യമിട്ട് ചുവടുവച്ച് നീങ്ങി തുടങ്ങിതോടെ ജനസാഗരം ഒപ്പം ചേർന്നു. പുലിക്കളി സംഘങ്ങൾ ഒരുക്കിയ നിശ്ചല ദൃശ്യങ്ങൾ ആകർഷകമായി. കുട്ടൻ കുളങ്ങര ദേശമാണ് നഗരത്തിലേക്ക് ആദ്യം ചുവടുവച്ചത്. പിന്നാലെ എം.ജി.റോഡ് വഴിയും ഷൊർണൂർ റോഡ് വഴി പുലിസംഘങ്ങൾ ഒരോന്നായി മാർച്ച് ചെയ്തതോടെ നഗരം വിരണ്ടു. കുടവയറിളക്കി, അരമണികിലുക്കി അസുരവാദ്യത്തിന്റെ താളത്തിൽ അയ്യന്തോൾ, സീതാറാം മിൽ, ചക്കാമുക്ക്, നായ്ക്കനാൽ, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങര, പാട്ടുരായ്ക്കൽ, ഒളരിക്കര എന്നീ ദേശങ്ങളും ഒരോന്നായി പുറപ്പെട്ടതോടെ ഒരോ സംഘത്തിനൊപ്പവും ആയിരങ്ങൾ ഒപ്പം ചേർന്നു. എല്ലാ സംഘങ്ങളും നടുവിലാൽ ഗണപതിക്ക് മുന്നിൽ തേങ്ങയുടങ്ങച്ച് ചുവടുവച്ചു. പുലിക്കളി കലാകാരന്മാർക്കൊപ്പം ഇത്തവണയും വിവിധ സംഘങ്ങളിൽ പെൺപുലികളുടെയും കുട്ടിപ്പുലികളുടെയും സാന്നിധ്യവുമായിരുന്നു. ഓരോ ദേശത്തിന്റെയും പുലി വാഹനങ്ങളും വൈവിധ്യമാർന്ന നിശ്ചല ദൃശ്യങ്ങളും വിസ്മയക്കാഴ്ചയായി. റൗണ്ട് ചുറ്റിയുള്ള ദേശങ്ങളുടെ ഘോഷയാത്രയ്ക്കു ശേഷം പുലികൾ ജനക്കൂട്ടത്തിലലിഞ്ഞു മറഞ്ഞു. അടുത്ത നാലോണ നാളിൽ കാണാമെന്ന പ്രഖ്യാപനത്തോടെ ജനവും മടങ്ങി. പുലിക്കളിയോടെ തൃശൂരിന്റെ ഓണാഘോഷങ്ങൾക്കും സമാപനമായി. നാലുമണിക്ക് നഗരത്തിൽ പ്രവേശിക്കാനായിരുന്നു നിർദ്ദേശമെങ്കിലും ഒന്നര മണിക്കൂറോളം വൈകിയാണ് ടീമുകൾ എത്തി തുടങ്ങിയത്. ബിനി ഹെറിറ്റേജിന് മുന്നിൽ മന്ത്രി ഒ.ജ.ജനീഷാണ് ഫ്‌ളാഗ് ഓഫ് നടത്തിയത്. മേയർ ഡോ.നിജി ജസ്റ്റിൻ, രാജൻ പല്ലൻ എം.എൽ.എ, കളക്ടർ ശിഖ സുരേന്ദ്രൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL