SignIn
Kerala Kaumudi Online
Thursday, 18 June 2026 4.08 PM IST

ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടിക; എം.എ. യൂസഫലി ഏറ്റവും ധനികനായ മലയാളി

READ ENGLISH VERSION
forbes-india-richest

കൊച്ചി: ഫോബ്സ് പുറത്തുവിട്ട 2023-ലെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായി ലുലുഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി. 7.1 ബില്യൺ ഡോളർ ആസ്തിയാണ് യൂസഫലിക്ക് ഉള്ളത്. കഴിഞ്ഞ വർഷം 5.4 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ഇന്ത്യയിലെ സമ്പന്നരിൽ 35-ാം സ്ഥാനത്തായിരുന്ന യൂസഫലി ഇത്തവണ 27-ാം സ്ഥാനത്തേക്ക് മുന്നേറി.

ഏറ്റവും ധനികരായ മലയാളികളിൽ യൂസഫ് അലിക്ക് പിന്നിൽ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസാണ്. 4.4 ബില്യൺ ഡോളറിന്റെ ആസ്തിയോടെ റാങ്കിൽ 50-ാം സ്ഥാനം. കഴിഞ്ഞ വർഷം 3.1 ബില്യൺ ഡോളർ ആസ്തിയോടെ 69-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. യുഎഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിംഗ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 3.7 ബില്യൺ ഡോളർ ആസ്തിയോടെ പട്ടികയിലെ മലയാളികളിൽ മൂന്നാമനും ഏറ്റവും സമ്പന്നനായ യുവ മലയാളിയുമായി. രാജ്യത്തെ ഏറ്റവും സമ്പന്നനായ ഡോക്ടർ കൂടിയാണ് ഡോ. ഷംഷീർ.

വ്യക്തിഗത സമ്പന്നർക്കൊപ്പം 4.9 ബില്യൺ ഡോളർ (റാങ്ക് 43) ആസ്തിയുമായി മുത്തൂറ്റ് കുടുംബം,​ ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ 3.25 ബില്യൺ ഡോളർ (റാങ്ക് 67), ആർ.പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, 3.2 ബില്യൺ ഡോളർ (റാങ്ക് 69), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി, 2.93 ബില്യൺ ഡോളർ (റാങ്ക് 78) എന്നിവരാണ് ഫോബ്‌സിന്റെ ഇന്ത്യ സമ്പന്ന പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.

അംബാനി അതിസമ്പന്നൻ

ഫോബ്‌സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിൽ ഒന്നാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. 92 ബില്യൺ ഡോളർ ആസ്തിയാണ് അംബാനിക്കുള്ളത്. മുൻവർഷത്തെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി (68 ബില്യൺ ഡോളർ ആസ്തി)​ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശിവ്‌ നാടാർ (29.3 ബില്യൺ ഡോളർ)​, സാവിത്രി ജിൻഡാൽ (24 ബില്യൺ ഡോളർ)​, രാധാകൃഷ്ണൻ ദമാനി (23 ബില്യൺ ഡോളർ)​ എന്നിവർ ആദ്യ അഞ്ചിൽ ഇടം പിടിച്ചു.

മുൻ വർഷങ്ങളിൽ പട്ടികയിലുണ്ടായിരുന്ന ബൈജൂസിന്റെ ബൈജു രവീന്ദ്രനും, ദിവ്യ ഗോകുൽ നാഥും ഇക്കുറി പട്ടികയിൽ നിന്ന് പുറത്തായി. പ്രതിസന്ധികളെ തുടർന്ന് ബൈജൂസിന്റെ മൂല്യത്തിൽ വന്ന കുറവാണ് പട്ടികയിൽ നിന്ന് പുറത്താകാൻ കാരണം.

ഫോർബ്‌സിന്റെ കണക്കനുസരിച്ച് ഇന്ത്യൻ സമ്പന്നരുടെ മൊത്തം ആസ്തിയിയായ 799 ബില്യണിൽ വൻ കുതിപ്പുണ്ടായിട്ടില്ല. ഓഹരി വിപണിയിൽ 14ശതമാനം വർദ്ധനവ് ഉണ്ടായെങ്കിലും രൂപയുടെ മൂല്യത്തകർച്ച കാരണം സമ്പത്തിൽ ഇത് പ്രതിഫലിച്ചില്ലെന്നും ഫോബ്‌സ് വിലയിരുത്തുന്നു. 8 ശതകോടീശ്വരന്മാർ പട്ടികയിൽ നിന്ന് പുറത്തായപ്പോൾ 7 പേർ പട്ടികയിൽ തിരിച്ചെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360