SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.07 PM IST

വർഷം രണ്ട് ടൺവരെ സ്വർണം ഉൽപ്പാദിപ്പിക്കാം, കെജിഎഫിൽ നിന്ന് വ്യത്യസ്‌തം, ഇന്ത്യയുടെ ഭാവിതന്നെ ഇനി മാറിമറിയും

jonnagiri-gold-mine
ജോന്നഗിരി സ്വർണ ഖനി (എഐ)

ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ സ്വകാര്യ സ്വർണ ഖനി ആന്ധ്രാപ്രദേശിലെ കുർണൂർ ജില്ലയിലെ ജോന്നഗിരിയിലാണ് സ്ഥിതിചെയ്യുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ആന്ധ്രാ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സ്വർണ ഖനി പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചത്. തമിഴ്‌നാട്ടിലെ ത്രിവേണി എർത്ത്‌മൂവേഴ്‌സും കർണാടകയിലെ ജിയോമൈസൂർ സർവീസസും ചേർന്ന് 405 കോടി രൂപയുടെ നിക്ഷേപം നടത്തിയാണ് ഈ ഖനന പദ്ധതി നടപ്പിലാക്കുന്നത്. ജിയോമൈസൂർ സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഡെക്കാൻ ഗോൾഡ് മൈൻസുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.

സ്വർണം ഖനനം ചെയ്യുന്നതും വേർതിരിച്ചെടുക്കുന്നതും മുതൽ ബാറുകളാക്കി വിപണിയിൽ എത്തിക്കുന്നതുവരെയുള്ള എല്ലാ പ്രക്രിയകളും ജോന്നഗിരിയിൽ തന്നെയാണ് നടക്കുക. സ്വർണത്തിന്റെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പദ്ധതിയിലൂടെ പ്രതിവർഷം 900 കിലോഗ്രാം സ്വർണം ഉൽപ്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ സ്വർണ ഖനി പദ്ധതിയെക്കുറിച്ച് വിശദമായി അറിയാം.

jonnagiri-gold-mine
സ്വർണ ഖനി

ജോന്നഗിരി എന്ന സ്വർണഗിരി

1500 ഏക്കർ സ്ഥലമാണ് ആന്ധ്രാപ്രദേശ് സർക്കാർ ഈ പദ്ധതിക്കായി അനുവദിച്ച് നൽകിയത്. ആദ്യഘട്ടത്തിൽ 600 ഏക്കറിലാണ് ഖനനം നടക്കുക. സ്വർണ പദ്ധതി നടക്കുന്നതിന്റെ ഭാഗമായി ജോന്നഗിരി ഗ്രാമത്തെ സംസ്ഥാന മന്ത്രിസഭ 'സ്വർണഗിരി' എന്ന് പുനഃർനാമകരണം ചെയ്‌തു. രാജ്യത്തേക്ക് സ്വർണത്തിന്റെ ഇറക്കുമതി കുറയ്‌ക്കാൻ സ്വർണഗിരി സഹായിക്കുമെന്ന് ലോയ്‌ഡ്‌സ് മെറ്റൽസ് ആൻഡ് എനർജി ചെയർമാൻ ബി പ്രഭാകരൻ പറഞ്ഞു.

ഒരു ഖനി കണ്ടെത്തുന്നതിനും ഇതുവരെ കൊണ്ടെത്തിക്കുന്നതിനും വളരെയധികം സമയം വേണമെന്നാണ് ത്രിവേണിയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ബി കാർത്തികേയൻ പറഞ്ഞത്. അയിര് പൂർണമായും കണ്ടെത്താൻ തങ്ങൾക്ക് ഏഴെട്ട് വർഷം വേണ്ടിവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരം കിലോ അയിര് ക്രഷറിൽ ഇട്ടാൽ, അതിൽ നിന്നും 0.5 മുതൽ ഒരു ഗ്രാം വരെ സ്വർണമായിരിക്കും ലഭിക്കുക. മെച്ചപ്പെട്ട രീതിയിൽ സ്വർണം എടുക്കുന്നതിനായി ആഗോള തലത്തിലുള്ല വിദഗ്ദ്ധരുടെ സഹായം തേടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ വ്യവസായത്തിലെ പുത്തൻ തുടക്കം

കർണാടകയിലെ പ്രശസ്‌തമായ കോലാർ ഗോൾഡ് ഫീൽഡിന് (കെജിഎഫ്) സമാനമാണ് ഈ സ്വർണഖനി എന്നാണ് ആന്ധ്രാപ്രദേശ് സർക്കാർ അഭിപ്രായപ്പെട്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ നാഴികക്കല്ലായി ഇത് മാറുമെന്നും സർക്കാർ വിശേഷിപ്പിച്ചു. ആദ്യ വർഷത്തിൽ ഏകദേശം 400 കിലോഗ്രാം സ്വർണം ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം വർഷത്തിൽ 900 കിലോഗ്രാം സ്വർണമായി ഇതിനെ ഉയർത്തും. ക്രമേണ രണ്ട് ടൺ സ്വർണം വരെ വർഷത്തിൽ ഉൽപ്പാദിപ്പിക്കാമെന്നും സർക്കാർ അറിയിച്ചു.

ഏകദേശം 700പേർക്ക് പദ്ധതിയിലൂടെ തൊഴിൽ ലഭിക്കും. ഉൽപ്പാദിപ്പിക്കുന്ന സ്വർണത്തിന്റെ മൂല്യത്തിന്റെ നാല് ശതമാനം സർക്കാരിന് റോയൽറ്റി ലഭിക്കും. നിലവിലെ കണക്കുകൾ പ്രകാരം, 400 കിലോഗ്രാം സ്വർണ ഒരു വർഷം ഉൽപ്പാദിപ്പിക്കുമ്പോൾ ഏകദേശം 57 കോടി രൂപ സർക്കാരിന് റോയൽറ്റി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉൽപ്പാദനം 900 കിലോഗ്രാം എത്തുമ്പോൾ സർക്കാരിന് ഏകദേശം 144 കോടി രൂപ ലഭിക്കും.

പതിറ്റാണ്ടുകളായി ഇറക്കുമതിയെ ആശ്രിയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താവാണ് ഇന്ത്യ. ജോന്നഗിരി സ്വർണ ഖനിയിലൂടെ ഇന്ത്യയിലെ സ്വർണ ഖനന വ്യവസായത്തിൽ പുതിയൊരു തുടക്കം കുറിക്കുകയാണ്. നിലവിൽ ഏകദേശം 13.1 ടൺ സ്വർണ സ്രോതസുകളാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്.

jonnagiri-gold-mine
ജോന്നഗിരി സ്വർണ ഖനി

കെജിഎഫിൽ നിന്ന് വ്യത്യസ്‌തം

ലോകത്തിലെ ഏറ്റവും ആഴമേറിയ ഖനികളിലൊന്നാണ് കോലാർ ഗോൾഡ് ഫീൽഡ് (കെജിഎഫ്). 120 വർഷത്തിനിടെ ഏകദേശം 800 മുതൽ 900 ടൺ സ്വർണം ഇവിടെ നിന്നും കുഴിച്ചെടുത്തിട്ടുണ്ട്. അയിര് ശേഖരം കുറഞ്ഞതോടെയാണ് ഇതിന്റെ പ്രവർത്തനം നിലച്ചത്.

ഇപ്പോൾ സ്വർണഗിരിയാണ് ഈ സ്ഥാനംപിടിച്ചിരിക്കുന്നത്. കെജിഎഫ് ആഴത്തിലുള്ള ഭൂഗർഭ ഖനനത്തെയാണ് ആശ്രയിച്ചിരുന്നതെങ്കിൽ അതിൽ നിന്നും വ്യത്യസ്‌തമായി ഉപരിതലത്തിൽ നിന്നാണ് ഇവിടെ സ്വർണം അടങ്ങിയിരിക്കുന്ന അയിര് വേർതിരിച്ചെടുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA GOLD PRODUCTION, GOLD MINE INDIA, KGF COMPARISON, NEW GOLD RESERVES, INDIA GOLD MINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360