SignIn
Kerala Kaumudi Online
Sunday, 27 September 2026 1.00 PM IST

'ഹോസ്റ്റലിൽ പ്രേതബാധ, രണ്ട് പെൺകുട്ടികളെ കാണാതായി'; ബഹളംവച്ച് വിദ്യാർത്ഥികൾ

police
വിദ്യാർത്ഥി പ്രതിഷേധം

പാട്യാല: ക്യാമ്പസ് ഹോസ്റ്റലിൽ പ്രേത ബാധയുണ്ടെന്ന ആശങ്കയെത്തുടർന്ന് രണ്ട് പെൺകുട്ടികളെ കാണാതായെന്ന പ്രചരണങ്ങൾക്കുപിന്നാലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം. വെള്ളിയാഴ്‌ച രാത്രിയിൽ ആരംഭിച്ച പ്രതിഷേധം ശനിയാഴ്‌ച പുലർച്ചെവരെ നീണ്ടുനിന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാനെത്തിയ പൊലീസുമായും വിദ്യാർത്ഥികൾ ഏറ്റുമുട്ടി. രണ്ട് പൊലീസ് വാഹനങ്ങൾ തകർക്കുകയും ക്യാമ്പസിലെ വസ്‌തുവകകൾക്ക് കേടുപാടുണ്ടാക്കുകയും ചെയ്‌തു.

ചില വിദ്യാർത്ഥികൾ തമാശയായി പറഞ്ഞ പ്രേതക്കഥകളിൽനിന്നാണ് അഭ്യൂഹങ്ങൾക്ക് തുടക്കമായതെന്ന് പൊലീസ് ഇൻസ്‌പെക്‌ടർ ഗുർസേവക് സിംഗ് പറഞ്ഞു. സർവകലാശാലയിലെ ഒരു പൂർവവിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്‌തിട്ടുണ്ടെന്ന തരത്തിലുള്ള വാർത്തകളാണ് ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് രണ്ട് വിദ്യാർത്ഥിനികളെ കാണാതായെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.

വാട്‌സാപ് ഗ്രൂപുകളിലൂടെയും മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇത്തരത്തിലുള്ള വ്യാജവാർത്തകളും സ്ഥിരീകരിക്കാത്ത വീഡിയോ ക്ലിപ്പുകളും വ്യാപകമായി പ്രചരിച്ചിരുന്നു. പെൺകുട്ടികളുടെ ഹോസ്റ്റലിൽനിന്ന് നിലവിളി കേട്ടെന്നും ചില വിദ്യാർത്ഥികൾ പ്രചരിപ്പിച്ചു. ഇതോടെ നൂറുകണക്കിന് ഹോസ്റ്റൽ വിദ്യാർത്ഥികൾ ക്യാമ്പസിലെ പൊതുസ്ഥലത്ത് ഒത്തുകൂടി. സംഭവത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സർവകലാശാല അധികൃതർക്കെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.

വിവരമറിഞ്ഞ് ക്യാമ്പസിലേക്കെത്തിയ പൊലീസിനുനേരെയും വിദ്യാർത്ഥികൾ അക്രമം അഴിച്ചുവിട്ടു. ക്യാമ്പസിനുള്ളിൽ അത്തരത്തിലൊരു ആത്മഹത്യയോ രണ്ട് വിദ്യാർത്ഥിനികളെ കാണാതാവുകയോ ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിദ്യാർത്ഥിനികളെ കാണാതായെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സർവകലാശാല രജിസ്‌ട്രാർ കേണൽ രാകേശ് ശർമ്മ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ അധികൃതർ ഇടപെട്ട് വിദ്യാർത്ഥികളെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

കാണതായതായി പറയുന്ന വിദ്യാർത്ഥിനികളുടെ പേര്, ഫോട്ടോ, റോൾ നമ്പർ തുടങ്ങിയ വിവരങ്ങളൊന്നും കൈമാറാൻ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലും ആരെയും കാണാതായതായി സ്ഥിരീകരിച്ചില്ല. വിദ്യാർത്ഥികളിലാർക്കെങ്കിലും അപകടം സംഭവിച്ചതായും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവരെയും പ്രതിഷേധത്തിനിടെ അക്രമം അഴിച്ചുവിട്ടവരെയും കണ്ടെത്തുന്നതിനായി പാട്യാല പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെങ്കിലും മുൻകരുതലിന്റെ ഭാഗമായി ക്യാമ്പസിന് പുറത്ത് അധിക പൊലീസ് സുരക്ഷ ഏർപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കരുതെന്ന് സർവകലാശാല അധികൃതർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നിർദേശം നൽകി.

English Summary

False rumours about a ghost incident and missing students sparked protests and clashes at a private university in Patiala. Police denied the claims and launched an investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GHOST RUMOUR IN COLLEGE HOSTEL, STUDENT PROTEST, POLICE CLASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360