SignIn
Kerala Kaumudi Online
Thursday, 10 September 2026 9.33 PM IST

അറ്റകുറ്റപ്പണിക്കിടെ ചൈനയിലെ കപ്പൽശാലയിൽ വൻ തീപിടിത്തം; 25 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

qingdao-cargo-ship
അറ്റകുറ്റപ്പണികൾക്കായി തുറമുഖത്ത് എത്തി തീ പടർന്ന വിദേശ ചരക്കുകപ്പൽ

ബെയ്ജിംഗ്: ചൈനയിലെ ക്വിങ്ദാവോ തുറമുഖ നഗരത്തിലെ കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്കായി നങ്കൂരമിട്ട ചരക്കുകപ്പലിൽ വൻ തീപിടിത്തം. അപകടത്തിൽ 25 പേർ മരിച്ചു. നിരവധി പേർ കപ്പലിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും കാണാതായതായും സംശയമുണ്ട്. ഷാൻഡോങ് പ്രവിശ്യയിലെ ക്വിങ്ദാവോയിലുള്ള ബെഹായ് ഷിപ്പ്ബിൽഡിംഗ് കമ്പനിയുടെ കപ്പൽശാലയിൽ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11.15ഓടെയാണ് തീപിടിത്തമുണ്ടായത്. 42 പേർ കപ്പലിലുണ്ടായിരുന്നു. അറ്റകുറ്റപ്പണികൾക്കായി തുറമുഖത്ത് എത്തിയ വിദേശ ചരക്കുകപ്പലിലാണ് തീ പടർന്നതെന്ന് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

ലൈബീരിയൻ പതാകയ്ക്ക് കീഴിൽ സർവീസ് നടത്തുന്ന ഏകദേശം 190 മീറ്റർ നീളമുള്ള 'ഓഷ്യൻ മെലഡി' എന്ന ബൾക്ക് കാരിയറാണ് അപകടത്തിൽപ്പെട്ട കപ്പലെന്ന് മറൈൻട്രാഫിക് വിവരങ്ങൾ സൂചിപ്പിക്കുന്നു. അപകടത്തെ തുടർന്ന് ചൈനീസ് അധികൃതർ അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കാണാതായവർക്കായി തെരച്ചിൽ നടത്താനും അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉത്തരവിട്ടു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനൊപ്പം പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാംഗ് നിർദേശിച്ചു.


സിൻഹുവ പുറത്തുവിട്ട ചിത്രത്തിൽ കപ്പൽശാലയിൽ നങ്കൂരമിട്ട വലിയൊരു കപ്പലിനുസമീപം നിരവധി അഗ്നിരക്ഷാ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതായി കാണാം. അപകടത്തെ തുടർന്ന് രാജ്യത്തെ എല്ലാ മേഖലകളിലും അഗ്നിബാധാ സാധ്യതയുള്ള ഇടങ്ങളിൽ സമഗ്ര പരിശോധന നടത്താനും കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകൾ പരിഹരിക്കാനും ഷി ജിൻപിംഗ് നിർദേശിച്ചു.

English Summary

A fire broke out on a foreign-flagged cargo ship undergoing maintenance at a shipyard in Qingdao, China, killing 25 people. Several others are feared trapped or missing.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CARGO SHIP, CHINA, 25 KILLED, QUIGADO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360