ലക്‌നൗ: അധികാരികൾ സീൽ ചെയ്‌ത സ്വകാര്യ ആശുപത്രിയിൽ പ്രസവം നടത്തിയതിനുപിന്നാലെ അമ്മയും നവജാത ശിശുവും മരിച്ചു. മൗവ് ജില്ലയിലെ രതൻപുരിയിലുള്ള ഇന്ദ്രജിത്ത് ആശുപത്രിയിലാണ് സംഭവം. ബല്ലിയ ജില്ലയിലെ തർഗൗലി സ്വദേശിയായ അജിത് രാജ്‌ഭറിന്റെ ഭാര്യ സരിതയാണ് മരിച്ചത്.
കഴിഞ്ഞ വർഷമാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവുപ്രകാരം ആരോഗ്യവകുപ്പ് ആശുപത്രി അടച്ചുപൂട്ടിയത്. എന്നാൽ, ആശുപത്രിയുടെ പിൻവാതിൽ തുറന്ന് ഇവിടെ പ്രവർത്തനം നടത്തിയിരുന്നതായി അധികൃതർ കണ്ടെത്തി. ആശാ വർക്കറുടെ നിർദേശപ്രകാരമാണ് യുവതിയെ ഇന്ദ്രജിത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.
യുവതിയെ പരിശോധിച്ച ഹിമാൻഷു യാദവ് എന്ന ഡോക്‌ടർ സരിതയുടെ നില ഗുരുതരമാണെന്നും ശസ്‌ത്രക്രിയ വേണമെന്നും അറിയിച്ചതായി പരാതിയിലുണ്ട്. എന്നാൽ പ്രസവത്തിന് പിന്നാലെതന്നെ കുഞ്ഞ് മരിച്ചു. യുവതിയ്‌ക്ക് അമിത രക്തസ്രാവമുള്ളതിനാൽ ചികിത്സ തുടരാനാകില്ലെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു. തുടർന്ന് സരിതയെ മൗവിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്നും പിന്നീട് വാരണാസിയിലെ ആശുപത്രിയിലേക്കും യുവതിയെ മാറ്റി. എന്നാൽ അവിടെ എത്തിച്ചപ്പോഴേക്കും യുവതിയുടെ മരണം സംഭവിച്ചിരുന്നു.
യുവതിയുടെ കുടുംബത്തിന്റെ പരാതി ലഭിച്ചതിനുപിന്നാലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് വീണ്ടും ആശുപത്രി സീൽ ചെയ്‌തു. ആശുപത്രിയുടെ ഉടമയ്‌ക്കെതിരെ പരാതിനൽകിയിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.
A woman and her newborn died at a sealed private hospital in Mau, Uttar Pradesh. The hospital was allegedly operating illegally through a back entrance. Authorities have re-sealed it and initiated action against the owner.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |