തൃശൂർ: പടിഞ്ഞാറെക്കോട്ടയിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരം ബുദ്ധിമുട്ടും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നുവെന്ന പരാതിയുമായി ഇരുചക്ര വാഹന യാത്രക്കാർ. ഏതാനും ദിവസം മുൻപ് സിവിൽ ലൈൻ റോഡിൽ സ്ഥാപിച്ച ട്രാഫിക് ദിശാസൂചക ബോർഡിൽ പടിഞ്ഞാറ് നിന്നുള്ള വാഹനങ്ങൾ വലത്തോട്ട് തിരിഞ്ഞുപോകണമെന്നാണ്. എന്നാൽ ഏകദേശം 25 മീറ്ററിനപ്പുറം വലത്തോട്ട് തിരിയേണ്ടിടത്ത് ബാരിക്കേഡുകൾ കൊണ്ട് പൂർണമായും അടച്ചിട്ടുമുണ്ട്. ഇതോടൊപ്പം 'വലത്തോട്ട് തിരിയരുത്' എന്ന അറിയിപ്പുമുണ്ട്.
ഔദ്യോഗിക ദിശാസൂചക ബോർഡിലെ നിർദേശപ്രകാരം യാത്ര ചെയ്യാനാകില്ലെന്നതാണ് സ്ഥിതിയെന്ന് ഇരുചക്ര വാഹന യാത്രക്കാർ പരാതിപ്പെടുന്നു. ഒരിടത്ത് വലത്തോട്ട് തിരിയണമെന്ന് നിർദ്ദേശിക്കുകയും മറുവശത്ത് ആ വഴി അടയ്ക്കുകയും ചെയ്യുന്നതാണ് കൺഫ്യൂഷൻ. കുറച്ചുനാൾ മുമ്പുവരെ വലത്തോട്ട് തിരിയാൻ ഇവിടെ സൗകര്യമുണ്ടായിരുന്നു.
കളക്ടർ, മേയർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, സിറ്റി പൊലീസ് കമ്മിഷണർ തുടങ്ങിയവർ ഉൾപ്പെടുന്ന ട്രാഫിക് റെഗുലേറ്ററി അതോറിറ്റി വിഷയം പരിഗണിക്കണമെന്നാണ് പൊതുആവശ്യം. ആരുടെ നിർദേശപ്രകാരമാണ് പരിഷ്കാരമെന്നും ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുണ്ടോയെന്നുമാണ് ചോദ്യം.
പടിഞ്ഞാറെക്കോട്ടയിൽ വാഹനത്തിരക്ക് കൂടുതലായതിനാൽ ദിശാസൂചനകളിലെ വൈരുദ്ധ്യം അപകടത്തിനിടയാക്കുമെന്നും ആശങ്കയുമുണ്ട്. വാഹനങ്ങൾ പെട്ടെന്ന് ദിശമാറ്റുന്നതും വഴിയറിയാതെ നിറുത്തുന്നതും മറ്റ് വാഹനങ്ങളുടെ സഞ്ചാരത്തെ തടസപ്പെടുത്തുന്നുമുണ്ട്.
ടു വീലർ യൂസേഴ്സ് അസോസിയേഷൻ നിവേദനം നൽകി
പടിഞ്ഞാറെക്കോട്ടയിലെ ഗതാഗതപ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും കോർപറേഷൻ മേയർക്കും ടു വീലർ യൂസേഴ്സ് അസോസിയേഷൻ നിവേദനം നൽകി. അടിയന്തരമായി സംയുക്ത ഗതാഗതപരിശോധന നടത്തി ക്രമീകരണങ്ങളുടെ ശാസ്ത്രീയത വിലയിരുത്തണം. അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ യാത്രക്കാരുടെ ആശയക്കുഴപ്പവും അപകടസാദ്ധ്യതയും ഒഴിവാക്കാൻ പൂർവസ്ഥിതി പുനഃസ്ഥാപിക്കണമെന്നും നിവേദനത്തിലുണ്ട്.
പടിഞ്ഞാറെക്കോട്ടയിലെ സ്ഥലസൗകര്യം പ്രയോജനപ്പെടുത്തി, ഗതാഗതത്തിന്റെ തിരക്കും വാഹനങ്ങളുടെ ഒഴുക്കും കൃത്യമായി പഠിച്ച് ശാസ്ത്രീയ ക്രമീകരണം ഏർപ്പെടുത്തി ബുദ്ധിമുട്ടുമില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കണം.
-ജയിംസ് മുട്ടിക്കൽ, ചെയർമാൻ, ടു വീലർ യൂസേഴ്സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |