ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന താരങ്ങളിലൊരാളാണ് സഞ്ജു സാംസൺ. വിക്കറ്റ് കീപ്പിംഗിലൂടെയുംവ്യത്യസ്തമായ ബാറ്റിംഗ് ശൈലിയിലൂടെയും ശ്രദ്ധേയനായ സഞ്ജുവിന്റെ സ്ഥിരതക്കുറവ് വീണ്ടും ചർച്ചയാകുകയാണ്. മികച്ച ഷോട്ടുകൾ കളിക്കാനുള്ള കഴിവും ആക്രമണാത്മക ബാറ്റിംഗുമാണ് സഞ്ജുവിന്റെ പ്രധാന കരുത്തുകൾ.
ഐപിഎൽ മത്സരങ്ങളിലും ഇന്ത്യൻ ടീമിനുവേണ്ടിയും നിർണായക ഇന്നിംഗ്സുകൾ കളിച്ച് ആരാധകരുടെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് സഞ്ജു സാംസൺ. എന്നാൽ വിദേശ പര്യടനങ്ങളിലേക്ക് എത്തുമ്പോൾ സഞ്ജുവിന്റെ ബാറ്റിങ്ങിൽ പലപ്പോഴും സ്ഥിരതക്കുറവ് പതിവാണ്. അവസരങ്ങൾ ലഭിച്ചിട്ടും അവ മുതലെടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ് എന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ ഉയരുന്നത്. വിദേശ പിച്ചുകളിലെ സാഹചര്യങ്ങളാണോ അതോ ബാറ്റിംഗ് ശൈലിയിലെ പരിമിതികളാണോ സഞ്ജുവിനെ പിന്നോട്ടുവലിക്കുന്നതെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധർ ചർച്ച ചെയ്യുന്നത്. ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷം ചർച്ച വീണ്ടും സജീവമാകുകയാണ്.
പരമ്പരയിലെ അവസാന മത്സരങ്ങളിൽ യുവതാരം വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയപ്പോൾ സഞ്ജുവിന് തുടർന്നും അവസരം നൽകിയതിനെതിരെ മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.ഇന്ത്യയ്ക്ക് പുറത്തുള്ള അവസാന 13 മത്സരങ്ങളിൽ സഞ്ജു നേടിയത് 160 റൺസ് മാത്രമാണെന്ന ശ്രീകാന്തിന്റെ പരാമർശവും ചർച്ചയാകുകയാണ്. ബാറ്റിംഗ് സാങ്കേതികത, പിച്ചിന്റെ സ്വഭാവം, ബൗളർമാരുടെ തന്ത്രങ്ങൾ, സമ്മർദം, ടീമിലെ സ്ഥാനം തുടങ്ങി പല ഘടകങ്ങളും സഞ്ജുവിന്റെ ബാറ്റിംഗിനെ സ്വാധീനിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യൻ പിച്ചുകളും വിദേശ പിച്ചുകളും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. ഇന്ത്യൻ പിച്ചുകളിൽ താരതമ്യേന കുറഞ്ഞ ബൗൺസാണ് കാണാറുള്ളത്. എന്നാൽ വിദേശ പിച്ചുകളിൽ പന്ത് ഉയർന്നുപൊങ്ങും. വേഗമേറിയ ബൗളർമാരെ നേരിടുമ്പോൾ ബാറ്റ്സ്മാന് വളരെ കുറഞ്ഞ സമയം മാത്രമാണ് ലഭിക്കുക. ഇന്ത്യയിലെ ഗ്രൗണ്ടുകൾ ബാറ്റിംഗിന് അനുകൂലമായവയാണ്. പന്ത് ബാറ്റിലേക്ക് നന്നായി എത്തുന്നതും സ്പിന്നർമാർക്കെതിരെ ആക്രമിച്ച് കളിക്കാൻ കഴിയുന്നതും ബാറ്റ്സ്മാൻമാർക്ക് ഗുണകരമാകും.
എന്നാൽ ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. പന്തിന്റെ ചലനം, അധിക ബൗൺസ്, വായുവിലെ സ്വിംഗ്, സീം മൂവ്മെന്റ് (പന്ത് കുത്തി ഉയർന്ന ശേഷം ഉണ്ടാകുന്ന ദിശാവ്യതിയാനം) എന്നിവ ബാറ്റർമാർക്ക് വെല്ലുവിളിയാകാറുണ്ട്. പ്രത്യേകിച്ച് ന്യൂസിലൻഡിലെ പിച്ചുകളിൽ പേസർമാർക്ക് ലഭിക്കുന്ന സ്വിംഗും സീം ചലനവും തുടക്കത്തിൽത്തന്നെ ബാറ്റർമാരെ പ്രതിരോധത്തിലാക്കും. ഇത്തരം സാഹചര്യങ്ങളിൽ പന്തിന്റെ ലൈനും ലെംഗ്തും കൃത്യമായി വിലയിരുത്തി കളിക്കേണ്ടതുണ്ട്. ആക്രമണാത്മക ബാറ്റിംഗ് ശൈലിയുള്ള സഞ്ജുവിന് ഇവിടെ കൂടുതൽ ക്ഷമ ആവശ്യമായി വരുന്നു. ഇത് താരത്തിന്റെ ബാറ്റിംഗ് ശൈലിയെയും സ്ഥിരതയെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്.
ട്വന്റി20 ക്രിക്കറ്റിൽ ബാറ്റ്സ്മാൻമാർക്ക് തുടക്കത്തിൽത്തന്നെ റൺസ് കണ്ടെത്താനുള്ള സമ്മർദമുണ്ടാകും. ഓപ്പണറായി ഇറങ്ങുന്ന സഞ്ജുവിന് പവർപ്ലേ ഓവറുകളിൽ വലിയ ഉത്തരവാദിത്തമാണുള്ളത്. തുടക്കത്തിൽ തന്നെ വലിയ ഷോട്ടുകൾക്ക് ശ്രമിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഒരു ഓപ്പണർക്ക് ആദ്യ ഓവറുകളിൽ റൺസ് കണ്ടെത്തുന്നതിനൊപ്പം വിക്കറ്റ് സംരക്ഷിക്കാനും കഴിയണം. ഈ രണ്ട് കാര്യങ്ങൾക്കുമിടയിൽ കൃത്യമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടതുണ്ട്. സഞ്ജുവിന് മിക്കപ്പോഴും ഈ സമ്മർദ്ദം കൈകാര്യം ചെയ്യാൻ കഴിയാതെ വരുന്നതാണ് വിക്കറ്റിലേക്ക് നയിക്കുന്നത്.
സഞ്ജുവിന്റെ ബാറ്റിംഗിലെ സാങ്കേതിക വശങ്ങൾ പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. വ്യത്യസ്ത വേഗതയിൽ പന്തെറിയുന്ന ബൗളർമാർക്കെതിരെ ബാറ്റിന്റെ വേഗതയിൽ ആവശ്യമായ മാറ്റം വരുത്തേണ്ടതുണ്ട്. ബൗളർമാരുടെ വേഗതയ്ക്കനുസരിച്ച് ബാറ്റിന്റെ താഴേക്കുള്ള ചലനത്തിന്റെ വേഗത ക്രമീകരിക്കുന്നതിൽ സഞ്ജുവിന് പ്രശ്നങ്ങളുണ്ടെന്നാണ് മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ ഡബ്ല്യു.വി രാമന്റെ വിലയിരുത്തൽ. മണിക്കൂറിൽ 130 കിലോമീറ്ററിനടുത്ത് വേഗതയിൽ പന്തെറിയുന്ന ബൗളർമാർക്കെതിരെ ഈ ശൈലി ഫലിച്ചേക്കാം. എന്നാൽ വേഗതയിലും ലെംഗ്തിലും മാറ്റം വരുത്തുന്ന ബൗളർമാർക്കെതിരെ ഇതേ സമീപനം തിരിച്ചടിയാകാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പന്തിന്റെ വേഗതയ്ക്കനുസരിച്ച് ഷോട്ട് കളിക്കുന്ന സമയവും ബാറ്റിന്റെ വേഗതയും ക്രമീകരിക്കേണ്ടത് പ്രധാനമാണ്. ഈ ചെറിയ മാറ്റങ്ങൾ പോലും അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ വ്യത്യാസമുണ്ടാക്കുമെന്നാണ് മുൻ താരങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
സഞ്ജുവിന്റെ ബാറ്റിംഗ് ശൈലി പഠിച്ചിട്ടുള്ള എതിരാളികൾ ചില പ്രത്യേക തന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇംഗ്ലണ്ട് ബൗളർമാർ തുടർച്ചയായി ശരീരത്തിലേക്ക് വേഗതയേറിയ ഷോർട്ട് ബോളുകൾ എറിഞ്ഞ് സഞ്ജുവിനെ സമ്മർദത്തിലാക്കിയിരുന്നു. ഇതോടെ കൃത്യമായ ടൈമിംഗ് ഇല്ലാതെ പുൾ ഷോട്ടുകൾ കളിക്കാൻ താരം നിർബന്ധിതനായി. കഴിഞ്ഞ ന്യൂസിലൻഡ് പരമ്പരയിലും സമാനമായ തന്ത്രങ്ങളാണ് ബൗളർമാർ സഞ്ജുവിനെതിരെ പ്രയോഗിച്ചത്.
മാറ്റ് ഹെൻറിയും കൈൽ ജാമിസണും സ്റ്റംപിന് നേരെയും ലെഗ്-മിഡിൽ ലൈനിലുമായാണ് പന്തെറിഞ്ഞത്. ഇതോടെ സഞ്ജുവിന് ഓഫ് സൈഡിലേക്ക് ബാറ്റ് വീശി കളിക്കാനുള്ള അവസരം ലഭിച്ചു. എന്നാൽ, സഞ്ജു ക്രീസിൽനിന്ന് പുറത്തേക്ക് മാറി കളിക്കാൻ ശ്രമിക്കുമ്പോൾ ബൗളർമാർ പന്തിന്റെ ദിശ മാറ്റി ആ നീക്കത്തെ പ്രതിരോധിക്കുകയും ചെയ്തു. അതോടെ താരത്തിന്റെ സ്വാഭാവികമായ ആക്രമണശൈലി പരിമിതപ്പെട്ടു.
സഞ്ജുവിന്റെ ബാറ്റിംഗിൽ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു ഘടകമാണ് ക്രീസിലെ ചലനങ്ങൾ. ചിലപ്പോൾ പന്തെറിയുന്നതിന് തൊട്ടുമുമ്പുതന്നെ സഞ്ജു ക്രീസിൽ തന്റെ സ്ഥാനം മാറ്റാറുണ്ട്. ബൗളറുടെ ലൈനും ലെംഗ്തും അനുസരിച്ച് ഇത് ഗുണകരമാകാമെങ്കിലും എതിരാളികൾക്ക് മുൻകൂട്ടി വായിച്ചെടുക്കാൻ കഴിഞ്ഞാൽ തിരിച്ചടിയാകും. ന്യൂസിലൻഡിനെതിരായ മത്സരങ്ങളിൽ സഞ്ജു ക്രീസിൽനിന്ന് മാറി ലെഗ് സൈഡിലേക്ക് കളിക്കാൻ ശ്രമിച്ചപ്പോൾ ബൗളർമാർ അതിനനുസരിച്ച് പന്തെറിയുന്ന രീതി കണ്ടിരുന്നു. ഇതോടെ പന്ത് ബാറ്റിലേക്ക് എത്തുന്നതിന് മുമ്പുതന്നെ ഷോട്ട് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സഞ്ജുവിന് കുറഞ്ഞു.
പന്തിന്റെ സ്വഭാവം മനസ്സിലാക്കിയശേഷം ഷോട്ട് തിരഞ്ഞെടുക്കുക എന്നതാണ് ഇവിടെ പ്രധാനം. മുൻകൂട്ടി തീരുമാനിച്ച ഷോട്ടുകൾക്കുപകരം സാഹചര്യത്തിനനുസരിച്ച് കളിക്കാൻ കഴിയണമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
സഞ്ജുവിന്റെ വിദേശ പ്രകടനങ്ങൾ പരിശോധിക്കുമ്പോൾ പൂർണമായും നിരാശാജനകമല്ല. ചില വിദേശ വേദികളിൽ മികച്ച ഇന്നിംഗ്സുകൾ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ പ്രകടനത്തിലെ സ്ഥിരതയാണ് പ്രധാന ചോദ്യം.
ദക്ഷിണാഫ്രിക്കയിൽ നാല് ഇന്നിംഗ്സുകളിൽ രണ്ട് സെഞ്ച്വറികളടക്കം 216 റൺസ് നേടാൻ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. 72 ആണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലെ താരത്തിന്റെ ബാറ്റിംഗ് ശരാശരി. എന്നാൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഇംഗ്ലണ്ടിലും ഈ മികവ് ആവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിൽനിന്ന് വ്യക്തമാകുന്നത് വിദേശ പിച്ചുകളിൽ ബാറ്റ് ചെയ്യാൻ സഞ്ജുവിന് കഴിയുന്നില്ല എന്നല്ല. മറിച്ച് മികച്ച പ്രകടനം സ്ഥിരമായി ആവർത്തിക്കാൻ കഴിയുന്നില്ലെന്നതാണ് അലട്ടുന്ന പ്രശ്നം.
ആദ്യ ഓവറുകളിലെ ക്ഷമ, ഷോട്ട് തിരഞ്ഞെടുക്കുന്നതിലെ ശ്രദ്ധ, ഷോർട്ട് ബോളുകളെ നേരിടാൻ കൂടുതൽ പരിശീലനം, ബാറ്റിംഗ് ടെക്നിക്കിലെ മാറ്റം, ക്രീസിൽ നടത്തുന്ന ചലനങ്ങളിൽ നിയന്ത്രണം, സ്ഥിരതയ്ക്ക് പ്രധാന്യം എന്നീ കാര്യങ്ങളിൽ കൂടുതൽ സ്വയം മെച്ചപ്പെടുത്താൻ സഞ്ജു തയ്യാറാകണെമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈ മേഖലകളിൽ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞാൽ വിദേശ പിച്ചുകളിലും തന്റെ മികവ് ആവർത്തിക്കാൻ സഞ്ജുവിന് സാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Sanju Samson’s inconsistency in overseas conditions has sparked fresh debate after India’s T20I series against New Zealand. Experts point to challenges such as extra bounce, swing, short-ball tactics, shot selection and batting technique. While Samson has produced impressive performances in South Africa, maintaining consistency across overseas conditions remains a major challenge.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |