മാനന്തവാടി: മാനന്തവാടി തലശ്ശേരി റോഡിൽ തവിഞ്ഞാൽ 42 നും വരയാൽ 41 നുമിടയിലുള്ള പാലത്തിന്റെ കൈവരികൾ ഇരുഭാഗത്തും തകർന്നത് അപകടഭീഷണി ഉയർത്തുന്നു. വയനാട്ടിൽ നിന്നും കണ്ണൂരിലേക്കുള്ള പ്രധാന പാതയാണ് മാനന്തവാടി തലശ്ശേരി റോഡ്. അപകടം നിറഞ്ഞ പാൽച്ചുരം യാത്ര ഒഴിവാക്കാൻ ഭാരം കയറ്റിയ വാഹനങ്ങളുൾപ്പെടെ കൂടുതലും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ടാറിംഗ് ചെയ്തു ഗതാഗതയോഗ്യമാക്കിയ റോഡിൽ വാഹനങ്ങൾ മിക്കപ്പോഴും അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്. മാനന്തവാടിയിൽനിന്നുള്ള യാത്രയിൽ വളവിലും ഇറക്കത്തിലുമാണ് പാലം. വേഗത്തിലെത്തുന്ന വാഹനങ്ങൾ കൈവരി തകർന്ന് താഴേക്ക് പതിക്കാനുള്ള സാധ്യത ഏറെയാണ്. സമീപത്തുള്ള സ്വകാര്യ പാർക്കിലേക്കുള്ള വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടന്നുപോകുന്നുണ്ട്. പാലം കഴിഞ്ഞാണ് വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം. രാപ്പകൽ ഭേദമന്യേ നൂറുകണക്കിനു വാഹനങ്ങൾ ദിനംപ്രതി ഓടുന്ന പാതയാണിത്.
റോഡ് പരിചയമില്ലാതെ എത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടാൻ സാധ്യത കൂടുതൽ. എല്ലാ ദിവസവും പുലർച്ചെ ഊട്ടിയിൽനിന്നു കണ്ണൂരിലേക്ക് കേരള ആർ.ടി.സി. ബസും കണ്ണൂരിൽനിന്ന് ഊട്ടിയിലേക്കുള്ള തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസും ഇതുവഴി ഓടുന്നുണ്ട്. അപകടങ്ങളുണ്ടാവുന്നതിനുമുമ്പേ കൈവരി പുനഃസ്ഥാപിച്ച് യാത്രക്കാരുടെ സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യം.
മുന്നറിയിപ്പ് ബോർഡുകളില്ല
കൈവരി തകർന്നത് വാഹനങ്ങളിൽ വരുന്നവർക്ക് വ്യക്തമാകുന്ന രീതിയിൽ പാലം തുടങ്ങുന്നിടത്തോ അവസാനിക്കുന്നയിടത്തോ അപകടസൂചനാ മുന്നറിയിപ്പൊന്നും സ്ഥാപിച്ചിട്ടില്ല. കാലപ്പഴക്കത്താൽ തകർന്ന കൈവരിയിൽ ബാരിക്കേഡ് ടാപ്പ് കെട്ടിയിരിക്കുകയാണ്. രാത്രിയിൽ എന്തെങ്കിലും അപകടം അടുത്ത് ആശുപത്രി പോലുമില്ല. 13 കിലോമീറ്റർ പിന്നിട്ട് മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജിൽ മാത്രമാണ് ചികിത്സ ലഭിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |