SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.59 AM IST

സമ്പദ്‌ ഇടപാടുകൾ സജീവം; ഇ-വേ ബില്ലുകളിൽ ഉണർവ്

gst

കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച മാന്ദ്യത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥ അതിവേഗം കരകയറുന്നുവെന്ന് സൂചിപ്പിച്ച് ഈമാസവും ഇ-വേ ബില്ലുകളുടെ എണ്ണത്തിൽ വൻ വർദ്ധന. ജി.എസ്.ടി ബാധകമായ ഉത്‌പന്നങ്ങളുടെ 50,000 രൂപയ്ക്കുമേലുള്ള സംസ്ഥാനാന്തര ചരക്കുനീക്കത്തിന് അനിവാര്യമായ രേഖയായ ഇ-വേ (ഇലക്‌ട്രോണിക് വേ) ബിൽ, ഈമാസം ഒന്നുമുതൽ 18 വരെ 3.55 കോടി എണ്ണമാണ് ജനറേറ്റ് ചെയ്യപ്പെട്ടത്. പ്രതിദിന ശരാശരി 19.7 ലക്ഷം.

ജൂൺ ഒന്നുമുതൽ 20 വരെ ജനറേറ്റ് ചെയ്യപ്പെട്ടത് 3.37 കോടി ഇ-വേ ബില്ലുകളായിരുന്നു; പ്രതിദിന ശരാശരി 16.8 ലക്ഷം. ജൂണിലെ ആകെ ഇ-വേ ബില്ലുകൾ 5.46 കോടിയാണ്; പ്രതിദിനം 18.2 ലക്ഷം ഇ-വേ ബില്ലുകളും ഇഷ്യൂ ചെയ്യപ്പെട്ടു. മേയിലെ ആകെ ബില്ലുകൾ 3.39 കോടിയും പ്രതിദിന ശരാശരി 12.8 ലക്ഷവുമായിരുന്നു. 2020 ജൂണിന് ശേഷമുള്ള ഏറ്റവും മോശം കണക്കുകളായിരുന്നു മേയിലേത്. കൊവിഡ് രണ്ടാംതരംഗ പശ്ചാത്തലത്തിൽ കേരളമടക്കം ഒട്ടേറെ സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതാണ് തിരിച്ചടിയായത്.

ഏപ്രിലിൽ 17.34 ലക്ഷം കോടി രൂപയുടെ ഇ-വേ ബില്ലുകളാണ് ജനറേറ്റ് ചെയ്യപ്പെട്ടത്. മേയിൽ ഇത് 14.15 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഫെബ്രുവരിയിൽ ഇ-വേ ബില്ലുകൾ 6.38 കോടിയായിരുന്നു. മാർച്ചിൽ ഇത് 7.12 കോടിയിലെത്തി; മൂല്യം 19.94 ലക്ഷം കോടി രൂപയും കടന്നു. ഇത്, സർവകാല റെക്കാഡാണ്. ഇ-വേ ബില്ലുകളുടെ എണ്ണമുയരുന്നത് രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നതിന്റെ സൂചനയാണ്. ഇ-വേ ബില്ലുകൾ കൂടുമ്പോൾ മൊത്തം ജി.എസ്.ടി സമാഹരണത്തിലും ഉണർവുണ്ടാകും.

ഈ വർഷം ഏപ്രിലിൽ ജി.എസ്.ടിയായി സമാഹരിച്ചത് 1.41 ലക്ഷം കോടി രൂപയാണ്. ഇത് എക്കാലത്തെയും ഉയരമാണ്. എന്നാൽ, മേയിൽ ഇത് 1.02 ലക്ഷം കോടി രൂപയായും ജൂണിൽ ഒമ്പതുമാസത്തെ താഴ്‌ചയായ 92,849 കോടി രൂപയിലേക്കും ഇടിഞ്ഞു. മേയിലെ ഇടപാടുകളുടെ ജി.എസ്.ടി സമാഹരണമാണ് ജൂണിൽ നടന്നത്. മേയിൽ ഇ-വേ ബില്ലുകൾ കുറഞ്ഞത്, ജൂണിലെ സമാഹരണം കൂപ്പുകുത്താൻ ഇടവരുത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GST, E WAY BILLS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360