SignIn
Kerala Kaumudi Online
Friday, 09 October 2026 11.53 PM IST

ട്രംപിന്റെ ഐ.ടി നിയന്ത്രണം: തുറന്നുകിട്ടുന്നത് വിപുല അവസരം

it

മൂല്യമേറിയ ജോലികൾ ഇന്ത്യയിലെത്തും

കൊച്ചി: ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് അമേരിക്കയിലെ മനുഷ്യവിഭവശേഷി വിന്യാസം ദുഷ്‌കരമാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിയന്ത്രണങ്ങൾ ദീർഘകാലത്ത് ഇന്ത്യയ്ക്ക് അവസരമാകുമെന്ന് വിലയിരുത്തൽ. ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ ടെക്ക്, കോഗ്നിസന്റ് എന്നിവ ഉൾപ്പെടെ എട്ട് പ്രമുഖ ടെക് കമ്പനികളെ അമേരിക്കയുടെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ(പി.ഇ.ആർ.എം) നടപടിയിൽ നിന്ന് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ വിദേശ ജീവനക്കാർക്ക് സ്ഥിരതാമസ അനുമതി ലഭിക്കുന്നതിനുള്ള നടപടികളിൽ കമ്പനികൾക്ക് നിയന്ത്രണം നേരിടും. പുതിയ സാഹചര്യത്തിൽ അമേരിക്കയിൽ ജീവനക്കാരെ നേരിട്ട് വിന്യസിക്കുന്നതിന് പകരം ഇന്ത്യയിൽ നിന്ന് തന്നെ ഉയർന്ന മൂല്യമുള്ള സാങ്കേതികസേവനങ്ങൾ നൽകാവുന്ന തരത്തിലേക്ക് കമ്പനികൾ കൂടുതൽ മാറാൻ സാദ്ധ്യതയുണ്ട്. എ.ഐ, സൈബർ സുരക്ഷ, പ്രോഡക്‌ട് എൻജിനിയറിംഗ്. ആർക്കിടെക്‌ചർ, വ്യവസായാധിഷ്‌ഠിത സൊലൂഷനുകൾ തുടങ്ങിയ മേഖലകളിലെ ജോലികൾ ഇന്ത്യയിലേക്ക് മാറാൻ സാദ്ധ്യതയേറി.

അമേരിക്കയിലും നിയമനം

അമേരിക്കൻ നിയന്ത്രണങ്ങൾക്കിടെയിലും പ്രാദേശിക നിയമനം വർദ്ധിപ്പിക്കാനാണ് ടി.സി.എസ് അടക്കമുള്ള ഇന്ത്യൻ കമ്പനികളുടെ തന്ത്രം. അടുത്ത അഞ്ച് വർഷത്തേക്ക് അമേരിക്കയിൽ 15,000 പേരെ നിയമിക്കുമെന്ന് ടി.സി.എസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും പി.ഇ.ആർ.എം അപേക്ഷകൾ ഒറ്റ അക്കത്തിലായിരുന്നുവെന്നും പുതിയ നിയന്ത്രണം ജീവനക്കാരുടെ നിയമനത്തെയോ ഉപഭോക്തൃ സേവനങ്ങളെയോ ബാധിക്കില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

കാലതാമസം വെല്ലുവിളി

അമേരിക്കയിലെ ഇന്ത്യൻ ജീവനക്കാരുടെ ഗ്രീൻകാർഡ് നടപടികൾ വൈകാനും ദീർഘകാല താമസ പദ്ധതികൾ അനിശ്ചിതത്വത്തിലാകുന്നതിനും ട്രംപിന്റെ നീക്കം കാരണമായേക്കാം. പി.ഇ.ആർ.എം സസ്‌പെൻഷൻ നിലവിലുള്ള എച്ച്1ബി വിസ റദ്ദാകില്ലെങ്കിലും താൽക്കാലിക തൊഴിൽ വിസയിൽ നിന്ന് സ്ഥിരതാമസത്തേക്കുള്ള പ്രധാന വഴിയെയാണ് ബാധിക്കുന്നത്.

പ്രതീക്ഷിക്കുന്ന മാറ്റം

പുതിയ നിയന്ത്രണങ്ങൾ ഇന്ത്യൻ ഐ.ടി കമ്പനികളെ മനുഷ്യവിഭവശേഷി കൂടുതലായി വിന്യസിക്കുന്ന ബിസിനസ് മാതൃകയിൽ നിന്ന് ഉയർന്ന മൂല്യമുള്ള സാങ്കേതികവിദ്യയും ബൗദ്ധിക സ്വത്തും വികസിപ്പിക്കുന്ന രീതിയിലേക്ക് വേഗത്തിൽ മാറ്റിയേക്കാം. ഇതോടെ എ.ഐ സഹായത്തോടെ ഇന്ത്യയിലെ ചെറിയ ടീമുകൾക്ക് പോലും സങ്കീർണമായ ആഗോള പദ്ധതികൾ കൈകാര്യം ചെയ്യാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360