തിരുവനന്തപുരം: ഇന്ത്യൻ ടീമിനെ നയിക്കാനുള്ള ശരിയായ കാഴ്ചപ്പാടും തീവ്രതയും ശുഭ്‌മാൻ ഗില്ലിനുണ്ടെന്ന് മുൻ ഇന്ത്യൻ നായകനും സ്റ്റാർ ബാറ്ററുമായ വിരാട് കൊഹ്‌ലി. ക്യാപ്ടനെന്ന നിലയിൽ അദ്ദേഹം കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കൊഹ്‌ലി പറഞ്ഞു. നാളെ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിന് മുന്നോടിയായി ജിയോസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ക്യാപ്ടനെന്ന നിലയിൽ ഗിൽ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ അദ്ദേഹം ചെറുപ്പമാണ്. എന്നാൽ ഇന്ത്യൻ ടീമിനെ നയിക്കാൻ ആവശ്യമായ കാഴ്ചപ്പാടും തീവ്രതയും അദ്ദേഹത്തിനുണ്ട് . ഫീൽഡിൽ ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് വ്യക്തമായ പ്ലാനുകളുണ്ട്,' കൊഹ്‌ലി പറഞ്ഞു.
ക്യാപ്ടൻ എന്ന നിലയിൽ കൂടുതൽ മത്സരപരിചയവും സാഹചര്യങ്ങൾ മനസിലാക്കാനുള്ള ശേഷിയും കൈവരിക്കുന്നതോടെ ഗില്ലിന്റെ തീരുമാനങ്ങളിലും കൂടുതൽ പുരോഗതിയുണ്ടാകുമെന്നും കൊഹ്‌ലി ചൂണ്ടിക്കാട്ടി.
'കൂടുതൽ അനുഭവസമ്പത്തും സാഹചര്യങ്ങൾ മനസിലാക്കാനുള്ള കഴിവും ലഭിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങളിലും മാറ്റമുണ്ടാകും. ഒരു ടീമിന്റെ നേതൃത്വത്തിൽ എത്തുന്ന എല്ലാവരും ഇങ്ങനെ പഠിച്ചും അനുഭവത്തിൽ നിന്ന് മെച്ചപ്പെട്ടുമാണ് മുന്നോട്ട് പോകുന്നത്. മൈതാനത്ത് ബാറ്റർമാരെ എങ്ങനെ പുറത്താക്കാമെന്നതിനെക്കുറിച്ച് ഗിൽ കൃത്യമായി ആസൂത്രണം നടത്താറുണ്ട്.
പുതിയ രീതികൾ പരീക്ഷിക്കാനും എതിരാളികൾക്ക് മേൽ സമ്മർദം ചെലുത്താനും അദ്ദേഹം ശ്രദ്ധിക്കുന്നു. വ്യത്യസ്തമായ ഫീൽഡിംഗ് ക്രമീകരണങ്ങളിലൂടെ എതിരാളികളെ സമ്മർദത്തിലാക്കാൻ ഗിൽ ശ്രമിക്കാറുണ്ട്. അതിനനുസരിച്ച് ബൗളർമാർക്ക് കൃത്യമായ നിർദേശങ്ങളും നൽകും. ബാറ്റർമാരെ കുരുക്കിലാക്കാൻ പുതിയ ബൗളിംഗ് തന്ത്രങ്ങൾ പരീക്ഷിക്കുന്നതും ഗില്ലിന്റെ ശൈലിയാണ്'- കൊഹ്‌ലി കൂട്ടിച്ചേർത്തു.
ഏകദിന ക്രിക്കറ്റിൽ മികച്ച ഫോമിലാണ് കൊഹ്‌ലി. കഴിഞ്ഞ 10 ഏകദിനങ്ങളിൽ മൂന്ന് സെഞ്ച്വറികളും 90 റൺസിന് മുകളിലുള്ള ഒരു ഇന്നിംഗ്സും നാല് അർദ്ധസെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്ന താരമായതോടെ കഴിഞ്ഞ 18 മാസമായി കൂടുതൽ ഉന്മേഷത്തോടെയാണ് കൊഹ്‌ലി ബാറ്റുവീശുന്നത്.
Former Indian captain Virat Kohli stated that Shubman Gill possesses the right vision and intensity to lead the Indian team. Kohli acknowledged Gill is still learning as captain but has clear plans for the team, experimenting with strategies and field placements to pressure opponents. He believes Gill will improve significantly with more experience and understanding of game situations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |