തൃശൂർ: ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ച സംഭവത്തിന് പിന്നാലെ ബസുകളുടെ അപകടകരമായ മത്സരയോട്ടത്തിനെതിരെ നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ പ്രതിഷേധം. ഇന്നലെ രാവിലെ 11ഓടെയായിരുന്നു അപകടം. കാഞ്ഞാണി റൂട്ടിലോടുന്ന 'ശ്രേയസ്' ബസ് സ്‌കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
പുല്ലഴി സ്വദേശി മാങ്കുഴി വീട്ടിൽ സഹദേവന്റെ ഭാര്യ അനിത ആണ് കൊല്ലപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അനിതയുടെ ദേഹത്ത് ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് ചേറ്റുപുഴ മേഖലയിൽ സ്വകാര്യ ബസുകൾ തടഞ്ഞുനിറുത്തി നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും റോഡിൽ പ്രതിഷേധിച്ചു. ഈ റൂട്ടിൽ പതിവായി നടക്കുന്ന ബസുകളുടെ അമിതവേഗവും സമയക്രമം പാലിക്കാനുള്ള മത്സരയോട്ടവുമാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
മേഖലയിലൂടെ ഓടുന്ന ബസ് ഡ്രൈവർമാർക്ക് ശക്തമായ താക്കീത് നൽകിയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. വീട്ടമ്മ മരിച്ച സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. രണ്ടുദിവസം മുൻപ് ചാവക്കാട് ഓടുന്ന ബസിൽ നിന്നും രണ്ടര മാസം ഗർഭിണിയായ യുവതി വീണ് പരിക്കേറ്റിരുന്നു. ഈ കേസിൽ ഡ്രൈവറെയും കണ്ടക്ടറെയും ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചേറ്റുപുഴയിൽ അപകടമുണ്ടാക്കിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടകരമാംവിധം ബസ് ഓടിച്ച ഡ്രൈവറും കണ്ടക്ടറും രക്ഷപെട്ടു. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. കാഞ്ഞാണി റൂട്ടിൽ സ്വകാര്യ ബസുകളുടെ അനധികൃത മത്സരയോട്ടവും അമിതവേഗവും തടയാൻ പൊലീസും മോട്ടോർ വാഹന വകുപ്പും കർശന പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്വകാര്യ ബസുകളുടെ അമിതവേഗം, അശ്രദ്ധ, നിയമലംഘനങ്ങൾ എന്നിവ മൂലം ഇരുചക്ര വാഹന യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും ജീവൻ നഷ്ടപെടുന്നത് നിത്യസംഭവമാകുമ്പോഴും കോടികൾ ചെലവഴിച്ച് സ്ഥാപിച്ച ക്യാമറകളിൽ പെടുന്നില്ല. ബസുകളിൽ സ്പീഡ് ഗവർണറും പ്രവർത്തിക്കുന്നില്ല. ഡ്രൈവറുടെ മാത്രമല്ല, ഉദ്യോഗസ്ഥരുടെ വീഴ്ചയുണ്ടെങ്കിൽ അതും പരിശോധിക്കപ്പെടണം.
ജയിംസ് മുട്ടിക്കൽ, ചെയർമാൻ, ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |