SignIn
Kerala Kaumudi Online
Thursday, 29 October 2026 8.57 PM IST

പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ ബിജെപിക്ക് തിരിച്ചടി,​ എസ്പിയുടെ മുന്നേറ്റത്തിന് കാരണം സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ച

yogi-akhilesh-
യോഗി ആദിത്യനാഥ്,​ അഖിലേശ് യാദവ്

ലക്നൗ: ഉത്തർപ്രദേശ് നിയമനിർമ്മാണ കൗൺസിലിലേക്ക് (എം.എൽ.സി) നടന്ന തിരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിലുണ്ടായ തിരിച്ചടികൾ ബി.ജെ.പിയിലെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളും സംഘടനാപരമായ വീഴ്ചകളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ ഇടയായി. സമാജ്‌വാദി പാർട്ടി ചില നിർണായക മണ്ഡലങ്ങളിൽ നേട്ടമുണ്ടാക്കിയപ്പോൾ പടിഞ്ഞാറൻ യുപിയിലെ ആധിപത്യം നിലനിർത്താൻ ബി‌ജെപിക്കായി. അതേസമയം തിരഞ്ഞെടുപ്പ് ഫലം ഇരുപാർട്ടികൾക്കും ഒരുപാേലെ രാഷ്ട്രീയ പാഠം നൽകുന്നതായിരുന്നു.

സംസ്ഥാന നിയമനിർമാണ സഭയുടെ ഉപരിസഭയിലെ അംഗങ്ങളെയാണ് എം.എൽ.സി എന്ന് വിളിക്കുന്നത്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നിയമസഭയും നിയമനിർമാണ കൗൺസിലും ഉൾപ്പെടുന്ന ദ്വിസഭാ സംവിധാനമാണുള്ളത്. ബിരുദധാരികൾക്കായി നീക്കിവച്ച അഞ്ച് മണ്ഡലങ്ങളിലും അദ്ധ്യാപകർക്കായുള്ള ആറ് മണ്ഡലങ്ങളിലുമാണ് 23ന് തിരഞ്ഞെടുപ്പ് നടന്നത്. ഈ മണ്ഡലങ്ങളിൽ പൊതുജനങ്ങൾക്ക് നേരിട്ട് വോട്ട് ചെയ്യാനാവില്ല.

ആഗ്ര വാരണാസി,​ ലക്‌നൗ തുടങ്ങിയ മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ നിശ്ചയിച്ച രീതിയാണ് പ്രധാനമായും വിമർശനവിധേയമാകുന്നത്. ചില മണ്ഡലങ്ങളിൽ പ്രാദേശിക നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും എതിർപ്പ് അവഗണിച്ചായിരുന്നു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്ന ആക്ഷേപമുണ്ട്. മറ്റു ചിലയിടങ്ങളിൽ ശക്തമായ ജനപിന്തുണയും സംഘടനാ അടിത്തറയുമുള്ള എതിരാളികളെ നേരിടാൻ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് കഴിഞ്ഞില്ല. പ്രതീക്ഷിക്കാത്ത മണ്ഡലങ്ങളിൽ സമാജ്‌വാദി പാർട്ടി വിജയിച്ചതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലുണ്ടായ തിരിച്ചടിയും ബി.ജെ.പി നേതൃത്വത്തെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്.

bjp
പ്രതീകാത്മക ചിത്രം

ആഗ്ര ടീച്ചേഴ്‌സ് മണ്ഡലം: മറുകണ്ടം ചാടിയ സ്ഥാനാർത്ഥിയുടെ വിജയം

സ്ഥാനാർത്ഥി നിർണയത്തിലെ പിഴവ് തിരിച്ചടിയായതിന് ഉദാഹരണമായി ആഗ്ര ടീച്ചേഴ്‌സ് മണ്ഡലത്തിലെ ഫലത്തെ ചൂണ്ടിക്കാണിക്കാം. എസ്‌പി സ്ഥാനാർത്ഥിയായി മത്സരിച്ച ആകാശ് അഗർവാൾ ആദ്യം ബിജെപി ടിക്കറ്റിനുവേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗം ഹരി കിഷോർ തിവാരിയെ സ്ഥാനാർത്ഥിയാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ആകാശ് അഗർവാൾ എസ്‌പിയിൽ ചേർന്ന് മത്സരിക്കുകയും തിവാരിയെ പരാജയപ്പെടുത്തുകയും ചെയ്‌തു. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ പാർട്ടിക്ക് വീഴ്ചയുണ്ടായോ എന്നാണ് ഉയരുന്ന ചോദ്യം.

തോറ്റ സ്ഥാനാർത്ഥിയെ വീണ്ടും പരീക്ഷിച്ചപ്പോൾ

വാരണാസി ഗ്രാജുവേറ്റ്സ് മണ്ഡലത്തിലേക്ക് കേദാർ നാഥ് സിംഗിനെ ബിജെപി തിരഞ്ഞെടുത്തതും വിമർശനത്തിന് വിധേയമായി. 2020 ലെ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി നേതാവ് അശുതോഷ് സിൻഹയോട് സിംഗ് പരാജയപ്പെട്ടിരുന്നു. മുൻ പരാജയങ്ങൾക്കിടയിലും അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനം, സ്ഥാനാർത്ഥിയെ അന്തിമമാക്കുന്നതിന് മുമ്പ് മണ്ഡലത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾ പാർട്ടി വേണ്ടത്ര വിലയിരുത്തിയോ എന്ന ചോദ്യങ്ങളാണ് ഉയർത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ ബിജെപിയെ വെല്ലുവിളിക്കാൻ എസ്പിക്ക് കഴിഞ്ഞത് ഈ ഫലത്തെ പ്രത്യേകം ശ്രദ്ധേയമാക്കുന്നു.

എസ്.പി സ്ഥാനാർത്ഥിയായ ലാൽ ബിഹാരി യാദവാണ് വാരണാസി ടീച്ചേഴ്‌സ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി പ്രമോദ് മിശ്രയെ നേരിട്ടത്. അദ്ധ്യാപക രാഷ്ട്രീയത്തിൽ ദീർഘകാലത്തെ പ്രവർത്തനപരിചയവും ശക്തമായ വ്യക്തിഗത പിന്തുണയുമുള്ള നേതാവാണ് യാദവ്. ഈ സ്വാധീനം അദ്ദേഹത്തിന് അനുകൂലമായെന്നാണ് വിലയിരുത്തൽ. വാരണാസിയിലെ ബിരുദ, അദ്ധ്യാപക മണ്ഡലങ്ങളിൽ ഒരുപോലെ തിരിച്ചടി നേരിട്ടത് സ്ഥാനാർത്ഥികളുടെ വ്യക്തിഗത മികവിനപ്പുറം ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തിലും പ്രശ്നങ്ങളുണ്ടെന്ന സംശയത്തിന് വഴിവച്ചു.

election
പ്രതീകാത്മക ചിത്രം

ലഖ്നൗ ഗ്രാജുവേറ്റ്സ് മണ്ഡലത്തിൽ അവ്നീഷ് സിംഗ് പട്ടേലിനെ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിന് തുടക്കം മുതൽ തന്നെ എതിർപ്പ് നേരടേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ. സ്ഥാനാർത്ഥി നിർണ്ണയ പ്രക്രിയയുടെ കണക്കുകൾ പ്രകാരം, പാർട്ടിക്ക് അവരുടെ തിരഞ്ഞെടുപ്പ് പുനഃപരശോധിക്കാൻ മതിയായ സമയം ലഭിച്ചിരുന്നു, പക്ഷേ അണികൾക്കുള്ളിലെ വിയോജിപ്പനോട് അവർ പ്രതികരിച്ചില്ല.

ഝാൻസി-അലഹബാദ് മണ്ഡലം

ഝാൻസി-അലഹബാദ് മണ്ഡലത്തിൽ അശോക് റാത്തോറിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനവും ബി.ജെ.പിയുടെ തിരിച്ചടിക്കു പിന്നാലെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വിവിധ മണ്ഡലങ്ങളിലെ ഫലങ്ങൾ ഒരുമിച്ച് വിലയിരുത്തുമ്പോൾ സ്ഥാനാർത്ഥി നിർണയത്തിലെ പിഴവുകൾ പാർട്ടിയുടെ പ്രകടനത്തെ ബാധിച്ചിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ സ്ഥാനാർത്ഥികളുടെ വ്യക്തിഗത സ്വാധീനം, പാർട്ടിക്കുള്ളിലെ ഭിന്നത, വോട്ടർമാരുടെ പൊതുവായ നിലപാട് എന്നിവയിൽ ഏതൊക്കെയാണ് നിർണായകമായതെന്ന് വിശദമായ പരിശോധനയ്ക്കുശേഷമേ വ്യക്തമാകൂ.

sp
പ്രതീകാത്മക ചിത്രം

പടിഞ്ഞാറൻ യു.പിയിൽ എസ്.പിക്കും വെല്ലുവിളി

ബിജെപിക്ക് തിരിച്ചടിയുണ്ടായെങ്കിലും തിരഞ്ഞെടുപ്പ് ഫലം എസ്‌പിക്കും ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് പടിഞ്ഞാറൻ യുപിയിൽ പാർട്ടിക്ക് ഇനിയും മുന്നേറാനുണ്ടെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. മീററ്റ്-സഹാൻപൂർ ബിരുദ,​ അദ്ധ്യാപക മണ്ഡലങ്ങൾ നിലനിർത്തിയ ബിജെപി ബറേലി-മൊറാദാബാദ് മേഖലയിലും തങ്ങളുടെ ആധിപത്യം തുടർന്നു. ഈ മേഖലകളിൽ സ്ഥിരമായ തിരഞ്ഞെടുപ്പ് മേൽക്കൈ സ്ഥാപിക്കാനുള്ള എസ്‌പിയുടെ ശ്രമങ്ങൾക്ക് മുന്നിലുള്ള വെല്ലുവിളിയാണ് ഫലം വ്യക്തമാക്കുന്നത്.

2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇരു പാർട്ടികൾക്കും തങ്ങളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ തയ്യാറാക്കാൻ എം.എൽ.സി തിരഞ്ഞെടുപ്പ് സഹായകമാകും. അടുത്ത വർഷം നടക്കാനിരിക്കുന്ന വലിയ പോരാട്ടത്തിന് ഒരുങ്ങാനുള്ള അവസരമാണിത്.

English Summary

The recent Uttar Pradesh MLC (Legislative Council) elections have put BJP's candidate selection under scrutiny after setbacks in some key constituencies, even as the party retained dominance in Western UP.BJP's setbacks:Agra Teachers: BJP's candidate selection is being questioned.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UP MLC ELECTION, LATESTNEWS, EXPLAINER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360