
കൊച്ചി: എഫ്.സി.എൻ.ആർ(ബി) നിക്ഷേപ വളർച്ചയുടെ കരുത്തിൽ ബാങ്കുകൾ വായ്പാ വിതരണം ശക്തമാക്കുമ്പോഴും ലാഭ മാർജിനിൽ സമ്മർദ്ദമേറുന്നു. റിസർവ് ബാങ്കിന്റെ പ്രത്യേക സ്വാപ് പദ്ധതിയിലൂടെ ലഭിച്ച വിദേശ നാണയ നിക്ഷേപമാണ് വായ്പാ വളർച്ചയ്ക്ക് പിന്തുണയായത്. എന്നാൽ അധിക പണലഭ്യതയും കുറഞ്ഞ കറന്റ് അക്കൗണ്ട്-സേവിംഗ്‌സ് അക്കൗണ്ട്(കാസ) വിഹിതവും നിക്ഷേപച്ചെലവിലെ വർദ്ധനയും ബാങ്കുകളുടെ അറ്റ പലിശ മാർജിനിൽ കുറവുണ്ടാക്കുമെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു. ആഗസ്റ്റിൽ ബാങ്കിംഗ് മേഖലയിലെ വായ്‌പാ വളർച്ച 19 ശതമാനമായി ഉയർന്നു. മുൻവർഷം ഇതേകാലയളവിൽ വളർച്ച 11 ശതമാനമായിരുന്നു. ആഗസ്‌റ്റ് 31 വരെ എഫ്.സി.എൻ.ആർ(ബി) നിക്ഷേപം 13,290 കോടി ഡോളറാണ്. നിക്ഷേപം കൂടുതലായി ലഭിച്ചതോടെ വിപണിയിലെ പണലഭ്യത ഉയർന്നു.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വായ്പാ വളർച്ച 16.3 ശതമാനമായിരുന്നെങ്കിലും എഫ്.സി.എൻ.ആർ ബന്ധമുള്ള വായ്പകൾ ഒഴിവാക്കിയാൽ വളർച്ച നിരക്ക് 14.3 ശതമാനം മാത്രമാണെന്ന് പ്രമുഖ ധന ഏജൻസിയായ നോമുറ വ്യക്തമാക്കി. രണ്ടാം ത്രൈമാസക്കാലയളവിൽ ബാങ്കുകളുടെ അറ്റ പലിശ മാർജിൻ 0.07 ശതമാനം കുറയുമെന്ന് വിലയിരുത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |