
മാഡ്രിഡ്: ചരിത്രപരമായ കുടിയേറ്റ പ്രതിസന്ധിയ്ക്ക് മുമ്പിൽ ഞെട്ടി സ്‌പെയിൻ. സ്പെയിനിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രദേശമായ സെയൂട്ടയിലേക്ക് മൊറോക്കോയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ഇരച്ചുകയറിയതാണ് പ്രതിസന്ധിക്ക് കാരണം. 24 മണിക്കൂറിനിടെ 60,000 ത്തോളം പേരാണ് മൊറോക്കോ അതിർത്തി ലംഘിച്ച് സെയൂട്ടയിലേക്ക് കടന്നത്. തിക്കിലും തിരക്കിലും സംഘർഷത്തിലും 57 കുടിയേറ്റക്കാർ കൊല്ലപ്പെട്ടു.
ദേശീയ സുരക്ഷാ പ്രശ്നമായി പ്രഖ്യാപിച്ച സ്‌പെയിൻ, ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സൈന്യത്തെ ഇറക്കി. സ്പെയിനിന്റെ ഭാഗമാണെങ്കിലും ആഫ്രിക്കയുടെ വടക്കൻ തീരത്താണ് സെയൂട്ട. സെയൂട്ട കര അതിർത്തി പങ്കിടുന്നത് മൊറോക്കോയുമായി മാത്രമാണ്. സ്ത്രീകളും കുട്ടികളും അടക്കമുള്ള കുടിയേറ്റക്കാർ മൊറോക്കൻ പട്ടണങ്ങളിൽ നിന്ന് കിലോമീറ്ററുകളോളം നീന്തിയും കര അതിർത്തി ഗേറ്റുകൾ വഴിയുമാണ് സെയൂട്ടയിലേക്ക് കടന്നത്.
ഇവർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ചെക്ക്‌പോസ്റ്റുകൾക്ക് സമീപം വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. കുടിയേറ്റക്കാരെ പിന്തിരിപ്പിക്കാൻ മൊറോക്കൻ അധികൃതർ ജലപീരങ്കികൾ വിന്യസിച്ചു. 25,000 പേരെ ഉടൻ മൊറോക്കോയിലേക്ക് സ്വമേധയാ തിരിച്ചയക്കാനായി. മറ്റുള്ളവരെ തങ്ങളുടെ നിയന്ത്രണ വലയത്തിലാക്കിയെന്ന് സ്പാനിഷ് സൈന്യം പറഞ്ഞു. പ്രായപൂർത്തിയാകാത്തവരെ ഷെൽട്ടറുകളിലേക്ക് മാറ്റി.
# കോടതി വിധി മറയാക്കി
സെയൂട്ടയിൽ കടൽ മാർഗമെത്തുന്ന അനധികൃത കുടിയേറ്റക്കാരെ വിചാരണകൂടാതെ ഉടൻ തിരിച്ചയക്കുന്ന നടപടി അടുത്തിടെ സ്പാനിഷ് സുപ്രീംകോടതി തടഞ്ഞിരുന്നു. കടൽമാർഗ്ഗമെത്തുന്ന കുടിയേറ്റക്കാരെ സ്പെയിന് ഇനിമുതൽ തിരിച്ചയക്കാനാകില്ലെന്ന തെറ്റായ സന്ദേശം മനുഷ്യക്കടത്ത് സംഘങ്ങൾ പ്രചരിപ്പിക്കുകയും ആളുകളെ കൂട്ടത്തോടെ അതിർത്തിയിലെത്തിക്കുകയുമായിരുന്നു. അതേ സമയം, അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയാൻ സ്പെയിൻ കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി ഇറ്റലി രംഗത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |