SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

ഹാൾ വാടക ഭാരമാകില്ല, സംഘാടനം ഇനി എളുപ്പം

d

തൃശൂർ: എഴുത്തുകാർക്കും സാംസ്‌കാരിക പ്രവർത്തകർക്കും പരിപാടികൾ സംഘടിപ്പിക്കുന്നതിന് ചുരുങ്ങിയ ചെലവിൽ കേരള സാഹിത്യ അക്കാഡമിയിൽ പുതിയ സൗകര്യം ഒരുങ്ങുന്നു. സാഹിത്യ അക്കാഡമി സ്മൃതി മണ്ഡപം 500 - 600 രൂപാ നിരക്കിൽ ചെറിയ പരിപാടികൾക്ക് സജ്ജമാക്കാനാണ് തീരുമാനം. ചെറിയ സാംസ്‌കാരിക സംഘടനകൾക്കും എഴുത്തുകാർക്കും അക്കാഡമി ഹാളുകളുടെ ഉയർന്ന വാടക മൂലം പരിപാടികൾ സംഘടിപ്പിക്കുന്നതിന് തടസമാകുന്നുവെന്ന് പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം. ഭാരിച്ച ചെലവ് വരുന്നതോടെ പലരും അക്കാഡമിയിൽ നിന്നും അകന്നുപോകുന്നുണ്ടെന്നാണ് പുതുതായി ചുമതലയേറ്റെടുത്ത ഭാരവാഹികളുടെ വിലയിരുത്തൽ. എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും അക്കാഡമിയോട് കൂടുതൽ അടുപ്പിക്കുകയെന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ട്. ആദ്യഘട്ടത്തിൽ അക്കാഡമി സ്മൃതിമണ്ഡപമാണ് ചെറിയ വാടകയ്ക്ക് നൽകുകയെങ്കിലും പിന്നീട് സൗകര്യം വിപുലപ്പെടുത്തും. അനുസ്മരണ പരിപാടികൾക്ക് സ്മൃതി മണ്ഡപം പൂർണമായും സൗജന്യമായിരിക്കുമെന്നും അക്കാഡമി സെക്രട്ടറി എം.പി.സുരേന്ദ്രൻ പറഞ്ഞു. തുടക്കത്തിൽ ലൈറ്റും ഫാനും സൗകര്യങ്ങളോടെ ഹാൾ നൽകാനാണ് തീരുമാനം. പിന്നീട് മൈക്ക് ഉൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തിയേക്കും.

 ഭാരം താങ്ങാനാകാതെ

സാംസ്കാരിക നഗരിയിൽ ഇപ്പോൾ ഒരു ചെറുപരിപാടി സംഘടിപ്പിക്കാൻ പോലും പതിനായിരക്കണക്കിന് രൂപ ചെലവഴിക്കണമെന്നതാണ് സ്ഥിതി. കേരള സാഹിത്യ അക്കാഡമിയിലെ എം.ടി ഹാൾ വാടകയ്ക്ക് എടുത്താൽ ഒരു ദിവസത്തിന് ജി.എസ്.ടി ഉൾപ്പെടെ 8260 രൂപ നൽകണം. ഇതോടൊപ്പം ചായയും ലഘുഭക്ഷണവും ഒരുക്കിയാൽ സാംസ്‌കാരിക സംഘടനകൾക്ക് അപ്രാപ്യമാകും. പകുതി ദിവസത്തേക്കാണെങ്കിൽ 5664 രൂപയാണ് എം.ടി ഹാൾ വാടക.

വാടക ഇങ്ങനെ

ഹാളിന്റെ പേര്....................മുഴുവൻ ദിവസം.................പകുതി ദിവസം

എം.ടി ഓഡിറ്റോറിയം:..................8260..............................................5664
വൈലോപ്പിള്ളി ഹാൾ:..................4602..............................................3068
ചങ്ങമ്പുഴ മന്ദിരം:............................5546..............................................3068
ബഷീർ വേദി:..................................8260...............................................8260
നാലപ്പാട്ട് ഓഡിറ്റോറിയം:.............4838...............................................3658

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL