
നിർദ്ധന രോഗികൾ ദുരിതത്തിൽ
പുന്നംപറമ്പ്: തെക്കുംകര പഞ്ചായത്തിന്റെ കീഴിലുള്ള വീരോലിപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്നുകൾക്ക് കടുത്തക്ഷാമം. നിർദ്ധന രോഗികൾ ആശ്രയിക്കുന്ന ഈ ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി ജീവിത ശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ വരെ കിട്ടാനില്ല. ആശുപത്രിയിലെത്തുന്നവർ വലിയ പ്രതിഷേധം ഉയർത്തിയതോടെ ജീവനക്കാരും ബുദ്ധിമുട്ടിലാണ്. മെറ്റ്ഫോമിൻ- 500 (ഷുഗർ), അറ്റോർ വാസ്‌റ്റാറിൻ ( കൊളസ്ട്രോൾ), അസറ്റെൽ സാലിസിലിറ്റ് ആസിഡ് ( ആസ്പിരിൻ ), ലോസാർട്ടൻ പൊട്ടാസ്യം ടാബ് ( രക്തസമ്മർദ്ധം) എന്നീ മരുന്നുകളൊന്നും ആശുപത്രിയിൽ
കിട്ടാനില്ല. ഡോക്ടർമാർ പുറത്തേക്ക് മരുന്ന് കുറിക്കുമ്പോൾ വലിയ വിലകൊടുത്ത് അത് വാങ്ങുകയല്ലാതെ മറ്റൊരു മാർഗവുമില്ല രോഗികൾക്ക്. മരുന്ന് എത്തിച്ച് നൽകുന്ന കരാറുകാർക്ക് യഥാസമയം പണം അടക്കാതിരുന്നതാണ് മരുന്ന് ക്ഷാമത്തിന് വഴിവെച്ചതെന്നാണ് ജനങ്ങളുടെ ആരോപണം.
മരുന്ന് ഇന്ന് ഉച്ചയോടെ ആശുപത്രിയിലെത്തും
മരുന്ന് ക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് ഭരണസമിതി ശക്തമായ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണികൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു. ഇന്ന് ഉച്ചയോടെ ആവശ്യമായ മരുന്നുകൾ ആശുപത്രിയിലെത്തും. നേരത്തെ ഓർഡർ നൽകിയിരുന്നതാണ്. കരാർ കമ്പനി എത്തിച്ച മരുന്നുകളുടെ ഗുണനിലാവരത്തിൽ സംശയം തോന്നിയതിനാൽ തിരിച്ചയക്കുകയായിരുന്നു. അവശ്യ മരുന്നുകൾ ലഭിക്കാതെ ഒരാളും ബുദ്ധിമുട്ട് അനുഭവിക്കരുതെന്നാണ് പഞ്ചായത്ത് ഭരണസമിതി നിലപാട്. ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രിയാണ് കുടുംബാരോഗ്യ കേന്ദ്രമെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |