കൊൽക്കത്ത: ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 19 പേർ മരിച്ച സംഭവത്തിൽ സംഘാടകരുൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദുർഗാപൂജ കമ്മിറ്റി സെക്രട്ടറി രാജ് കുമാർ സെവ്ദ, വൈസ് പ്രസിഡന്റ് സന്തനു ദുബെ, പന്തലിന്റെ നിർമ്മാണ ചുമതല വഹിച്ചിരുന്ന ബിപ്ലബ് മുഖർജി, ജനത്തിരക്ക് നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരുന്ന കൗശിക് സാഹ, പിന്റുഡേ എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ ചുമതലയുണ്ടായിരുന്ന സുമൻ ചക്രവർത്തി, രാജേഷ് പാൽ എന്നിവരും അറസ്റ്റിലായി.
പന്തലിലെ സംഘാടകർ ഉച്ചഭാഷിണിയിലൂടെ നടത്തിയ പ്രഖ്യാപനമാണ് അപകടത്തിന് കാരണമായതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ രാത്രി 7.40ഓടെയാണ് അപകടമുണ്ടായത്. പൂജാ ചടങ്ങുകൾക്ക് നൂറിലധികം പേരാണ് എത്തിയത്. കനത്ത മഴ പെയ്തതോടെ ആൾക്കാർ കൂട്ടത്തോടെ പന്തലിലേക്ക് ഓടിക്കയറി. ഇതിനിടെ എക്സിറ്റ് ഗേറ്റിന്റെ ഒരുഭാഗം തകർന്നു വീണു. ഇതോടെ പന്തൽ തകർന്നുവീഴാൻ സാദ്ധ്യതയുണ്ടെന്ന് സംഘാടകർ ഉച്ചഭാഷിണിയിലൂടെ അറിയിച്ചതോടെ ജനം പരിഭ്രാന്തരായി പുറത്തേക്കോടിയതാണ് വൻ ദുരന്തത്തിൽ കലാശിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകട പശ്ചാത്തലത്തിൽ പൂജ പന്തൽ അടച്ചിട്ടു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ സംസ്ഥാനസർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപവീതം നൽകും. കൂടാതെ ഇവരുടെ സമ്പൂർണ ചികിത്സാ ചെലവും സംസ്ഥാനസർക്കാർ ഏറ്റെടുത്തു.
A stampede at Kolkata’s Durga Puja pandal killed 19 people and injured dozens. Police arrested seven people, including organisers, as an announcement and security whistles may have triggered the rush.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |