SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.36 PM IST

രണ്ട് ശീലങ്ങൾ മാറ്റിയാൽ ക്യാൻസറിനെ പടിക്ക് പുറത്താക്കാം; അവഗണിച്ചാൽ 'പണി', പുതിയ പഠന റിപ്പോർട്ട് പുറത്ത്

cancer

ന്യൂഡൽഹി: ലോകത്തെയാകെ ഭീതിയിലാഴ്ത്തുന്ന മാരക രോഗങ്ങളിലൊന്നാണ് ക്യാൻസർ. ഇന്ത്യയിൽ പ്രതിവർഷം 1.5 ദശലക്ഷത്തിലധികം പുതിയ കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയർന്ന ക്യാൻസർ നിരക്കുള്ള സംസ്ഥാനമാണ് കേരളം. പ്രതിവർഷം 60,000ത്തിലധികം പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ ലോകത്തെ മൂന്നിലൊന്ന് ക്യാൻസർ കേസുകളും പ്രതിരോധിക്കാനാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ വിശകലന റിപ്പോർട്ട്.

പ്രധാനമായും ഗർഭാശയമുഖ ക്യാൻസർ (Cervical Cancer), ആമാശയ ക്യാൻസർ (Stomach Cancer), ശ്വാസകോശ ക്യാൻസർ (Lung Cancer) എന്നിവയാണ് ആകെ ക്യാൻസർ കേസുകളുടെ പകുതിയോളം വരുന്നത്. അർബുദത്തിന് കാരണമാകുന്ന ജീവിതശൈലികൾ മാറ്റുന്നതിലൂടെയും സമയബന്ധിതമായ ചികിത്സയിലൂടെയും ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കാനാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ശാസ്ത്ര മാസികയായ 'നേച്ചർ മെഡിസിനിൽ' പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് അനുസരിച്ച്, 2022ൽ ലോകമെമ്പാടുമായി ഏകദേശം 1.9 കോടി പുതിയ ക്യാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ക്യാൻസർ ബാധിച്ചവരിൽ 38ശതമാനം പേർക്കും രോഗമുണ്ടായത് അവർക്ക് സ്വയം മാറ്റിയെടുക്കാമായിരുന്ന 30 ഓളം മോശം ശീലങ്ങളോ സാഹചര്യങ്ങളോ കാരണമാണെന്ന് കണ്ടെത്തി.

ക്യാൻസറിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ:

*അമിത ശരീരഭാരം
* പുകവലി, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം
* വ്യായാമക്കുറവ്
* മദ്യപാനം
* വായുമലിനീകരണം
* അണുബാധകൾ
* മുലയൂട്ടലിന്റെ കുറവ്
* തൊഴിൽപരമായ ആരോഗ്യപ്രശ്നങ്ങൾ

പുരുഷന്മാരിൽ ശ്വാസകോശ അർബുദവും പുകയിലയുമായി ബന്ധപ്പെട്ട മറ്റ് അർബുദ രോഗങ്ങളും, സ്ത്രീകളിൽ സ്തനാർബുദവുമാണ് കൂടുതലായി കണ്ടുവരുന്നത്. ജനസംഖ്യയിൽ പ്രായമേറിയവരുടെ വർദ്ധനവ്, മാറിയ ജീവിതശൈലി, രോഗം നേരത്തെ തന്നെ തിരിച്ചറിയാനുള്ള ആധുനിക രോഗനിർണയ രീതികൾ എന്നിവയാണ് പ്രധാനമായും വർദ്ധനവിന് കാരണമാകുന്നത്.

പ്രതിരോധിക്കാൻ കഴിയുന്ന ക്യാൻസർ കേസുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് പുകയിലയുടെ ഉപയോഗമാണ്. പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആകെ ക്യാൻസർ കേസുകളിൽ 15 ശതമാനത്തിനും കാരണം പുകവലിയാണ്. പുരുഷന്മാരിലാണ് ഇതിന്റെ നിരക്ക് കൂടുതൽ. 2022ൽ പുരുഷന്മാർക്കിടയിൽ റിപ്പോർട്ട് ചെയ്ത പുതിയ ക്യാൻസർ കേസുകളിൽ 23 ശതമാനവും പുകവലി മൂലമുണ്ടായതാണ്. പുകവലിക്ക് പുറമെ വായുമലിനീകരണവും ശ്വാസകോശ ക്യാൻസറിന് കാരണമാകുന്നുണ്ട്.

കിഴക്കൻ ഏഷ്യയിൽ സ്ത്രീകളിലെ ശ്വാസകോശ ക്യാൻസർ കേസുകളിൽ 15ശതമാനവും വായുമലിനീകരണം മൂലമാണ് ഉണ്ടാകുന്നത്. പടിഞ്ഞാറൻ ഏഷ്യയിലും വടക്കൻ ആഫ്രിക്കയിലും പുരുഷന്മാരിലെ ശ്വാസകോശ ക്യാൻസറിന്റെ 20 ശതമാനത്തിനും കാരണം വായുമലിനീകരണമാണ്.

പുകവലി കഴിഞ്ഞാൽ ഏറ്റവും വലിയ വില്ലൻ മദ്യപാനമാണ്. ആകെ ക്യാൻസർ കേസുകളുടെ 3.2 ശതമാനവും (ഏകദേശം ഏഴ് ലക്ഷം കേസുകൾ) മദ്യപാനം മൂലം ഉണ്ടാകുന്നതാണ്. പുകവലിയും മദ്യപാനവും മാത്രം ഒഴിവാക്കിയാൽ പ്രതിരോധിക്കാൻ കഴിയുന്ന ക്യാൻസർ കേസുകളുടെ 48 ശതമാനവും ഇല്ലാതാക്കാൻ കഴിയുമെന്ന് ഗവേഷകർ കണക്കാക്കുന്നു.

വിവിധ തരത്തിലുള്ള അണുബാധകൾ 10 ശതമാനം പുതിയ ക്യാൻസർ കേസുകൾക്ക് കാരണമാകുന്നുണ്ട്. സ്ത്രീകളിൽ ഗർഭാശയമുഖ ക്യാൻസറിന് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) ഇതിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ നിലവിൽ എച്ച്.പി.വി വാക്സിൻ വ്യാപകമായി ലഭ്യമായതോടെ ഇത്തരം കേസുകളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അതുപോലെ തന്നെ പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന ആമാശയ ക്യാൻസറിന് കാരണം മോശം ശുചിത്വം, പുകവലി, അണുബാധകൾ, ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ് എന്നിവയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PREVENTABLE CANCER, CANCER, EXPLAINER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360