വിവാഹം, ഉത്സവം, ക്ഷേത്രച്ചടങ്ങുകൾ തുടങ്ങി ജീവിതത്തിന്റെ ഭാഗമായ എല്ലാ ആഘോഷങ്ങളിലും ചെണ്ടുമല്ലിക്ക് (ജമന്തി) പ്രത്യേക സ്ഥാനമുണ്ട്. മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ഈ പൂക്കൾ അലങ്കാരത്തിനും ഉപയോഗിക്കാറുണ്ട്. ഇത്രയൊക്കെ പ്രാധാന്യം ഉണ്ടായിട്ടും ബൊക്കേകളിൽ വളരെ അപൂർവമായേ ചെണ്ടുമല്ലി ഉപയോഗിക്കാറുള്ളു. റോസ്, ലില്ലി,ഓർക്കിഡ്, സൺഫ്ലവർ, ജർബറ തുടങ്ങിയ പൂക്കളെല്ലാം നിറഞ്ഞുനിൽക്കുമ്പോഴും ചെണ്ടുമല്ലിക്ക് മാത്രം അവിടെ ഇടമില്ല.
ചെണ്ടുമല്ലിയുടെ ജന്മദേശം മെക്‌സിക്കോയാണ്. പതിനാറാം നൂറ്റാണ്ടിൽ സ്‌പാനിഷ്, പോർച്ചുഗീസ് വ്യാപാരികളിലൂടെയാണ് ചെണ്ടുമല്ലി ഇന്ത്യയിലെത്തിയത്. ഇന്ത്യൻ മണ്ണിനോടും കാലാവസ്ഥയോടും സംസ്‌കാരത്തോടും അത് അത്രയേറെ ഇണങ്ങി. കാലക്രമേണ ക്ഷേത്രങ്ങളിലും വീടുകളിലും വിവാഹങ്ങളിലും ഉത്സവങ്ങളിലും ചെണ്ടുമല്ലിയുടെ സാന്നിദ്ധ്യം സ്വാഭാവികമായി മാറി. സന്തോഷത്തിനും ദു:ഖത്തിനും ഒരുപോലെ ഉപയോഗിക്കുന്ന പൂവാണ് ചെണ്ടുമല്ലി. എന്നിട്ടും അതിനെ ഒരു മനോഹരമായ ബൊക്കയാക്കി മാറ്റുന്നതിനെപ്പറ്റി നാം ഇതുവരെ ചിന്തിച്ചിട്ടില്ല.
കുറഞ്ഞ വിലയിൽ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന പൂവാണ് ചെണ്ടുമല്ലിയെന്ന ധാരണ പലർക്കുമുണ്ട്. ഈ അമിത പരിചിതത്വം തന്നെയാണ് ചെണ്ടുമല്ലിയുടെ മറ്റൊരു ദുരവസ്ഥയ്‌ക്ക് കാരണം. ചെണ്ടുമല്ലി കാണുന്ന ഇന്ത്യക്കാരുടെ മനസിലേക്ക് ആദ്യം വരുന്നത് വിവാഹമാല, ക്ഷേത്രം, മണ്ഡപം, ഉത്സവം തുടങ്ങിയ ചിന്തകളാണ്. ഒരു 'ലക്ഷ്വറി ഫ്ലവർ' എന്ന തോന്നൽ ചെണ്ടുമല്ലിക്ക് ലഭിക്കാത്തതുകൊണ്ടുതന്നെ ആഡംബരത്തിനായി തയ്യാറാക്കുന്ന ബൊക്കെകളിൽനിന്ന് അതിനെ ഒഴിവാക്കുന്നതാണ് പതിവ്.
ബൊക്കെ ഒരുക്കാൻ നീളവും ഉറപ്പുമുള്ള തണ്ടുകളോടുകൂടിയ പൂക്കളാണ് ആവശ്യം. എന്നാൽ, ഇന്ത്യയിലെ മൊത്തവ്യാപാര ചന്തകളിൽ തണ്ടില്ലാത്ത രീതിയിലാണ് ചെണ്ടുമല്ലി കച്ചവടം ചെയ്യുന്നത്. ഇത് മാല കെട്ടാൻ അനുയോജ്യമാണെങ്കിലും ബൊക്കെയിൽ ഉപയോഗിക്കാൻ കഴിയില്ല. മാത്രമല്ല, തണ്ടോടുകൂടി ലഭിച്ചാൽതന്നെ അതിന് ബലം കുറവായതിനാൽ പൂവ് ഒടിഞ്ഞുവീഴാനാണ് സാദ്ധ്യത. കൃത്രിമ തണ്ടുകൾ ഉപയോഗിച്ച് അതിന് പരിഹാരം കാണാവുന്നതാണ്.
ഏതാനും ദിവസങ്ങൾമുൻപ് ന്യൂജേഴ്‌സിയിലെ ഒരു പ്രാദേശിക മാർക്കറ്റിൽ ചെണ്ടുമല്ലി പൂക്കൾ ഉപയോഗിച്ച് ബൊക്കെകളൊരുക്കുന്ന സ്‌ത്രീയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ തയ്യാറാക്കുന്ന ബൊക്കേകളിൽ എന്തുകൊണ്ട് ചെണ്ടുമല്ലി ഉപയോഗിക്കുന്നില്ലെന്ന ചർച്ചകൾ സജീവമായത്. റോസ് മഞ്ഞ നിറങ്ങളിലുള്ള മറ്റ് പൂക്കൾക്കൊപ്പം ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലി ചേർക്കുമ്പോൾ ബൊക്കെയ്‌ക്ക് വേറിട്ടൊരു ഭംഗിയാണ് ലഭിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളിൽ പൂച്ചെണ്ടുകളിൽ മാരിഗോൾഡ് ഉൾപ്പെടുത്തുന്നത് സാധാരണമാണെന്നും അവ പൂക്കളുടെ ഭംഗി ഗണ്യമായി ഉയർത്തുന്നതായുമാണ് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. മാലയ്‌ക്കും അലങ്കാരത്തിനും ഉപയോഗിക്കുന്ന പൂവെന്ന ചട്ടക്കൂടിൽനിന്ന് ചെണ്ടുമല്ലിയെ പുറത്തുകൊണ്ടുവന്ന് ആധുനിക ഫ്ലോറൽ ഡിസൈനിന്റെ ഭാഗമാക്കാനായാൽ ഇന്ത്യയിലെ ബൊക്കെ വിപണിയിൽ അതൊരു പുതിയ ട്രെൻഡിന് കളമൊരുക്കുമെന്ന കാര്യം ഉറപ്പാണ്.
Marigolds are a staple in Indian celebrations but rarely used in bouquets. A viral trend is now inspiring a fresh take on marigold bouquets.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |