കൊൽക്കത്ത : എസ്.ഐ.ആർ നടപ്പാക്കുന്നതിലൂടെ ബംഗാൾ പിടിച്ചെടുക്കാനുള്ള സർക്കാരിന്റെ നിർദ്ദേശമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജി ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷകണക്കിന് വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയ ഗ്യാനേഷ് കുമാറിനെ 'വാനിഷ് കുമാർ' എന്ന് വിളിച്ച് മമത പരിഹസിക്കുകയും ചെയ്തു. ഹൂഗ്ലിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സംസ്ഥാനത്തുടനീളം 92 ലക്ഷത്തിലധികം സാധുവായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്ന് മമത പറഞ്ഞു. ഗ്രാമീണരെയും സ്ത്രീകളെയും ലക്ഷ്യമിട്ടാണ് ഈ നീക്കം നടന്നതെന്നും നടപടിക്രമങ്ങളിലെ ക്രമക്കേടുകൾ തുറന്നുകാട്ടുന്നതിന് ആവശ്യമായ രേഖകളും ചിത്രങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും അവർ വ്യക്തമാക്കി.
ബംഗാളിൽ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടെന്നും മമത ആരോപിച്ചു. വോട്ടർ പട്ടിക പുതുക്കലിലെ സത്യം പുറത്തുകൊണ്ടുവരാൻ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. റാലിയിൽ പങ്കെടുക്കാതിരിക്കാൻ തൃണമൂൽ നേതാക്കളെ വീട്ടുതടങ്കലിലാക്കി എന്നും റാലി നടത്താൻ അനുമതി ലഭിച്ചിരുന്നില്ലെന്നും മമത പറഞ്ഞിരുന്നു. മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനർജി മുഖേന കോടതിയുടെ അനുമതി നേടിയാണ് മമത പൊതുസമ്മേളനങ്ങളിൽ സംസാരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |