
മുന്നേറ്റ പാതയിൽ ഓഹരി, സ്വർണം
കൊച്ചി: ക്രൂഡ് വില താഴുന്നതും ആഗോളതലത്തിലെ അനുകൂല വാർത്തകളും ഓഹരി, സ്വർണ നിക്ഷേപകർക്ക് ആശ്വാസമായി. റിസർവ് ബാങ്കിന്റെ പണ നയ തീരുമാനം ഇന്ന് പുറത്തുവരാനിരിക്കെ നിക്ഷേപകർ സജീവമായതോടെ സെൻസെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. സെൻസെക്‌സ് 685.41 പോയിന്റ് ഉയർന്ന് 73,067.81ലും നിഫ്റ്റി 220.35 പോയിന്റ് നേട്ടത്തോടെ 22,776.30ലും ക്ളോസ് ചെയ്തു. നാണയപ്പെരുപ്പ സമ്മർദ്ദം കണക്കിലെടുത്ത് റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് കാൽ ശതമാനം ഉയർത്തി 5.5 ശതമാനമാക്കുമെന്നാണ് വിലയിരുത്തൽ. ക്രൂഡോയിൽ വില ബാരലിന് നൂറ് ഡോളറിൽ താഴെയെത്തിത് വാങ്ങൽ താത്പര്യം ഉയർത്തി. ട്രെന്റ്, കോട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ വിൽപ്പന സമ്മർദ്ദം നേരിട്ടു.
സ്വർണം തിരിച്ചുകയറുന്നു
പശ്ചിമേഷ്യൻ സംഘർഷത്തിൽ അയവുണ്ടാകുമെന്ന പ്രതീക്ഷയിൽ സ്വർണ വില തിരിച്ചുകയറി. രാജ്യാന്തര വില ഔൺസിന് 30 ഡോളർ ഉയർന്ന് 4,170 ഡോളറിനടുത്തെത്തി. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നലെ വൈകുന്നേരം പവൻ വില 880 രൂപ വർദ്ധിച്ച് 1,10,160 രൂപയായി. ഇന്നലെ രാവിലെ പവൻ വില 120 രൂപ കുറഞ്ഞിരുന്നു.
രൂപ താഴേക്ക്
ഓഹരി വിപണി മികച്ച മുന്നേറ്റം നടത്തിയിട്ടും രൂപയുടെ മൂല്യയിടിവ് തുടരുന്നു. ഇന്നലെ ഡോളറിനെതിരെ രൂപ എട്ട് പൈസ നഷ്‌ടത്തോടെ 96.43ൽ വ്യാപാരം പൂർത്തിയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |