SignIn
Kerala Kaumudi Online
Tuesday, 06 October 2026 5.28 AM IST

കാലംതെറ്റി കാപ്പി പൂത്തു, കർഷകർ ദുരിതത്തിൽ

kappy-poo
കാലംതെറ്റിപൂത്തകാപ്പി

സുൽത്താൻബത്തേരി: രണ്ട് മാസം കഴിഞ്ഞാൽ കാപ്പി വിളവെടുപ്പിന്പാകമാകും. എന്നാൽ അതിന് മുമ്പ്തന്നെ കാപ്പി വയനാട്ടിൽ വ്യാപകമായിപൂത്തുതുടങ്ങി. കാലാവസ്ഥയിലെ അസാധാരണ മാറ്റമാണ് വയനാട്ടിലെ കാപ്പിത്തോട്ടങ്ങളെബാധിച്ചിരിക്കുന്നത്. സാധാരണ വിളവെടുപ്പിന് ശേഷമാണ് കാപ്പികൾ പൂക്കാറുള്ളത്. കാലം തെറ്റികാപ്പിച്ചെടികൾ പലയിടത്തും പൂവിട്ടത് കർഷകരിൽ ആശങ്കയുണ്ടാക്കുന്നു. വേനൽമഴ ലഭിക്കുന്നതോടെയാണ് സാധാരണയായി കാപ്പിച്ചെടികൾ ഒരേ സമയത്ത് പൂവിടുന്നത്. തുടർന്ന് കായകൾ രൂപപ്പെട്ട് മാസങ്ങൾക്കുശേഷം വിളവെടുപ്പിന് പാകമാകും. എന്നാൽ ഇത്തവണ മഴയുടെ ലഭ്യത കുറഞ്ഞതും ദീർഘകാലം വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടതും കാപ്പിച്ചെടികളുടെ സ്വാഭാവിക പൂക്കാലിന്റെ താളം തെറ്റിച്ചതായാണ് കർഷകരുടെ വിലയിരുത്തൽ. ചില തോട്ടങ്ങളിൽ ഒറ്റപ്പെട്ടും മറ്റിടങ്ങളിൽ വലിയ തോതിലും പൂക്കൾ വിരിഞ്ഞിട്ടുണ്ട്. ഇതോടെ ഒരേ ചെടിയിൽ വിളവെടുപ്പിന് പാകമായകായകളും പുതുതായി വിരിഞ്ഞ പൂക്കളും ഒരേസമയം കാണുന്ന സ്ഥിതിയാണ്. ഇത് ചെടിയേയുംവിളവിനെയും ബാധിക്കും. നിലവിലെ കായകൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിനൊപ്പം പുതിയ പൂക്കൾ രൂപപ്പെടുന്നതും ചെടിക്ക് അധിക സമ്മർദമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. വിളവെടുപ്പിന് തയ്യാറെടുക്കുന്ന കായകൾക്കിടയിൽ പുതിയ പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് കാപ്പിത്തോട്ടങ്ങളിലെ പതിവ് കാഴ്ചയിൽനിന്നുള്ള വ്യത്യാസമാണ്. പുതിയ പൂക്കളിൽനിന്ന് കായകൾ രൂപപ്പെട്ടാലും അവ വിളവെടുപ്പിന് പാകമാകാൻ കൂടുതൽ സമയം വേണ്ടിവരും. ഇതോടെ അടുത്ത വിളവെടുപ്പിന്റെ കാലക്രമത്തിലും മാറ്റമുണ്ടാകുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്. മഴയുടെ ലഭ്യത കുറഞ്ഞതിനാൽ ഈ വർഷം പല തോട്ടങ്ങളിലും ആവശ്യത്തിന് വളപ്രയോഗം നടത്താൻ കഴിഞ്ഞിട്ടില്ല. വരൾച്ചയും ഉയർന്ന താപനിലയും മൂലം ചെടികളുടെ വളർച്ചയും കായ്കളുടെ വികാസവും ഇതിനകം തന്നെ പ്രതികൂലമായി ബാധിച്ചു. മഴയുടെ കുറവും മണ്ണിലെ ഈർപ്പക്കുറവും കാരണം വളപ്രയോഗം നടത്തിയാലും അതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് കർഷകർക്ക് ആശങ്കയുണ്ട്.

ഇത്തവണ കാപ്പി ഉത്പാദനത്തിൽ കുറവുണ്ടാകുമെന്ന വിലയിരുത്തലും കർഷകർക്കിടയിലുണ്ട്.

കാലവർഷം കുറഞ്ഞു ചൂട്കൂടി

വയനാട്ടിലെ കാപ്പി കൃഷിയിൽ കാലാവസ്ഥയ്ക്ക് വലിയ പ്രാധാന്യമുണ്ട്. മഴയുടെ സമയത്തുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും പൂക്കാലത്തെയും കായപിടിത്തത്തെയും ബാധിക്കാറുണ്ട്. ഇത്തവണ കാലവർഷത്തിന്റെ ലഭ്യത കുറഞ്ഞതിനു പിന്നാലെ ചൂട് കൂടിയതും തോട്ടങ്ങളിലെ മണ്ണിലെ ഈർപ്പം കുറയാൻ കാരണമായി. വേനൽച്ചൂട് വർദ്ധിച്ചതോടെ പല പ്രദേശങ്ങളിലും കാപ്പിച്ചെടികൾ ജലലഭ്യതക്കുറവ് നേരിട്ടു. സാധാരണയായി മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന ചെറുകിട കർഷകർക്ക് ആവശ്യമായ സമയത്ത് ജലസേചനം നടത്താനും സാധിച്ചില്ല. ഇതും കാപ്പിച്ചെടികളുടെ സ്വാഭാവിക വളർച്ചാക്രമത്തിൽ മാറ്റമുണ്ടാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL