SignIn
Kerala Kaumudi Online
Friday, 04 September 2026 1.07 AM IST

 അനധികൃത സ്വത്ത് സമ്പാദനം തിരുപ്പതി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥനെതിരെ കേസ്

s

 2 കിലോ സ്വർണവും 5 കോടി രൂപയും

ഹൈദരാബാദ്: അനധികൃത സ്വത്തുസമ്പാദനത്തിന് തിരുപ്പതി തിരുമല ദേവസ്ഥാനം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ കേസ്.

മെണ്ടു ലോകനാഥത്തിനെതിരെയാണ് ആന്ധ്രാപ്രദേശ് അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി)​ കേസെടുത്തത്. ഇയാളുടെ വീട്ടിലുൾപ്പെടെ നാലിടത്ത് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത രണ്ടു കിലോ സ്വർണവും അഞ്ച് കോടി രൂപയും കണ്ടെത്തുകയായിരുന്നു. സ്വത്ത് രേഖകൾ, സ്വർണം, വെള്ളി, പണം എന്നിവയുൾപ്പെടെ റെയ്ഡിൽ പിടിച്ചെടുത്തു.

ലോകനാഥത്തിന്റെ വീട്ടിൽ നിന്ന് തിരുപ്പതിയിലെ പി.കെ ലേഔട്ടിൽ ഭാര്യയുടെ പേരിൽ വാങ്ങിയ വീടിന്റെയും ഗൊല്ലവാനിഗുണ്ട പ്രദേശത്ത് വാങ്ങിയ രണ്ട് പ്ലോട്ടുകളുടെയും കെട്ടിടത്തിന്റെയും രേഖകൾ ലഭിച്ചു. പാദിരേട് അരണ്യം ഗ്രാമത്തിൽ വാങ്ങിയ ഒരു പ്ലോട്ടിന്റെ രേഖകളും തിരുപ്പതി അർബനിലെ ശ്രീനിവാസ നഗറിൽ മകന്റെ പേരിൽ രജിസ്റ്റർ ചെയ്ത മറ്റൊരു പ്ലോട്ടിന്റെ രേഖകളും കണ്ടെത്തി. ലോകനാഥത്തിന്റെയും മകന്റെയും പേരിലുള്ള നാല് ഫിക്സഡ് ഡെപ്പോസിറ്റുകളുടെ വിവരങ്ങളും ലഭിച്ചു.

ഇയാളുടെ സഹോദരന്മാരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഭാര്യയുടെയും മറ്റുള്ളവരുടെയും പേരിലുള്ള 31.9 ലക്ഷം രൂപ വില വരുന്ന സ്വത്തിന്റെ ആധാരവും കണ്ടെടുത്തു. പരിശോധനയിൽ 2 കിലോ സ്വർണം, 6.5 കിലോ വെള്ളി, 5 കോടി രൂപ എന്നിവ കണ്ടെടുത്തതായി എ.സി.ബി അറിയിച്ചു.

തിരുപ്പതി ലഡുവിൽ മായം ചേർത്തതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനിടയിൽ ക്ഷേത്രത്തിലെ ചില ജീവനക്കാരുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് സി.ബി.ഐക്ക് വിവരങ്ങൾ ലഭിച്ചിരുന്നു. ഇത് എ.സി.ബിയെ അറിയിക്കുകയും റെയ്‌ഡ് നടത്തുകയുമായിരുന്നു.

1989ലാണ് ലോകനാഥം ജൂനിയർ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് സീനിയർ അസിസ്റ്റന്റ്, സൂപ്രണ്ട്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ പദവികളിലേക്ക് സ്ഥാനക്കയറ്റം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360