അത്താണി : തൃശൂർ ഗവ. മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിന് പുത്തൻ പ്രതീക്ഷ. സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്താൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി അഡ്വ. ഒ.ജെ.ജനീഷ് മെഡിക്കൽ കോളേജിലെത്തി. എല്ലായിടത്തും സന്ദർശിച്ച മന്ത്രി ഉന്നതതല അവലോകനയോഗവും വിളിച്ചുചേർത്തു.രണ്ടു മണിക്കൂറോളമാണ് മന്ത്രി മെഡിക്കൽ കോളേജിൽ ചെലവഴിച്ചത്. ഒ.പി, അത്യാഹിത വിഭാഗം, എം.ആർ.ഐ സ്‌കാൻ സെന്റർ, ഐ.സി.യുകൾ , നിർമ്മാണം പരോഗമിക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി, അമ്മയും കുഞ്ഞും ബ്ലോക്കുകൾ, നെഞ്ച് രോഗാശുപത്രി, അർബുദരോഗ ചികിത്സാവിഭാഗം എന്നിവിടങ്ങളിലും മന്ത്രിയെത്തി. ആരോഗ്യമന്ത്രി കെ.മുരളീധരൻ അടുത്തുതന്നെ ആശുപത്രിയിൽ എത്തുമെന്നും കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്നും ജനീഷ് പറഞ്ഞു. ഒരാളെ പോലും നിലത്ത് കിടത്തി ചികിത്സിക്കാതിരിക്കാൻ ഗ്രീൻ സോൺ ഒരുക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.എൻ.വൈശാഖ്, അവണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് രാജേന്ദ്രൻ അരങ്ങത്ത്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഒ. ശ്രീകൃഷ്ണൻ, പി.ജി. ജയദീപ്, എൻ.ആർ. സതീശൻ, പി.ജെ. രാജു, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ലിജോ ജെ. കൊള്ളന്നൂർ, പ്രിൻസിപ്പൽ ഡോ. അനിൽരാജ്, ലേ സെക്രട്ടറി കെ.പി. ഗിരീഷ്, നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് ഷഹ്‌ന എ.ഖാദർ,ദന്തൽ കോളേജ് പ്രിൻസിപ്പൽ പ്രമോദ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. മെഡിക്കൽ കോളേജ് അർബുധ രോഗ വിഭാഗത്തിൽ എത്തിയ മന്ത്രി ഒ.പി.യിലെത്തി ചികിത്സയ്ക്ക് എത്തിയവരുമായി സംവദിച്ചു.
മോർച്ചറി പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണും: മന്ത്രി
മെഡിക്കൽ കോളേജ് ആശുപത്രി കോൾഡ് റൂമിലും ഫോറൻസിക് മോർച്ചറിയിലും അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞത് മൂലമുള്ള രൂക്ഷമായ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണുമെന്ന് മന്ത്രി ഒ.ജെ.ജനീഷ്. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടേയും സംയുക്ത യോഗം വിളിച്ച്‌ചേർത്ത് ശാശ്വത പരിഹാരം കാണും. ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ് മെന്റ് പ്ലാന്റ് ശക്തിപ്പെടുത്തും. അനാഥ രോഗികൾ ആശുപത്രിയിൽ പെരുകുന്ന അവസ്ഥ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |