SignIn
Kerala Kaumudi Online
Tuesday, 06 October 2026 5.20 AM IST

മലയോര ഹൈവേ പ്രവർത്തികൾ പൂർത്തിയായില്ല; അപകട ഭീഷണി ഉയർത്തുന്നു 

putha
മാനന്തവാടി കണ്ണൂർ വിമാനത്താവളം റോഡിലെ പുത്തൻപുര ഭാഗത്ത് പ്രവർത്തി പൂർത്തീകരിക്കാത്ത ഭാഗം

മാനന്തവാടി: മലയോര ഹൈവേ പ്രവൃത്തി മാനന്തവാടിയിൽ ദുരിതമായി മാറുന്നു. കിഫ്ബി ഫണ്ടുപയോഗിച്ച്‌ കേരള റോഡ് ഫണ്ട്‌ ബോർഡ് (കെ.ആർ.എഫ്.ബി.) ആണ് മലയോര ഹൈവേ പ്രവൃത്തി തുടങ്ങിയത്. മാനന്തവാടി മണ്ഡലത്തിൽ മാത്രം 42.5 കിലോമീററർ ദൂരമാണ് മലയോര ഹൈവേയിലുൾപ്പെടുത്തി നവീകരിക്കാനുദ്ദേശിച്ചത്. എന്നാൽ പ്രവൃത്തി പലയിടങ്ങളിലും പാതിവഴിയിലായത്‌ റോഡ് വഴിയുള്ള യാത്രയ്ക്ക് അപകടഭീഷണി ഉയർത്തുന്നു. മാനന്തവാടി കണ്ണൂർ വിമാനത്താവളം റോഡിലെ പുത്തൻപുരയിലും മാനന്തവാടി നാലാംമൈൽ കൽപ്പറ്റ റോഡിലെ ദ്വാരകയിലും റോഡ് പണി പൂർത്തിയാവാത്തത് വലിയ അപകടഭീഷണി ഉയർത്തുന്നു. ദ്വാരകയിൽ ഇറക്കത്തിലും പുത്തൻപുരയിൽ വളവിലുമാണ്‌ റോഡ് നിർമാണം പൂർത്തിയാവാനുള്ളത്. അപായ സൂചനയ്ക്കായി റോഡിലേയ്ക്ക് കയറ്റിവെച്ച ഡിവൈഡറുകളും അപകടക്കെണിയാണ്. പലയിടത്തും റോഡിന്റെ ഭാഗങ്ങൾ ഒരുപോലെയല്ല ഉള്ളത്. എരുമത്തെരുവിൽ ഫാ. ജി.കെ.എം. സ്‌കൂൾ ഭാഗത്തേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് റോഡ് ഗതാഗതയോഗ്യമല്ല. എരുമത്തെരുവിൽ റോഡ് ഒരേ നിരപ്പിലല്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷപേലെയുള്ള വാഹനങ്ങൾക്കും അപകടഭീഷണിയുണ്ട്. നിർമാണം പൂർത്തിയാവാനുള്ള ഭാഗങ്ങൾക്കിരുവശവും നല്ല റോഡായതിനാൽ വാഹനങ്ങൾ അമിതവേഗത്തിലാണ് വരുന്നത്. റോഡിലെ തടസ്സം കണ്ട് വാഹനം നിർത്താൻ ശ്രമിക്കുമ്പോൾ അപകടമുണ്ടാവാനുള്ള സാധ്യത ഏറെയാണ്.

നിർമാണം പൂർത്തിയായില്ല;

ആശങ്കയിൽ ജനം

കിഫ്ബിയിൽനിന്നുള്ള ഫണ്ടുപയോഗിച്ചുള്ള പ്രവൃത്തികൾ നിലച്ചതോടെ റോഡ് ഇനി നന്നാക്കില്ലെന്ന ആശങ്കയിലാണ് ജനം. ആദ്യഘട്ടത്തിൽ പദ്ധതിക്കായി കിഫ്ബി 106കോടി രൂപ സഹായധനമാണ് അനുവദിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്‌ റോഡ്പണി ഏറ്റെടുത്തത്. 2024 ഏപ്രിൽ 10നകം റോഡ് പണി പൂർത്തിയാക്കാനുള്ള ഉടമ്പടിയാണ് കരാറുകാർ ആദ്യം വെച്ചത്. അരിക് കെട്ട് ഉൾപ്പെടെയുള്ള പ്രവൃത്തിയും വന്നതിനാൽ യഥാസമയം റോഡ് നിർമാണം പൂർത്തിയാക്കിയില്ല. പല തവണകളിലായി കാലാവധി ദീർഘിപ്പിച്ചെങ്കിലും ഇതുവരേയും റോഡ് നിർമാണം പൂർത്തിയാക്കാത്തത് ജനങ്ങൾക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ബി.എം.ബി.സി. (ബിറ്റുമിനസ് മെക്കാഡം ആൻഡ് ബിറ്റുമിനസ്‌ കോൺക്രീറ്റ്) നിലവാരത്തിൽ മലയോര ഹൈവേയുടെ ഭാഗമായി റോഡ് നവീകരിക്കുമെന്നാണ് പറഞ്ഞത്. ഒന്നാം ഘട്ടമായ ബിറ്റുമിനസ് മെക്കാഡത്തിന്റെ പ്രവൃത്തി മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. സംസ്ഥാനത്ത് ഭരണമാറ്റവും വന്നതോടെ മലയോര ഹൈവേ പ്രവൃത്തി പാതിവഴിയിൽ നിലയ്ക്കുമോ എന്ന ആശങ്കയും ജനത്തിനുണ്ട്.

മലയോര ഹൈവേ; വടക്കേ വയനാടിനേയും

തെക്കേ വയനാടിനേയും ബന്ധിപ്പിക്കുന്ന പാത


വടക്കേ വയനാടിനെയും തെക്കേ വയനാടിന്റെയും ബന്ധിപ്പിക്കുന്നതാണ് മലയോര ഹൈവേ. ബോയ്സ് ടൗണിൽ നിന്നാരംഭിച്ച് തലപ്പുഴ മാനന്തവാടി നഗരം വഴി കോഴിക്കോട്‌ റോഡിലൂടെ നാലാംമൈൽ പനമരംപച്ചിലക്കാട് വരെയും, വാളാട് മുതൽ കുങ്കിച്ചിറ വരെയും ഉള്ളറോഡുകളാണ് മലയോര ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബോയ്സ് ടൗൺ മുതൽ മാനന്തവാടി ഗാന്ധിപാർക്ക് വരെ 13 കിലോമീറ്റർ ദൂരവും മാനന്തവാടിയിൽ നിന്ന് പച്ചിലക്കാട് വരെ 19.5 കിലോമീറ്റർ ദൂരവുമാണുള്ളത്. വാളാട് മുതൽ കുങ്കിച്ചിറ വരെയുള്ള 10 കിലോമീറ്റർ ദൂരവും മലയോര ഹൈവേ പദ്ധതിയിലുൾപ്പെടുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL