തൃശൂർ: മഴക്കാലം മാറും മുൻപേ ജില്ലയിൽ വരൾച്ചയുടെ സൂചന! വേനൽ കടുക്കുമ്പോൾ കുടിവെള്ള പ്രതിസന്ധി രൂക്ഷമാകുമെന്ന് ആശങ്കയിലാണ് ജനങ്ങൾ. പീച്ചിയിൽ നിന്നുള്ള പുതിയ അമൃത് പൈപ്പ് ലൈൻ പദ്ധതി ഇഴയുന്നതും തെക്കൻ മേഖലകളുടെ ജലസ്രോതസ്സായ കരുവന്നൂർ പുഴയിലെ ജലനിരപ്പ് താഴ്ന്നതുമാണ് പ്രധാന ഭീഷണി.എൽനിനോ പ്രതിഭാസം വേനൽ കടുപ്പിച്ചാൽ ജലലഭ്യത കൂടുതൽ പ്രതിസന്ധിയിലാക്കും. തൃശൂർ, ഇരിങ്ങാലക്കുട ഡിവിഷനുകളിലായി ജല അതോറിറ്റി മാത്രം മൂന്ന് ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ജലവിതരണം നടത്തുന്നത്. പീച്ചി, ചാലക്കുടിപ്പുഴ, കരുവന്നൂർ പുഴ, ഭാരതപ്പുഴ എന്നിവയാണ് ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകൾ. പീച്ചിയെ ആശ്രയിച്ചാണ് തൃശൂർ കോർപറേഷനിലെ 56 ഡിവിഷനുകളും അരിമ്പൂർ, അടാട്ട്, മണലൂർ, വെങ്കിടങ്ങ്, മുളങ്കുന്നത്തുകാവ്, കോലഴി തുടങ്ങിയ ഏഴോളം പഞ്ചായത്തുകളുമുള്ളത്. നിത്യേന 60 എം.എൽ.ഡി വെള്ളമാണ് പീച്ചിയിൽ നിന്നും വിതരണം ചെയ്യുന്നത്. ചാലക്കുടി, മേലൂർ, കൊരട്ടി എന്നിവിടങ്ങളിലെല്ലാം ജല ശുദ്ധീകരണ പ്ലാന്റുകളുണ്ടെങ്കിലും മറ്റത്തൂർ, ആളൂർ എന്നിവിടങ്ങളിൽ ഇപ്പോഴുമുള്ളത് ഗ്രാമീണ ജല വിതരണ സംവിധാനമാണ്. പുഴ വരണ്ടാൽ ഇവിടങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകും.
അമൃത് പദ്ധതി ഇഴയുന്നു
മൂന്ന് വർഷം മുമ്പ് ആരംഭിച്ച അമൃത് പദ്ധതിയുടെ 19 കിലോമീറ്റർ പൈപ്പ് ലൈൻ ജോലികൾ മുടിക്കോട് ഭാഗത്ത് പൂർത്തിയാകാത്തതാണ് പ്രധാന തിരിച്ചടി. പദ്ധതി കമ്മിഷൻ ചെയ്യാൻ മാസങ്ങൾ വേണ്ടിവരും.
കരുവന്നൂർ പുഴയും താഴേക്ക്
ഇരിങ്ങാലക്കുട, നാട്ടിക ഫർക്ക, ഗുരുവായൂർ ക്ഷേത്രനഗരി ഉൾപ്പെടെയുള്ള മേഖലകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന കരുവന്നൂർ പുഴയിലെ ജലനിരപ്പും താഴ്ന്നുതുടങ്ങി. തുലാമഴ പ്രതീക്ഷിച്ച് ഇല്ലിക്കൽ ബണ്ടിന്റെ ഷട്ടറുകൾ തുറന്നുവിട്ടത് തിരിച്ചടിയായി. പിന്നീട് അഞ്ച് ഷട്ടറുകൾ താഴ്ത്തിയെങ്കിലും പുഴയിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷവും ഈ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു.
പദ്ധതി കടലാസിൽ
കാടുകുറ്റി വൈന്തലയിലെ ചാലക്കുടിപ്പുഴയിൽനിന്നാണ് കൊടുങ്ങല്ലൂർ നഗരസഭയിലേക്കും മാള, അന്നമനട, എറിയാട് ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലേക്കും വെള്ളമെത്തിക്കുന്നത്. ഏഴ് കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന കൊടുങ്ങല്ലൂർ പ്രത്യേക കുടിവെള്ള പദ്ധതി ഇതുവരെ നടപ്പായിട്ടില്ല. കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നത് ഉടൻ പ്രായോഗികമല്ലാത്തതിനാൽ ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും വെള്ളം മിതമായി ഉപയോഗിക്കുകയും ചെയ്യുക മാത്രമാണ് വേനൽക്കാല പ്രതിസന്ധിയെ നേരിടാനുള്ള മാർഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |