
വാഷിംഗ്ടൺ: പതിവിലും നിന്ന് വ്യത്യസ്തമായിരുന്നു ഇത്തവണ ട്രംപിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിലെ തിരിച്ചടി ട്രംപ് അംഗീകരിച്ചേക്കില്ലെന്നും കുറ്റപ്പെടുത്തലുകളുടെ പ്രവാഹമുണ്ടായേക്കുമെന്നും കരുതിയെങ്കിലും തെറ്റി. തിരഞ്ഞെടുപ്പ് ഫലം താൻ അംഗീകരിക്കുമെന്ന് ട്രംപ് പറഞ്ഞത് ഏവരെയും ഞെട്ടിച്ചു. ഫലം അംഗീകരിക്കാൻ താൻ പൂർണ്ണമായും തയ്യാറാണെന്ന് ന്യൂയോർക്ക് ടൈംസ്, ഫോക്സ് ന്യൂസ് തുടങ്ങിയ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഡെമോക്രാറ്റുകൾ നല്ല പ്രകടനം കാഴ്ചവച്ചെന്നും ജയിച്ചവരുമായി സഹകരിക്കുമെന്നും ട്രംപ് പറഞ്ഞത് സ്വന്തം പാർട്ടിക്കാരെ പോലും അമ്പരപ്പിച്ചു. എന്നിരുന്നാലും തിരിച്ചടിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാൻ ട്രംപ് തയ്യാറായില്ല.
ഞാനില്ലാതായിപ്പോയി !
താൻ മത്സരത്തിനുണ്ടായിരുന്നെങ്കിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകില്ലായിരുന്നു എന്നാണ് ട്രംപിന്റെ നിരീക്ഷണം. താൻ ബാലറ്റിലുണ്ടായിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വമ്പൻ ജയം ലഭിച്ചേനേ എന്നും അവകാശപ്പെട്ടു.
ഇറാൻ പ്രശ്നമായി
ഇറാനുമായുള്ള സംഘർഷവും അതുമൂലമുണ്ടായ വൻ ഇന്ധന വിലക്കയറ്റവും തിരിച്ചടിക്ക് പ്രധാന കാരണങ്ങളായെന്ന് ട്രംപ് സമ്മതിച്ചു. ' ഇറാൻ വിഷയത്തിൽ ഞാൻ ചെയ്യുന്ന കാര്യങ്ങളോട് ജനങ്ങൾക്ക് യോജിപ്പുണ്ട്. എന്നാൽ പെട്രോളിന് കൂടുതൽ വില നൽകേണ്ടി വരുന്നത് പോലുള്ള ഹ്രസ്വകാല പ്രത്യാഘാതം നേരിടാൻ അവർ ആഗ്രഹിച്ചിരുന്നില്ല. എനിക്ക് അത് മനസ്സിലാക്കുന്നു ' - ഫോക്സ് ന്യൂസിന്റെ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
നിരാശയില്ല
കെൻ പാക്സ്ടൺ (ടെക്സസ് - സെനറ്റ് ), ഡാർലീൻ ഗ്രഹാം (സൗത്ത് കാരലൈന - സെനറ്റ്) തുടങ്ങിയ താൻ തിരഞ്ഞെടുത്ത സ്ഥാനാർത്ഥികൾ തോറ്റിട്ടും ട്രംപിന് കുലുക്കമില്ല. തന്റെ തിരഞ്ഞെടുപ്പുകളിൽ തനിക്ക് നിരാശയില്ലെന്ന് ട്രംപ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |