
വാഷിംഗ്ടൺ: യു.എസിൽ മാത്രമല്ല, അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിലെ സംഭവ വികാസങ്ങളും ട്രംപിനെ അസ്വസ്ഥമാക്കുന്നതാണ്. നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യത്തിന് ഭരണത്തുടർച്ചയ്ക്ക് സാദ്ധ്യത കുറവാണ്. പ്രതിപക്ഷ സ്ഥാനാർത്ഥിയും യാഷർ പാർട്ടി നേതാവുമായ ഗാഡി ഐസൻകോട്ടിനാണ് പിന്തുണ കൂടുതൽ. അദ്ദേഹത്തെ പ്രസിഡന്റ് ഐസക് ഹെർസോഗ് സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചേക്കും.
സർക്കാർ രൂപീകരണ നടപടികൾക്ക് ഹെർസോഗ് ഇന്നലെ ഔദ്യോഗികമായി തുടക്കമിട്ടിരുന്നു. ഇന്നും ചർച്ച തുടരും. പാർട്ടികൾ തങ്ങളുടെ നോമിനിയെ നിർദ്ദേശിക്കും. 48 സീറ്റുള്ള പ്രതിപക്ഷത്തിന് പുറമേ 19 സീറ്റുള്ള അറബ് പാർട്ടികളും ഐസൻകോട്ടിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നു. 61 സീറ്റാണ് ഭൂരിപക്ഷം.
പ്രസിഡന്റിന്റെ ക്ഷണം ലഭിച്ചാൽ സർക്കാർ രൂപീകരണത്തിന് ഐസൻകോട്ടിന് മുന്നിൽ പരമാവധി 42 ദിവസം സമയം ലഭിക്കും. അതേ സമയം, 53 സീറ്റാണ് നെതന്യാഹു സഖ്യത്തിനുള്ളത്. ഐസൻകോട്ട് അധികാരത്തിലേറാതിരിക്കാനുള്ള രഹസ്യ ചർച്ചകൾ അവസാന നിമിഷവും നെതന്യാഹു പക്ഷം നടത്തുന്നുണ്ട്.
നെതന്യാഹു അധികാരത്തിൽ നിന്ന് പുറത്തായാൽ ഇറാനിലെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് ട്രംപിന് മുന്നിൽ തടസമാകും. തന്റെ സുഹൃത്തായ ബിബിയെ (നെതന്യാഹു അനുയായികൾക്കിടെയിൽ അറിയപ്പെടുന്നത്) വിജയിപ്പിക്കണമെന്ന് ട്രംപ് ഇസ്രയേൽ ജനതയോട് ആഹ്വാനം ചെയ്തിരുന്നെങ്കിലും ഗുണംചെയ്തില്ല. ഒക്ടോബർ 27നായിരുന്നു ഇസ്രയേലിൽ തിരഞ്ഞെടുപ്പ്. ആരും ഭൂരിപക്ഷം നേടാത്തതിനാൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായി. നെതന്യാഹു നിലവിൽ കാവൽ പ്രധാനമന്ത്രിയായി തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |