SignIn
Kerala Kaumudi Online
Saturday, 26 September 2026 9.04 PM IST

'എന്തിനും തയ്യാറാണ്, 2027 എന്റെ അവസാന ലോകകപ്പായിരിക്കും'; ആരാധകരെ ഞെട്ടിച്ച് കൊഹ്‌ലിയുടെ പ്രഖ്യാപനം

READ ENGLISH VERSION
virat-kohli-
വിരാട് കൊഹ്‌ലി

തിരുവനന്തപുരം: 2027ലെ ഏകദിന ലോകകപ്പ് തന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കൊഹ്‌ലി. ടെസ്റ്റ്, ട്വന്റി-20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച കൊഹ്‌ലി നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇന്ത്യയ്ക്കായി കളിക്കുന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന 2027 ലോകകപ്പാണ് ഇന്ത്യയ്ക്കായി തന്റെ അവസാന ലോകകപ്പ് മത്സരമെന്ന് കൊഹ്ലി വ്യക്തമാക്കി. നാളെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ജിയോസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയ്ക്കായി ഞാൻ കളിക്കുന്ന അവസാന ലോകകപ്പായിരിക്കും ഇത്. ടീമിനായി കഴിയുന്നതെല്ലാം നൽകാനാണ് ലക്ഷ്യം. ലോകകപ്പ് നേടുക എന്നതാണ് പ്രധാന ലക്ഷ്യം. അതിനായി എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്. ഏകദിന ലോകകപ്പിലെ മത്സരങ്ങളുടെ തീവ്രത മറ്റേതൊരു ഫോർമാറ്റിനേക്കാളും കൂടുതലാണ്. ഒരു ട്വന്റി20 മത്സരത്തിന്റെ തീവ്രതയോടെ ഏകദേശം 10 മത്സരങ്ങൾ കളിക്കേണ്ടിവരും. ഒരു ദിവസം രണ്ടര ട്വന്റി-20 മത്സരങ്ങൾ കളിക്കുന്നതിന് തുല്യമായ അധ്വാനമാണ് ഓരോ മത്സരത്തിലും വേണ്ടിവരുന്നത്,' കൊഹ്‌ലി കൂട്ടിച്ചേർത്തു.

2027ലെ ലോകകപ്പിനുള്ള ഇന്ത്യയുടെ ഒരുക്കങ്ങളുടെ ഭാഗമായാണ് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയെ കാണുന്നത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളാണ് കൊഹ്‌ലി‌. 54 സെഞ്ച്വറികളിൽ നിന്നും 14,941 റൺസാണ് താരം കൂട്ടിച്ചേർത്തത്. 2011ൽ എംസ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോഴും ടീമിലെ പ്രധാന താരമായിരുന്നു കൊഹ്‌ലി.

2024ലെ ട്വന്റി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെയാണ് കൊഹ്‌ലിയും രോഹിത് ശർമയും ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റതിന് പിന്നാലെ സ്വന്തം മണ്ണിൽ കിരീടം നേടാനാകാത്തതിന്റെ നിരാശയും ഇന്ത്യക്കുണ്ടായിരുന്നു. 2027 ലോകകപ്പിലേക്കുള്ള കൗണ്ട്ഡൗൺ ആരംഭിച്ചതോടെ കൊഹ്‌ലിയുടെയും രോഹിത്തിന്റെയും പരിചയസമ്പത്ത് ടീമിന് കൂടുതൽ കരുത്ത് നൽകുന്നുണ്ടെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടകും വ്യക്തമാക്കി.

English Summary

Indian star batter Virat Kohli confirmed the 2027 ODI World Cup will be his final tournament for India. Kohli, who has retired from Test and T20 cricket, stated his aim is to give his best and win the World Cup, scheduled in South Africa, Zimbabwe, and Namibia. He emphasized the intense nature of ODI World Cup matches.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRAT KOHLI, ROHIT SHARMA, 2027 CRICKET WORLDCUP, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360