ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിൽ കേസെടുത്തതിന് പിന്നാലെ മാപ്പപേക്ഷിച്ച് പെൺകുട്ടി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെയാണ് പെൺകുട്ടി പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.
'പ്രതിഷേധ സമരത്തിൽ പങ്കെടുത്ത ചിലരുടെ സ്വാധീനത്തിൽ ഞാൻ പ്രധാനമന്ത്രിക്കെതിരെ ഒട്ടേറെ മോശം കാര്യങ്ങൾ പറയുകയായിരുന്നു. എനിക്ക് 15 വയസുമാത്രമേയുള്ളൂ. ഞാൻ ചെയ്ത കാര്യങ്ങൾ മാപ്പർഹിക്കുന്നില്ല. ഞാൻ കുറേ മോശം കാര്യങ്ങൾ പറഞ്ഞു. ഇതെന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണ്. ഞാൻ മുഴുവൻ രാജ്യത്തോടും മാപ്പ് പറയുന്നു. എനിക്ക് വളരെ നാണക്കേട് തോന്നുന്നു. എനിക്കെന്റെ മുഖത്ത് നോക്കാൻ പോലും സാധിക്കുന്നില്ല. എന്നോട് ക്ഷമിക്കണം'- എന്നാണ് പെൺകുട്ടി വീഡിയോയിൽ പറയുന്നത്. എന്നാൽ ഈ വീഡിയോയുടെ ആധികാരികത വ്യക്തമല്ല. അതേസമയം, പൊലീസിന്റെ എഫ് ഐ ആറിൽ പെൺകുട്ടിയുടെ പ്രായം 25 ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിക്കെതിരായുള്ള അധിക്ഷേപ പരാമർശങ്ങളിൽ നോയിഡ പൊലീസിന് ലഭിച്ച പരാതിയിലാണ് പെൺകുട്ടിക്കെതിരെ എഫ് ഐ ആർ ആദ്യം ചുമത്തിയത്. പിന്നീട് പരാതി ന്യൂഡൽഹിയിലെ പാർലമെന്റ് സ്‌ട്രീറ്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റിയിരുന്നു. പെൺകുട്ടിയുടെ പരാമർശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസിനെ അപമാനിക്കുന്നതാണെന്നും അത് പൊതുസമാധാനം തകർക്കുകയും ചെയ്യുമെന്നാണ് പരാതിയിൽ പറയുന്നത്.
ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിനിടയിൽ തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും അസഭ്യം പറഞ്ഞ വിദ്യാർത്ഥികളോട് കരുണ കാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പറഞ്ഞതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി പെൺകുട്ടി രംഗത്തെത്തിയത്.
A girl apologized after a case was registered against her for allegedly making abusive remarks about Prime Minister Narendra Modi during a protest over the NEET paper leak. In a video of unverified authenticity, she expressed regret and sought forgiveness. However, the police FIR reportedly records her age as 25, contradicting her claim of being 15.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |