SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

കുരച്ച് ചാടി തെരുവുനായ്ക്കൾ ഭയന്ന് വിറച്ച് ജനം

d

തൃശൂർ: ജില്ലയിൽ വീണ്ടും ഭീതിനിറച്ച് തെരുവുനായ്ക്കൾ അരങ്ങ് വാഴുന്നു. കഴിഞ്ഞ മാസങ്ങൾക്കുള്ളിൽ പലരുടെയും ജീവൻ വരെ നായ്ക്കളുടെ ആക്രമണം മൂലം നഷ്ടപ്പെട്ടു. കഴിഞ്ഞ മാർച്ചിലാണ് വെള്ളറക്കാട് വീടിനുള്ളിൽ എഴുന്നേൽക്കാൻ പോലും കഴിയാതെ കിടന്നിരുന്ന വൃദ്ധയെ തെരുവുനായ കടിച്ചുകൊന്ന ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അന്ന് മാനസികാസ്വസ്ഥ്യമുള്ള മകനെയും തെരുവുനായ കടിച്ചു കീറിയിരുന്നു. ആ പരിക്കിൽ നിന്ന് മോചിതനാകാൻ കഴിയാതിരുന്ന ഇയാൾ ഏതാനും ദിവസം മുൻപ് മരണത്തിന് കീഴടങ്ങിയിരുന്നു. അമ്മ നായയുടെ ആക്രമണത്തിൽ ചോരയിൽ കുളിച്ച് കിടക്കുമ്പോൾ അറുപതുകാരനായ മകന് അന്ന് ഒന്നും ചെയ്യാൻ പോലും സാധിച്ചില്ല. ജില്ലയുടെ പല ഭാഗങ്ങളിലും തെരുവുനായ്ക്കൾ തമ്പടിക്കുന്നത് ജനങ്ങൾക്കേറെ ഭീഷണിയായിരിക്കുകയാണ്. ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നത് മൂലം കാൽനടയാത്രികരും വിദ്യാർത്ഥികളും ഭീതിയിലാണ്. ഇരുചക്രവാഹനങ്ങളുടെ പുറകെ പാഞ്ഞ് വരുന്നതോടെ നിയന്ത്രണം വിട്ട് മറിയുന്നതും പതിവാണ്. അക്രമകാരികളായ നായ്ക്കളെ കൊല്ലാമെന്ന് തദ്ദേശവകുപ്പ് മാർനിർദ്ദേശം പുറത്തിറക്കിയിരുന്നെങ്കിലും അതിനും നൂലാമാലകൾ ഏറെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നായ്ക്കളെ യന്ത്രം ഉപയോഗിച്ച് കൊല്ലാൻ പാടില്ല. സോഡിയം പെന്റോ ബാർബിറ്റൽ, തയോ പെന്റാൽ സോഡിയം എന്നിവ മാത്രമേ കുത്തിവെക്കാൻ പാടുള്ളൂ. ദയാവധത്തിന് നായ്ക്കളെ പിടികൂടിയ ശേഷം മൂന്നുനാൾ ഐസൊലേഷൻ സെല്ലിൽ പാർപ്പിക്കണം. ആരെങ്കിലും ഏറ്റെടുക്കാൻ തയ്യാറുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമായിരിക്കണം ദയാവധമെന്നും മാർഗനിർദ്ദേശത്തിലുണ്ട്. കൂടാതെ, നായ്ക്കളുടെ വിശദ രജിസ്റ്റർ സൂക്ഷിക്കുകയും ക്യാപ്ചർ മാപ് തയ്യാറാക്കുകയും വേണമെന്നും വ്യക്തമാക്കുന്നു.

 വന്ധീകരണവും പാളുന്നു

തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കാൻ വന്ധീകരണം ഉൾപ്പെടെ നടത്തുന്നുണ്ടെങ്കിലും ഫലപ്രദമല്ല. എ.ബി.സി പദ്ധതിയും കാര്യക്ഷമമല്ല. കാച്ചർമാരെ ഉപയോഗിച്ച് തെരുവുനായ്ക്കളെ പിടികൂടി കുത്തിവയ്പ് നടത്തുകയാണ് ചെയ്യുന്നത്. എന്നാൽ പത്തോ പതിനഞ്ചോ നായ്ക്കൾ ഉണ്ടെങ്കിൽ നാലോ അഞ്ചോ മാത്രമെ പിടികൂടാനാകൂവെന്നാണ് മൃഗഡോക്ടർമാർ പറയുന്നത്. പിടികൂടുന്നത് കണ്ടാൽ മറ്റ് നായ്ക്കൾ സ്ഥലം വിടുമത്രെ. അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങളും മാംസാവിശിഷ്ടങ്ങളും മറ്റും റോഡരികിൽ തള്ളുന്നത് പതിവാണ്. രാവും പകലുമില്ലാതെ പലയിടങ്ങളിലും നായ്ക്കൾ വിഹരിക്കുന്നതിന് ഇത് കാരണമാകുന്നു. ആക്രമണകാരികളായ നായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമുകളിലാക്കണമെന്ന് നാട്ടുകാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL