SignIn
Kerala Kaumudi Online
Sunday, 06 September 2026 1.27 AM IST

പ്രതിരോധ എഫ്.ഡി.ഐ ചട്ടങ്ങൾ ലളിതമാക്കാൻ കേന്ദ്രം

def

വിദേശ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യം

ന്യൂഡൽഹി: പ്രതിരോധ ഉത്പ്പാദനമേഖലയിലേക്ക് കൂടുതൽ വിദേശനിക്ഷേപവും സാങ്കേതികവിദ്യയും ആകർഷിക്കാൻ നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ്.ഡി.ഐ) ചട്ടങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായി വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡി.പി.ഐ.ഐ.ടി) വ്യവസായ മേഖലയിലെ പങ്കാളികളുമായി ചർച്ചകൾ തുടങ്ങി. 2020ൽ എഫ്.ഡി.ഐ പരിധി ഉയർത്തിയെങ്കിലും പ്രതീക്ഷിച്ച തോതിൽ നിക്ഷേപം എത്തിയില്ല, പ്രതിരോധ വ്യവസായ ലൈസൻസുള്ള കമ്പനികളിൽ 74 ശതമാനം വരെ വിദേശനിക്ഷേപം മുൻകൂർ അനുമതിയില്ലാതെയും അതിനു മുകളിൽ 100 ശതമാനം വരെ സർക്കാർ അനുമതിയോടെയും അനുവദിച്ചിട്ടുണ്ട്.

2000 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ പ്രതിരോധ വ്യവസായത്തിലെ എഫ്.ഡി.ഐ 3.23 കോടി ഡോളർ (307 കോടി രൂപ) മാത്രമാണ്. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം ഈ വിഭാഗത്തിൽ 45.1 ലക്ഷം ഡോളർ(42.81 കോടി രൂപ)നിക്ഷേപം ലഭിച്ചു.

അതേസമയം പ്രതിരോധ മേഖലയിലെ കമ്പനികൾ റിപ്പോർട്ട് ചെയ്ത മൊത്തം എഫ്.ഡി.ഐ 6,670.59 കോടി രൂപയാണെന്ന് സർക്കാരിന്റെ മറ്റൊരു രേഖയിൽ പറയുന്നു. സമയപരിധിയിലെയും കണക്കെടുപ്പ് രീതികളിലെയും വ്യത്യാസമാണ് കണക്കുകളിലെ പൊരുത്തക്കേടിന് കാരണമെന്നാണ് വിശദീകരണം.

പ്രതിരോധ കയറ്റുമതിയിൽ കുതിപ്പ്

വിദേശ നിക്ഷേപത്തിൽ മാന്ദ്യമുണ്ടെങ്കിലും ഇന്ത്യയുടെ പ്രതിരോധ ഉത്പാദനവും കയറ്റുമതിയും റെക്കാഡ് ഉയരത്തിലാണ്. 2025-28ൽ പ്രതിരോധ ഉത്പാദനം 1,77,995 കോടി രൂപയായി. മുൻവർഷത്തെ 1,54,071 കോടിയെ അപേക്ഷിച്ച് 15.6 ശതമാനമാണ് വളർച്ച. ഉത്പാദനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ 76 ശതമാനവും സ്വകാര്യമേഖല 24 ശതമാനവും പങ്കുവഹിച്ചു. 2025-26ൽ പ്രതിരോധ കയറ്റുമതി 62.66 ശതമാനം ഉയർന്ന് 38,424 കോടി രൂപയായി, സ്വകാര്യ മേഖലയുടെ സംഭാവന 17,353 കോടി രൂപയും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടേത് 21,071 കോടി രൂപയുമാണ്. ഇന്ത്യൻ പ്രതിരോധ ഉത്പന്നങ്ങൾ നിലവിൽ 80ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.

2029ലെ പ്രതിരോധ മേഖലയിലെ ഉത്പാദന ലക്ഷ്യം

3 ലക്ഷം കോടി രൂപ

കയറ്റുമതി ലക്ഷ്യം

50,000 കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360