വടക്കൻ അറ്റ്‌ലാൻഡിക്ക് മേഖലയിലെ ഒരു ദ്വീപരാഷ്‌ട്രമാണ് ഐസ്‌ലൻഡ്. അഗ്നിപർവതങ്ങളും, ഗ്ളേഷിയറുകളും ഉഷ്‌ണജലപ്രവാഹങ്ങളാലുമെല്ലാം നിറഞ്ഞ അതിസുന്ദരമായൊരു നാട്. രണ്ട് ടെക്‌ടോണിക് ഫലകങ്ങൾക്ക് മുകളിലായാണ് ഐസ്‌ലൻഡ് സ്ഥിതിചെയ്യുന്നത്. വടക്കേ അമേരിക്കൻ, യൂറേഷ്യൻ ഭൗമപാളികൾ വേർപിരിയുന്നയിടത്താണ് ഐസ്‌ലൻഡിന്റെ സ്ഥാനം. അവിടെ തിങ്‌വെല്ലിർ ദേശീയോദ്യാനത്തിൽ ഒരു അത്ഭുതമുണ്ട്. കൃത്യം ഈ ടെക്‌ടോണിക് ഫലകങ്ങളെ തൊട്ട് നമുക്ക് നീന്താനാകും. ഈ അത്ഭുതം കാണാനും നേരിട്ട് അനുഭവിക്കാനും നൂറുകണക്കിന് ടൂറിസ്റ്റുകളും ഗവേഷകരും ഐസ്‌ലൻഡിൽ പ്രതിദിനം വരാറുണ്ട്. സിൽഫ്ര ഫിഷർ എന്ന ഒരു വമ്പൻ ജലാശയമാണ് ഈ കൗതുകത്തിന് അടിസ്ഥാനമായ സ്ഥലം.
എന്നാൽ സിൽഫ്ര ഫിഷറിൽ ഭൗമശാസ്‌ത്രപരമായ മറ്റൊരു പ്രത്യേകതയും നടക്കുന്നുണ്ട്. വടക്കേ അമേരിക്കൻ, യൂറേഷ്യൻ ഭൗമപാളികൾ ഇവിടെ വർഷത്തിൽ ഒരിഞ്ച് വ്യത്യാസത്തിൽ അകന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. 1968 അടി നീളവും 656 അടി വീതിയുമുള്ള വമ്പനൊരു വിള്ളലിലാണ് സിൽഫ്ര ഫിഷർ സ്ഥിതിചെയ്യുന്നത്.1789ൽ ഐസ്‌ലൻഡിലുണ്ടായ വലിയൊരു ഭൂകമ്പത്തിലാണ് ഈ വിള്ളൽ ഉണ്ടായത്.
ഇന്ന് ലോകത്തുള്ള ഏറ്റവും ശുദ്ധമായതും സുതാര്യവുമായ ഒരു ജലാശയമാണ് സിൽഫ്ര ഫിഷർ. ലാംഗ്‌ജോകുൽ എന്ന ഹിമാനിയിൽ നിന്ന് മഞ്ഞുരുകി വരുന്ന വെള്ളം ഭൂമിക്കടിയിലെ അഗ്നിപർവത ശിലയിലൂടെ 30 മുതൽ 100 വർഷംകൊണ്ട് ശുദ്ധമായി അരിച്ചെടുത്ത് എത്തുന്ന വെള്ളമാണിത്. സ്‌കൂബ ഡൈവിംഗിനും നീന്തലിനുമായി ആളുകൾ ഇവിടെ എത്താറുണ്ട്. 100 മീറ്റർ അകലെയുള്ള കാര്യം വരെ വ്യക്തമായി കാണാവുന്നത്ര ശുദ്ധമാണ് ഇവിടെ ജലം. രണ്ട് മുതൽ നാല് ഡിഗ്രി വരെ മാത്രമാണ് എന്നാൽ ഇവിടെ ജലത്തിന്റെ താപനില. ചൂട് കാലത്ത് ചിലപ്പോൾ 10 മുതൽ 15 ഡിഗ്രിവരെ എത്തിയേക്കാം.
ഇവിടെ നിരവധി വിള്ളലുകളുണ്ട്. അതിലൊന്ന് നീന്തിയെത്തുന്നവരെ 53 അടിവരെ ഉള്ളിലേക്ക് വലിച്ചെടുക്കാൻ പാകത്തിനുള്ള ശക്തമായ ഒഴുകുന്ന വെള്ളമുള്ള വിള്ലലാണ്. ഇതിന് ടൊയ്‌ലറ്റ് എന്നാണ് വിളിപ്പേര്. ചിലയിടങ്ങളിൽ സിൽഫ്ര ഫിഷറിന് 195 അടി വരെ ആഴമുണ്ട്. രണ്ട് ഭൗമപാളികൾക്കിടയിലാണ് സ്ഥാനം എന്നതിനാൽ ഇവിടം അത്യന്തം അപകടകരമാണ്. എന്നാൽ ടൊയ്‌ലറ്റിൽ മനുഷ്യൻ കടന്നുചെന്നിട്ടുണ്ട്.
ഏകദേശം 1500 വർഷമെങ്കിലുമെടുത്താകും 10 മീറ്ററിലധികം ആഴമുള്ള ഭാഗം രൂപം കൊണ്ടതെന്നാണ് കരുതപ്പെടുന്നത്. അതികഠിനമായ തണുപ്പാണ് ഇവിടെ ജലത്തിന് അതിനാൽ ഡൈവിംഗിനടക്കം വരുന്നവർക്ക് ഡ്രൈ സ്യൂട്ടുകൾ എന്ന പ്രത്യേകം രൂപകൽപന ചെയ്‌ത വസ്‌ത്രം നിർബന്ധമാണ്.ഭൂമി പിളർന്ന ഭാഗം ഇവിടെ കാണാമെങ്കിലും അത് ഒരിക്കലും പൂർണമായും തകരില്ല കാരണം ഓരോ തവണ പിളരുമ്പോഴും ഭൂമിക്കടിയിലെ മാഗ്മ അതുവഴി പുറത്തെത്തും ഇത് തണുത്തുറഞ്ഞ് പുതിയൊരു രൂപമുണ്ടാകും.
രണ്ട് ഭൂഫലകങ്ങളുടെ നിരന്തര ചലനം കാരണം ഇവിടെ അഗ്നിപർവത സ്‌ഫോടനം നിരന്തരം ഉണ്ടാകാറുണ്ട്. ഒപ്പം ഭൂകമ്പവും. സിൽഫ്ര ഫിഷറിൽ തെളിമയാർന്ന തണുത്ത വെള്ളമാണെങ്കിലും ഇവിടെ ധാരാളം ജീവികളൊന്നുമില്ല. കൊടുംതണുപ്പ് തന്നെ കാരണം. സൂക്ഷ്‌മ ജീവികളും തിളങ്ങുന്ന പച്ച നിറമുള്ള 'ട്രോൾ ഹെയർ' എന്ന പച്ച ആൽഗെകളും ഇവിടെയുണ്ട്. 'ക്രൈമോസ്‌റ്റിജിയസ് തിംഗ്വാലെൻസിസ്' എന്ന ചെമ്മീൻ പോലെയൊരു ജീവിയും ഇവിടെ കഴിയുന്നുണ്ട്. തടാകത്തിന്റെ ബാക്കി ഭാഗത്ത് നിറയെ മത്സ്യങ്ങളുണ്ടെങ്കിലും സിൽഫ്ര ഫിഷറിലേക്ക് ഇവ പോകാറില്ലെന്ന് ഗവേഷകർ കണ്ടെത്തി. ഇവിടെ അധികം പോഷകസമൃദ്ധമായ ആഹാരം കിട്ടില്ല എന്നതാണ് ഇതിനുകാരണം.
Iceland lies where the North American and Eurasian tectonic plates are moving apart. At Þingvellir National Park, visitors can experience the remarkable opportunity to swim between these plates in the Silfra fissure. Hundreds of tourists and researchers visit Iceland daily to explore this natural wonder.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |