SignIn
Kerala Kaumudi Online
Sunday, 27 September 2026 1.20 AM IST

മുഖംരക്ഷിക്കാൻ തിര. കമ്മിഷൻ എസ്.ഐ.ആറിൽ ഇളവ്, തിരുത്ത് നോട്ടീസ് ലഭിച്ചവർക്ക് നടപടികളിൽ ഇളവ് പേരില്ലാത്തവർക്ക് വീണ്ടും അപേക്ഷിക്കാം  ഇ.സി.ഐ നെറ്റിന് വിദഗ്‌ദ്ധസമിതി

READ ENGLISH VERSION
sir

ന്യൂഡൽഹി: എസ്.ഐ.ആർ വിവാദത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി രാജ്യവ്യാപക പ്രക്ഷോഭം ശക്തമാകവെ മുഖംരക്ഷിക്കാൻ ഇളവുകൾ അനുവദിച്ച് കമ്മിഷൻ.

ഗ്യാനേഷുമായി രണ്ടു കമ്മിഷണർമാർക്കുമുള്ള വിയോജിപ്പ് പരസ്യമായിരുന്നു. കാര്യങ്ങൾ കൈവിടുന്നെന്ന് ഉറപ്പായതോടെ, കമ്മിഷൻ അടിയന്തര യോഗം ചേർന്നാണ് തിരുത്തൽ പ്രഖ്യാപിച്ചത്. മൂന്നുപേരും പങ്കെടുത്തു. ഭിന്നതയില്ലെന്ന് വാർത്താക്കുറിപ്പുമിറക്കി.

നോട്ടീസ് ലഭിച്ചവർക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിച്ചു. എസ്.ഐ.ആറിലെ ഫോം 6ൽ വ്യക്തതവരുത്തി. ഇ.സി.ഐനെറ്റ് (ECINET) ആപ്പ് സുതാര്യമാക്കും. ഡൽഹിയിലും മഹാരാഷ്‌ട്രയിലും പരാതി പരിഹരിക്കാൻ കൂടുതൽ സമയം അനുവദിച്ചു. എസ്.ഐ.ആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പേരു വിട്ടുപോയവർക്ക് വീണ്ടും ഉൾപ്പെടുത്താൻ അപേക്ഷിക്കാം.

ഇ.സി.ഐ നെറ്റിന്റെ കാര്യക്ഷമത ഉറപ്പാക്കാൻ സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണറുടെ നേതൃത്വത്തിൽ ഐ.ഐ.ടി/ഐ.ഐ.ഐടി വിദഗ്ദ്ധൻ ഉൾപ്പെടുന്ന കമ്മിറ്റിയെ നിയമിക്കും. ഫീൽഡ് ഓഫീസർമാർക്ക് ഇ.സി.ഐ നെറ്റിൽ പ്രവേശിക്കാം. സംസ്ഥാന സി.ഇ.ഒമാരുടെ നിർദ്ദേശപ്രകാരം പോർട്ടലിൽ മാറ്റങ്ങൾ വരുത്തും. ഐ.ടി മൊഡ്യൂളുകൾ, പോർട്ടലുകൾ തുടങ്ങിയ ഓഫീസർമാരുടെ കമ്മിറ്റിയിൽ ചർച്ച ചെയ്‌തേ നടപ്പാക്കൂ.

വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം 6ൽ മാതാപിതാക്കളുടെ പേര് വഴി മുൻ എസ്.ഐ.ആർ ബന്ധം തെളിയിക്കണമെന്നത് സുപ്രീംകോടതി ശരിവച്ചിട്ടുണ്ടെന്ന് കമ്മിഷൻ വ്യക്തമാക്കി. എസ്.ഐ.ആർ ഇല്ലാത്തപ്പോൾ ചട്ടപ്രകാരമുള്ള ഫോമുകൾ തുടർന്നും ഉപയോഗിക്കും.

ഓഫീസിൽ പോകേണ്ട

ബി.എൽ.ഒ വീട്ടിലെത്തും

1 എസ്.ഐ.ആറിൽ നോട്ടീസ് ലഭിച്ചവർ ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസിലെത്തേണ്ട. ബി.എൽ.ഒമാർ വീട്ടിലെത്തി രേഖകൾ ശേഖരിച്ച് അപ്‌ലോഡ് ചെയ്യും. പ്രത്യേക കേസുകളിൽ ഓൺലൈൻ ഹിയറിംഗ്. സ്ഥലത്തില്ലാത്തവർക്ക് കുടുംബത്തിലെ മുതിർന്ന അംഗത്തെ അധികാരപ്പെടുത്താം. പരാതി പരിഹരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ ഹെൽപ്പ് ഡെസ്‌ക്കുകൾ. തൊഴിലാളികൾ, ദരിദ്രർ, ഭവനരഹിതർ എന്നിവർക്ക് പ്രത്യേക ക്യാമ്പുകൾ

2 ഗോവയിൽ ഒഴിവായ 97 വോട്ടർമാരെ ഉൾപ്പെടുത്തും. ഡൽഹിയിൽ എസ്.ഐ.ആർ പരാതികൾ ഒക്ടോബർ 30 വരെ സ്വീകരിക്കും. തീർപ്പാക്കൽ കാലയളവ് നവംബർ 30 വരെ. മഹാരാഷ്ട്രയിൽ പരാതികൾ ഒക്ടോബർ 12 വരെ. തീർപ്പാക്കൽ നവംബർ 10 വരെ.

കേന്ദ്രത്തിന് കത്തയച്ചു

പക്ഷേ, വിയോജിപ്പില്ല!

തങ്ങൾക്കി‌ടയിൽ ഭിന്നതയില്ലെന്ന് കമ്മിഷൻ പത്രക്കുറിപ്പിൽ പറയുന്നു. കമ്മിഷണർമാരായ ഡോ. സുഖ്ബിർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ക്യാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചെന്ന് സ്ഥിരീകരിച്ച കമ്മിഷൻ അത് വിയോജിപ്പല്ലെന്ന് വ്യക്തമാക്കി. കത്തിലുള്ളത് ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യമാണത്രെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360