
കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ ശേഖരം തുടർച്ചയായ രണ്ടാം വാരവും റെക്കാഡ് കീഴടക്കി കുതിച്ചു. ആഗസ്റ്റ് 28ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 1,147 കോടി ഡോളർ വർദ്ധിച്ച് 74,080 കോടി ഡോളറിലാണെത്തിയത്. വിദേശ നിക്ഷേപം ആകർഷിക്കാൻ പ്രവാസികൾക്കും ആഗോള സ്ഥാപനങ്ങൾക്കുമായി കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രഖ്യാപിച്ച പ്രത്യേക സ്കീമുകളിലേക്ക് വൻതോതിൽ വിദേശ നാണയം ഒഴുകിയെത്തിയതാണ് നേട്ടമായത്.
കഴിഞ്ഞ ഒരു മാസത്തിനിടെ വിദേശ നാണയ ശേഖരത്തിൽ 7,500 കോടി ഡോളറിന്റെ വർദ്ധനയുണ്ടായി.
ആഗസ്‌റ്റ് 21ന് അവസാനിച്ച വാരത്തിൽ 72,933 കോടി ഡോളറായിരുന്നു വിദേശ നാണയ ശേഖരം.
യെൻ, ഡോളർ, യൂറോ, പൗണ്ട് തുടങ്ങിയ വിദേശ നാണയങ്ങളുടെ മൂല്യം 993 കോടി ഡോളർ ഉയർന്ന്
60,067 കോടി ഡോളറിലെത്തി. സ്വർണ ശേഖരത്തിന്റെ മൂല്യം 219.3 കോടി ഡോളർ വർദ്ധിച്ച് 11,640 കോടി ഡോളറായി.
ജൂണിലാണ് വിദേശ നാണയ ഒഴുക്ക് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് നടപടികൾ പ്രഖ്യാപിച്ചത്.
വിദേശത്ത് നിന്ന് വായ്പയെടുക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ഹെഡ്‌ജിംഗ് ഇളവുകൾ, ബോണ്ടുകളിൽ നിക്ഷേപിക്കുന്ന വിദേശ നിക്ഷേപകർക്ക് നികുതി ആനുകൂല്യം തുടങ്ങിയവ മികച്ച ഫലമുണ്ടാക്കി. നടപ്പുവർഷം ഫെബ്രുവരി 27ന് ഇന്ത്യയുടെ വിദേശ നാണയ ശേഖരം 72,840 കോടി ഡോളറെന്ന റെക്കാഡ് ഉയരത്തിലെത്തിയതിന് ശേഷം പശ്ചിമേഷ്യൻ സംഘർഷത്തോടെ കുത്തനെ ഇടിയുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |