SignIn
Kerala Kaumudi Online
Monday, 10 August 2026 2.23 PM IST

ഭൂമിയിൽ ഏറ്റവും വലുത് പസഫിക്കല്ല, ലോകത്ത് 71 ശതമാനവും നിറഞ്ഞ് നിൽക്കുന്നത് ഈ വമ്പൻ സമുദ്രം

global-ocean
പ്രതീകാത്മക ചിത്രം

ലോകമാകെ അഞ്ച് മഹാ സമുദ്രങ്ങളാണ് ഉള്ളതെന്നാണ് നമ്മുടെ അറിവ്. പസഫിക് അഥവാ ശാന്തസമുദ്രം, അറ്റ്‌ലാന്റിക്, ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണ മഹാസമുദ്രം, ആർട്ടിക് സമുദ്രം എന്നിവയാണവ. ഇവ തമ്മിൽ കരയിൽ വിവിധ രാജ്യങ്ങളെ വേർതിരിക്കുന്നതുപോലെ പ്രത്യേകം കരകളോ കുന്നോ കൊണ്ട് വേർപെട്ടിട്ടില്ല. അതിനാൽ ശാസ്‌ത്രീയമായി പറഞ്ഞാൽ ഭൂമിയിൽ അഞ്ച് സമുദ്രങ്ങളല്ല ഒരു മഹാസമുദ്രമാണെന്നാണ് ശാസ്‌‌ത്രലോകം പറയുന്നത്. ശരിക്കും ഭൂമിയുടെ 71 ശതമാനവും ഈ വമ്പൻ സമുദ്രമാണ് എന്നാണ് ഇതിനർത്ഥം. ലോകത്തെ ആകെ ജലത്തിന്റെ 97 ശതമാനവും ഇവിടെയാണ്. തമ്മിൽ വേർതിരിക്കുന്ന ചില തീരങ്ങളും ചെറിയ പാതകളും മാത്രമാണ് പലപേരുകളിൽ ഈ സമുദ്രത്തെ അറിയപ്പെടാൻ കാരണം.

അഞ്ച് സമുദ്രങ്ങൾക്ക് പേരുണ്ടാകാൻ കാരണം

അഞ്ച് മേഖലകളിലായി തിരിച്ചിരിക്കുന്ന ഒരൊറ്റ മഹാസമുദ്രമാണുള്ളതെന്ന് അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫിയറിക് അഡ്‌മിനിസ്‌ട്രേഷനും വ്യക്തമാക്കുന്നു. ഇവയിൽ അന്റാർട്ടിക്കയെ വലംവച്ച് സ്ഥിതിചെയ്യുന്ന ദക്ഷിണ സമുദ്രമാണ് തിരിച്ചറിഞ്ഞവയിൽ ഏറ്റവും പുതിയത്. ഭൂമിശാ‌സ്‌ത്രവും നമ്മുടെ ധാരണകളും വച്ചാണ് അവയ്‌ക്ക് ഓരോ പേരുകൾ നൽകുന്നത്.

മനുഷ്യർ പേരുകൾ നൽകി തിരിച്ച ഓരോ സമുദ്രത്തിന്റെയും സമുദ്രതടങ്ങൾക്ക് പ്രത്യേകമായ ആകൃതിയും താപനിലയും കാറ്റും ആഴവുമുണ്ട്. അത് അവയുടെ ചംക്രമണത്തെയും സ്വഭാവത്തെയും സ്വാധീനിച്ചിരിക്കുന്നു. ബൃഹത്തായ ശാന്തസമുദ്രത്തെ വച്ചുനോക്കിയാൽ അറ്റ്‌ലാന്റിക് സമുദ്രം ഇടുങ്ങിയതാണ്. കരയാൽ ചുറ്റപ്പെട്ടതാണ് ആർട്ടിക് സമുദ്രം. എന്നാൽ അന്റാർട്ടിക്കയ്‌ക്ക് ചുറ്റും ഒരു തടസവുമില്ലാതെ ഒഴുകുന്നതാണ് ദക്ഷിണ സമുദ്രം.

ocean-tides
പ്രതീകാത്മക ചിത്രം

പല തരം സ്വഭാവത്തിൽ ഇങ്ങനെ പെരുമാറുന്നതിന് സമുദ്രങ്ങളെ പ്രേരിപ്പിക്കുന്നത് നിരവധി ഘടകങ്ങളാണ്. സമുദ്രോപരിതലത്തിൽ ശക്തമായ കാറ്റ് പ്രത്യേകമായ പ്രവാഹം അതിനുണ്ടാക്കുന്നു. ഇതിനൊപ്പം ഭൂമിയുടെ ഭ്രമണം അവയെ വളയ്‌ക്കുകയും തിരിക്കുകയും ചെയ്യും. വൻകരകൾ ഒഴുക്കിന്റെ ഗതിയെത്തന്നെ മാറ്റുന്നു. സമുദ്രജലത്തിന്റെ മുകളിലത്തെ പാളിക്ക് തൊട്ടുതാഴെ ജലത്തിന്റെ താപനിലയും ഉപ്പിന്റെ അംശത്തിലെ വ്യത്യാസവും സമുദ്രജലത്തിന്റെ സാന്ദ്രതയെ മാറ്റുന്നു. ഈ ഒഴുകുന്ന ജലം ഒറ്റ സമുദ്രത്തിന്റെ സ്വഭാവത്തിൽ പെരുമാറാത്തതിന് കാരണം അവ പല ശാഖയായി പിരിയുന്നതും ദിശകൾ മാറുന്നതും പലവിധ ലവണങ്ങൾ കൂടിക്കലരുന്നതും ഒക്കെ ചെയ്യുന്നതുകൊണ്ടാണ്.

പലകാരണങ്ങളാൽ അടിത്തട്ടിൽ നിന്നുള്ള സമുദ്രജലം മുകളിലേക്ക് പൊങ്ങിവരുമ്പോൾ സൂക്ഷ്‌മമായ ആൽഗെകളടക്കമുള്ളവയെ അത് കൊണ്ടുവരും. ഉപരിതലത്തിലെ വെള്ളം കുറയുന്ന അവസരം വരുമ്പോൾ അതിന് കടലിനടിയിലേക്ക് പ്രത്യേക വാതകങ്ങളെയും ചൂടിനെയും ഉള്ളിലേക്ക് കൊണ്ടെത്തിക്കാനും കഴിയും.

കാലാവസ്ഥയെ നിയന്ത്രിക്കുന്ന സമുദ്രങ്ങൾ

ലോകത്തെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതുതന്നെ സമുദ്രമാണ്. ഭൂമി ചൂടാകുന്നതും മഞ്ഞ് ഉരുകുന്നതും അന്തരീക്ഷം ചൂടുപിടിക്കുന്നതുമെല്ലാം നമ്മുടെ കാലാവസ്ഥയെ ബാധിക്കും എന്നത് ശരിയാണ് എന്നാൽ സമുദ്രം ചൂടാകുന്നതാണ് അതിലും ഏറെ ശ്രദ്ധിക്കേണ്ടത്. 1971 മുതൽ 2018 വരെ ഗവേഷകർ നടത്തിയ പഠനത്തിൽ സമുദ്രോപരിതലം ചൂടാകുന്നത് കാലാവസ്ഥയെ 91 ശതമാനം ബാധിക്കുമെന്ന് കണ്ടെത്തി.

ocean
സമുദ്ര അസിഡിഫിക്കേഷൻ

ഇതിനർത്ഥം എല്ലാ സമുദ്രങ്ങളും എപ്പോഴും കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്നു എന്നല്ല. സമുദ്രങ്ങളിലെ മാറ്റം കാലാവസ്ഥയെ നേരിട്ട് സ്വാധീനിക്കും. മനുഷ്യർ അന്തരീക്ഷത്തിലേക്ക് വിടുന്ന 26 ശതമാനം കാർബൺ ഡയോക്‌സൈഡിനെയും സമുദ്രം പിടിച്ചെടുക്കും. പക്ഷെ അതിനനുസരിച്ച് സമുദ്രത്തിന്റെ സ്വഭാവത്തിൽ മാറ്റവും ഉണ്ടാകുന്നുണ്ട്. അമിതമായി കാർബൺ ഡയോക്‌സൈഡ് വലിച്ചെടുക്കുമ്പോൾ കാർബോണിക് ആസിഡ് ഉണ്ടാകുന്നു. ഇത് സമുദ്ര അസിഡിഫിക്കേഷൻ എന്ന പ്രക്രിയക്ക് കാരണമാകും.

അതേസമയം,​ഓരോ സമുദ്രതടങ്ങളിലും നിലവിലെ അടിത്തട്ട് മാറുന്ന പ്രതിഭാസവും കണ്ടുവരുന്നുണ്ട്. പ്ളേറ്റ് ടെക്‌ടോണിക്‌സ് എന്ന ഫലക ചലനവും സമുദ്രജല പ്രവാഹവും കാരണമാണ് ഇങ്ങനെയുണ്ടാകുന്നത്.

English Summary

Although the world is commonly said to have five oceans—the Pacific, Atlantic, Indian, Southern and Arctic Oceans—scientifically they form one interconnected global ocean. Unlike land borders that separate countries, these oceans are not physically divided by land or mountains. Oceanographers therefore often describe Earth as having a single continuous ocean system, conventionally divided into five named regions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LARGEST OCEAN, GLOBAL OCEAN, CLIMATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360